രണ്ടാംവരവില്‍ രജിത്
Tuesday, August 13, 2024 9:59 AM IST
കറുത്തപക്ഷികളുടെ ഷൂട്ടിംഗ് കാണാനെത്തിയ ബിടെക് പയ്യന് രജിത്, കമലിന്റെ അടുത്ത പടം ഗോളിലെ നായകനായതു 18 വര്‍ഷം മുമ്പാണ്. തുടര്‍ന്ന് വെളളത്തൂവല്‍, ജനകന്, സെവന്‍സ്, ഡോക്ടര്‍ ലവ്, ചാപ്റ്റേഴ്സ്, റോസ് ഗിറ്റാറിനാല്‍, അപ് ആന്‍ഡ് ഡൗണ്‍, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് തുടങ്ങിയ സിനിമകളിലെ നിര്‍ണായക വേഷങ്ങളില്‍ സ്ക്രീനിടം സ്വന്തമാക്കി.
പുതുമുഖം ശ്രീജിത് ഇടവന തിരക്കഥയെഴുതി സംവിധാനം ചെയ്ത സര്‍വൈവല്‍ ഡ്രാമ സിക്കാഡയിലൂടെ ഒരിടവേളയ്ക്കുശേഷം രജിത് മലയാളത്തില്‍. രജിത് മേനോന് സണ്‍ഡേ ദീപികയോടു സംസാരിക്കുന്നു.
തുടക്കകാലം...
എന്‍ജിനിയറിംഗ് ആദ്യ വര്‍ഷമാണ് സിനിമയിലെത്തിയത്. ഐ.വി. ശശി സാറിന്റെ അവസാനചിത്രം വെള്ളത്തൂവലില്‍ നായകനായത് കോളജിലെ അവധിക്കിടെയാണ്. ജനകനില്‍ ലാലേട്ടന്റെയും സുരേഷേട്ടന്റെയുമൊപ്പവും ക്ലീറ്റസില്‍ മമ്മൂക്കയ്ക്കൊപ്പവും സെവന്‍സ്, ഡോക്ടര്ലവ് എന്നിവയില്‍ ചാക്കോച്ചനൊപ്പവും സ്ക്രീനില്‍. പടങ്ങള്‍ അധികം ഹിറ്റായില്ലെങ്കിലും കമല്‍, രാജസേനന്, ജോഷി, ടി.കെ.രാജീവ്കുമാര്‍, രഞ്ജന്‍ പ്രമോദ് തുടങ്ങിയ പ്രതിഭകള്‍ക്കൊപ്പമുള്ള വിലപ്പെട്ട അനുഭവങ്ങള്‍. ഓരോ സിനിമായാത്രയും അവിസ്മരണീയം.
ക്ലീറ്റസിനു ശേഷം...
ഒന്നു രണ്ടു വര്‍ഷത്തെ ഗ്യാപ്പെടുക്കണമെന്നു വിചാരിച്ചിരുന്നു. പക്ഷേ, അതു നീണ്ടു പത്തു വര്‍ഷത്തോളമായി. ഓഫറുകളുണ്ടായിരുന്നെങ്കിലും വേറിട്ട ഒരു സിനിമയിലൂടെ തിരിച്ചുവരവിനു കാത്തിരുന്നു. അക്കാലത്തു വിക്രമന് സാറിന്റെ നിനൈയ്ത്തതു യാരോ ഉള്‍പ്പെടെ തമിഴില്‍ നാലും തെലുങ്കില്‍ രണ്ടും സിനിമകള്‍ ചെയ്തു.
സംവിധാനം പണ്ടേയുള്ള മോഹമാണ്. 2014 കാലത്ത് അജു വര്‍ഗീസിനെ ഉള്‍പ്പെടുത്തി ലവ് പോളിസി, സെറീന വഹാബ് മുഖ്യ വേഷത്തിലെത്തിയ വിത്ത് ലവ് മാ എന്നീ മ്യൂസിക് വീഡിയോസ് സംവിധാനം ചെയ്തു. ഒപ്പം, പത്തിനടുത്തു പരസ്യചിത്രങ്ങളും തമിഴില്‍ മൈ ഡെത്ത് സര്‍ട്ടിഫിക്കറ്റ് എന്ന ഷോര്‍ട്ട് ഫിലിമും.
സിക്കാഡയിലൂടെ വീണ്ടും...
