നാട്യങ്ങളില്ലാതെ സൈജു കുറുപ്പ്!
Wednesday, August 28, 2024 8:47 AM IST
രണ്ടു പതിറ്റാണ്ടിനടുത്ത് നായകന്, വില്ലന്‍, മെയിന്‍ ലീഡ്, സപ്പോര്‍ട്ടിംഗ് ആക്ടര്‍ എന്നിങ്ങനെ വേറിട്ട വേഷപ്പകര്ച്ചകളില് തിളങ്ങുന്ന സൈജു കുറുപ്പ് നായകനും സഹനിര്‍മാതാവുമായ "ഭരതനാട്യം' റിലീസിനൊരുങ്ങി. പുതുമുഖം കൃഷ്ണദാസ് മുരളി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഭരതനാട്യം, ഫാമിലി കോമഡി ഫീല്‍ഗുഡ് എന്റര്‍ടെയ്നറാണ്. തോമസ് തിരുവല്ല ഫിലിംസും സൈജു കുറുപ്പ് എന്റര്ടെയ്ന്മെന്റ്സുമാണ് നിര്‍മാണം.
"എന്താണു ഭരതനാട്യം എന്നതു സസ്പെന്‍സാണ്. ചില കുടുംബങ്ങളില്‍ ദുരഭിമാനം കാത്തു സൂക്ഷിക്കുന്ന കുറേയാളുകളുണ്ട്. രഹസ്യം സൂക്ഷിക്കുന്ന ചിലരുണ്ട്. ഉച്ചത്തില്‍ സംസാരിക്കേണ്ട, അയലത്തുകാർ കേട്ടാല്‍ നാണക്കേടാവും എന്ന വിചാരമുള്ളവരുമുണ്ട്. അത്തരം കഥാപാത്രങ്ങളുടെ കഥയാണു ഭരതനാട്യം- സൈജു കുറുപ്പ് സണ്‍ഡേ ദീപികയോടു പറഞ്ഞു.
പ്രൊഡ്യൂസറായത്...
സംവിധാനം എനിക്കു വര്‍ക്ക് ഔട്ട് അല്ലെന്നറിയാം. പക്ഷേ, ഒരു പടമെങ്കിലും പ്രൊഡ്യൂസ് ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. കൃത്യമായ പ്രോജക്ടിനു വേണ്ടി കാത്തിരുന്നു. ഓസ്ലറിന്റെ ഷൂട്ടിംഗിനിടെ കൃഷ്ണദാസ് പറഞ്ഞ ഭരതനാട്യത്തിന്റെ കഥ എനിക്കിഷ്ടമായി. പിന്നീടു ദുബായില്‍ വച്ച് നിർമാതാവ് തോമസ് തിരുവല്ല സിനിമയ്ക്കു പറ്റിയ കഥയുണ്ടോ എന്നു ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞ രണ്ടു കഥകളില്‍ അദ്ദേഹത്തിന് ഇഷ്ടമായതും ഭരതനാട്യമാണ്.
ഇനിയൊരു എഡിറ്റിംഗിന് ഇടയില്ലാത്തവിധം ടൈറ്റ് സ്ക്രിപ്റ്റായിരുന്നു കൃഷ്ണദാസിന്റേത്. സിനിമയാക്കിയാല്‍ രണ്ടു മണിക്കൂര്‍ 10 മിനിറ്റ്. ബജറ്റിലൊതുങ്ങും. തോമസ് ചേട്ടനുമായി രണ്ടു സിനിമ ചെയ്തതിന്റെ അടുപ്പവുമുണ്ട്. കോ പ്രൊഡ്യൂസറാകാനുള്ള ആഗ്രഹം പങ്കുവച്ചു. അങ്ങനെ മാര്‍ച്ച് 10ന് ഷൂട്ടിംഗ് തുടങ്ങി.
ഭരതനാട്യം എന്ന ടൈറ്റില്‍...
ടൈറ്റില്‍ വളരെ കൃത്യമാണ്. കേരളത്തിനു പുറത്തുള്ളവര്‍ക്കും അറിയാവുന്ന ഒരു ക്ലാസിക്കല്‍ കലാരൂപമാണല്ലോ ഭരതനാട്യം.
എന്റെ അന്താക്ഷരിക്ക് ഒടിടിയില്‍ കിട്ടിയ സ്വീകാര്യതയില്‍ അതിന്റെ ടൈറ്റിലിനും പങ്കുണ്ട്. നോര്‍ത്ത് ഇന്ത്യന്‍സിനൊക്കെ അറിയാവുന്ന വാക്കാണത്. ഭരതനാട്യത്തിനും പിന്നീട് ഒടിടിയില്‍ മലയാളികൾ അല്ലാത്തവരിൽനിന്നും കാഴ്ചക്കാരെ കിട്ടുമെന്നാണു പ്രതീക്ഷ.
കഥാപാത്രങ്ങള്‍...
അമ്പലക്കമ്മിറ്റി ഭാരവാഹിയും വീട്ടിലെ മൂത്ത ആണ്‍മകനും നാട്ടുകാരുടെ എല്ലാ കാര്യങ്ങളിലും ഇടപെടുന്നയാളുമാണ് എന്റെ കഥാപാത്രം. സായികുമാർ ചേട്ടൻ അച്ഛൻ വേഷത്തിൽ. മയൂഖത്തില്‍ ഒപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും ഇതിലാണ് ഞങ്ങളുടെ കൂടുതല്‍ കോംബിനേഷന്‍.
അമ്മയായി കലാരഞ്ജിനി ചേച്ചി. ദിവ്യ എം. നായരും ശ്രുതി സുരേഷും എന്റെ പെയറല്ല. പക്ഷേ, ഈ കഥയുടെ ആംഗിളില്‍ കലാരഞ്ജിനിയും ശ്രീജ രവിയും ദിവ്യയും ശ്രുതിയുമൊക്കെ ഹീറോയിന്സാണ്. എല്ലാ ആക്ടേഴ്സിനും അവരവരുടേതായ ഒരിടമുണ്ട്.
കംഫര്‍ട്ടായ വേഷങ്ങളാണോ താത്പര്യം...
കഥ കേള്‍ക്കുമ്പോള്‍ എന്നെ അത് എന്റര്ടെയ്ന് ചെയ്യിച്ചോ എന്നതാണു നോക്കാറുള്ളത്. കഥ കേട്ടപ്പോള്‍ ഏറെ ഇഷ്ടപ്പെട്ടിട്ട് പിന്നീട് സിനിമയായപ്പോള്‍ ഇതല്ലല്ലോ അന്നു കേട്ട കഥ എന്ന രീതിയിലും സംഭവിക്കാറുണ്ട്. ഭരതനാട്യത്തിന്റെ കാര്യത്തില്‍ ഞാന്‍ കേട്ട കഥയേക്കാൾ മുകളിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്.
കഥയിലും കഥാപാത്രത്തിലും ആവര്‍ത്തനം വരാതിരിക്കാന്‍ പരമാവധി ശ്രമിക്കാറുണ്ട്. ജോണറില്‍ ആവര്‍ത്തനമുണ്ടാകും. ഫാമിലി, ഫീല്‍ഗുഡ്, കോമഡി പടങ്ങള്‍ക്കൊപ്പം ഗാര്ഡിയന്, അന്താക്ഷരി എന്നിങ്ങനെ ക്രൈം ത്രില്ലറുകളും ചെയ്തിട്ടുണ്ട്. ഗാര്‍ഡിയനില്‍ ആന്റി ഹീറോയാണ്. എന്റർടെയ്നിംഗ് സ്ക്രിപ്റ്റ് ആയതിനാൽ ആക്ഷനു പ്രാധാന്യമുള്ള ഒന്നു രണ്ടു പടങ്ങള്‍ ഇനി ചെയ്യുന്നുണ്ട്.
തയാറെടുപ്പുകള്‍...
മിക്കവാറും പടങ്ങളില്‍ തയാറെടുപ്പോ ഹോം വര്‍ക്കോ ചെയ്തിട്ടില്ല. സംവിധായകനെയും തിരക്കഥാകൃത്തിനെയുമാണ് ഞാന്‍ ഫോളോ ചെയ്യുന്നത്. സീന്‍ വിശദീകരിക്കുമ്പോഴും മറ്റും അവരുടെ ഡയലോഗ് ഡെലിവറി, മാനറിസം...അതു പിടിച്ചെടുത്ത് അപ്പോള്‍ വരുന്നതുപോലെ ചെയ്യാന്‍ ശ്രമിക്കും. മാത്രമല്ല, കഴിഞ്ഞ സീനില്‍ എന്തു പ്രശ്നത്തിലാണ് കഥാപാത്രം നില്‍ക്കുന്നത്, ആ പ്രശ്നത്തിന്റെ ചെറിയ ഒരു ഇമോഷന് ഈ സീനിലേക്കും കൊണ്ടുവരണം...അത്തരം കാര്യങ്ങളെല്ലാം കൃത്യമായി അറിയാവുന്നതുമാണല്ലോ.