ശ്രീജിത്ത് ഇടവനയാണ് ലവ് പോളിസിയുടെ മ്യൂസിക് ചെയ്തത്. അന്നുതൊട്ടെ സൗഹൃദമുണ്ട്. ശ്രീജിത്ത് സംവിധായകനായപ്പോള്‍ സിക്കാഡയിലേക്ക് എന്നെ വിളിച്ചു. സിക്കാഡ എന്നാല്‍ ചീവീട്. ചീവീടിന്റെ ശബ്ദം ചിലപ്പോള്‍ ശല്യമായി മാറാം. കാട്ടിലൂടെ പോകുമ്പോള്‍ അതില്ലെങ്കില്‍ ഏകാന്തത തോന്നാം. ചിലപ്പോള്‍ മോശമെന്നും ചിലപ്പോള്‍ നല്ലതെന്നും പറയാവുന്ന ശബ്ദം. അത്തരത്തിലുള്ള വിശേഷണങ്ങളാണ് ഇതില്‍ എന്റെ കഥാപാത്രം ജോയ്ക്ക് ഇണങ്ങുക. ഒപ്പം, ചീവീട് ഇതില്‍ കഥാപാത്രവുമാണ്. ഒരു കാടിനുള്ളില്‍ എത്തിപ്പെടുമ്പോഴുള്ള സംഭവങ്ങളാണു സിനിമ. കാടും അതിലെ ജീവജാലങ്ങളുമെല്ലാം കഥാപാത്രങ്ങളും.
സിക്കാഡ പറയുന്നത്...
ജോയുടെ ജീവിതവുമായി ബന്ധപ്പെട്ടു കാടിനുള്ളിലെ ഒരു ദിവസത്തെ യാത്രയാണു സിനിമ. ജോ ചെയ്തുകൊണ്ടിരിരുന്ന കാര്യങ്ങള്‍ക്കു പ്രകൃതിയിലൂടെ അയാള്‍ക്കുള്ള മറുപടി. നോണ്‍ ലീനിയര്‍ കഥപറച്ചില്‍. കാട് ഷൂട്ട് ചെയ്തത് അട്ടപ്പാടിയിലാണ്.
പെട്ടെന്നു മഴ, ചിലപ്പോള്‍ വെയില്...കാലാവസ്ഥ പ്രവചനാതീതം. ഷൂട്ടിംഗ് 65 ദിവസം വരെ നീണ്ടുപോയി. വാഗമണ്‍, ബംഗളൂരു, കൊച്ചി എന്നിവിടങ്ങളിലും ചിത്രീകരണം. ആര്‍ക്കും എവിടെയും സംഭവിക്കാവുന്ന കഥ. തമിഴ്, കന്നട, തെലുങ്ക് റിലീസും പ്ലാനുണ്ട്. തമിഴിലും മലയാളത്തിലും ഞാനാണു ഡബ്ബ് ചെയ്തത്. ജെയ്സ് ജോസ് മുഖ്യവേഷത്തില്‍. നായിക ഗായത്രി മയൂര.
ചലഞ്ചിംഗ് ആയിരുന്നോ ജോ...
ഞാനിതുവരെ സിനിമയില്‍ ചെയ്തിട്ടില്ലാത്ത പല കാര്യങ്ങളും ഈ കഥാപാത്രം ചെയ്യുന്നുണ്ട്. മാനസിക വിലക്കുകളെല്ലാം മാറ്റിവച്ചാണ് കഥാപാത്രമായത്. നായകവേഷമാണെങ്കിലും ഈ കഥാപാത്രത്തിന് ഏറെ നെഗറ്റീവ്സ് ഉണ്ട്. സ്ത്രീകളോടുള്ള അക്രമങ്ങളും ഡ്രഗ്സിന്റെ ഉപയോഗവുമൊക്കെ ഏറിയ ഒരു സമൂഹം ചുറ്റുമുള്ളപ്പോള്‍ ജോയെപ്പോലെ ആവരുതെന്നാണു സിനിമ പറയുന്നത്.
സിനിമയിലെ മാറ്റങ്ങള്‍...
സോഷ്യല്‍ മീഡിയ സ്വാധീനം കൂടി. അതിനു പ്രധാന്യമേറി. ഞാന്‍ പുതുമുഖമായി വന്ന കാലത്തെ കാമറാഭയമൊന്നും ഇന്നത്തെ പുതുമുഖങ്ങള്ക്കില്ല. പോസിറ്റീവായ മാറ്റങ്ങളാണ്. ഇന്നായതുകൊണ്ടാണ് ഇങ്ങനെയൊരു പരീക്ഷണ സിനിമയെക്കുറിച്ചു ചിന്തിക്കാനാകുന്നത്. രണ്ടു മണിക്കൂര്‍ പടത്തില്‍ 45 മിനിറ്റ് മാത്രമാണ് സംഭാഷണം. ബാക്കി ഏറെയും ആംബിയന്‍സ് സൗണ്ടും ബാക്ക്ഗ്രൗണ്ട് സ്കോറുമൊക്കെയാണ്.
പുതിയ സിനിമകള്‍...
തമിഴ് സിനിമയുടെ ഷൂട്ടിംഗ് തുടരുന്നു. സുരേഷ്ഗോപി ചിത്രം ജെഎസ്കെയില് സ്പെഷല്‍ അപ്പിയറന്‍സ് ചെയ്തു. അധികം വൈകാതെ സംവിധാനത്തിലേക്ക് എത്താമെന്നു പ്രതീക്ഷിക്കുന്നു.
ടി.ജി. ബൈജുനാഥ്