അഭിനയത്തില്‍ ചലഞ്ച്...
എപ്പോഴും ചലഞ്ച് കോമഡി തന്നെയാണ്. ഡാന്‍സും ഫൈറ്റും വളരെ സിംപിളായി അഭിനയിക്കുക എന്നതും ചലഞ്ചാണ്.
പുതിയ സിനിമകള്‍...
നുണക്കുഴി റിലീസായി. അതില്‍ എല്ലാ കഥാപാത്രങ്ങളും ഓരോ സിറ്റ്വേഷനുകളില്‍ ചെന്നുപെടുകയും അവിടുന്നൊക്കെ ഹ്യൂമര്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. അതില്‍ ഞാന്‍ ജയദേവന് എന്ന ദന്തഡോക്ടറാണ്.
അഭിലാഷം, പൊറാട്ട് നാടകം, റിട്ടണ്‍ ആന്‍ഡ് ഡയറക്ടഡ് ബൈ ഗോഡ്, ആനന്ദ് ശ്രീബാല, ബാഡ് ബോയ്സ് എന്നീ പടങ്ങളാണു വരാനുള്ളത്. ഇപ്പോള്‍ ദാവീദ് എന്ന പടമാണു ചെയ്യുന്നത്. ഇന്ദ്രജിത്തിനൊപ്പം കാലന്റെ തങ്കക്കുടം എന്ന ഫാന്റസി പടം ചെയ്യുന്നുണ്ട്.
ഇനി ഏതുതരം വേഷങ്ങള്‍...
അഞ്ചു വര്‍ഷം മുമ്പുവരെയും പല നടന്മാരും ചെയ്ത കഥാപാത്രങ്ങള്‍ പോലുള്ളതു ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, ഇപ്പോള്‍ അതില്ല.
ഞാന്‍ ചെയ്യാത്ത രീതിയിലുള്ള, എനിക്കു കുറച്ചു വ്യത്യസ്തമായി ചെയ്യാന്‍ പറ്റുന്ന ഏതെങ്കിലും കഥാപാത്രം കിട്ടുകയാണെങ്കില്‍ ചെയ്യാമെന്നു മാത്രം. അല്ലാതെ ഇങ്ങനത്തെ ഒരു കഥാപാത്രം ചെയ്യണം എന്ന ടാര്ഗറ്റൊന്നുമില്ല.
പാന്‍ ഇന്ത്യന്‍ പടങ്ങള്‍....
പാന്‍ ഇന്ത്യന്‍ പടങ്ങളുടെ ഭാഗമാകാന്‍ താത്പര്യക്കുറവൊന്നുമില്ല. എന്നാല്‍, അതില്‍ എങ്ങനെയെങ്കിലും ഭാഗമാകണം എന്നുമില്ല. തെലുങ്കില്‍നിന്ന് ഒന്നു രണ്ട് ഓഫറുകള്‍ വന്നതാണ്. അവര്‍ക്ക് ആറു മാസത്തെ ഡേറ്റ് വേണമായിരുന്നു. ടൈം മാനേജ് ചെയ്യാന്‍ പറ്റാത്തതുകൊണ്ടു ചെയ്തില്ല.
വെബ്സീരീസില്‍...
സോണി ലിവിന്റെ ആദ്യ മലയാളം വെബ്സീരീസ് ജയ് മഹേന്ദ്രന് ഒക്ടോബര്‍ റിലീസാണ്. താലൂക്ക് ഓഫീസ് പശ്ചാത്തലമായ കഥയാണ്. അതില്‍ എനിക്കു ഡെപ്യൂട്ടി തഹസീല്‍ദാരുടെ വേഷമാണ്.
ടി.ജി. ബൈജുനാഥ്