3ഡി ത്രില്ലിൽ മെറീന
Thursday, August 8, 2024 11:19 AM IST
മോഡലിംഗിൽനിന്നു വെള്ളിത്തിരയിലെത്തിയത കോഴിക്കോട്ടുകാരിയാണ് മെറീന മൈക്കിള്‍ കുരിശിങ്കൽ. 2014ല്‍ പുറത്തിറങ്ങിയ ദുല്‍ഖര്‍ സൽമാൻ നായകനായ "സംസാരം ആരോഗ്യത്തിന് ഹാനികരം' ആയിരുന്നു ആദ്യസിനിമ. ഈ ചിത്രത്തിന്റെ തമിഴ് റീമേക്കായ "വായ്മൂടി പേശു'വിലും മെറീന അഭിനയിച്ചു.
വിനീത് ശ്രീനിവാസന് നായകനായി 2017ല്‍ പുറത്തിറങ്ങിയ "എബി' എന്ന ചിത്രത്തിലൂടെ മെറീന ആദ്യമായി നായികയായി. "എബി'യിലെ അനുമോള്‍ സേവ്യര്‍ എന്ന കഥാപാത്രം കൈയടി നേടി. ചുരുങ്ങിയ കാലംകൊണ്ട് അമര്‍ അക്ബര്‍ അന്തോണി, മുംബൈ ടാക്സി, ഹാപ്പി വെഡിംഗ്, ഇര, രണ്ട്, പത്മ, കുറുക്കന്, ചെരാതുകള്‍, വിവേകാനന്ദന് വൈറലാണ് തുടങ്ങി മുപ്പതിലധികം ചിത്രങ്ങളില്‍ അഭിനയിച്ചു.
ധ്യാന്‍ ശ്രീനിവാസന്റെ നായികയായി ഒരു ത്രീഡി ചിത്രം പൂര്‍ത്തിയാക്കിയിരിക്കുകയാണ് മെറീന മൈക്കിള്‍. മഹേഷ് കേശവ് സംവിധാനം ചെയ്യുന്ന 11.11 എന്ന ചിത്രത്തിലൂടെ ഒരു ത്രീഡി സിനിമയില്‍ നായികയാകാനുള്ള അപൂര്‍വഭാഗ്യമാണ് മെറീനയെ തേടിയെത്തിയത്. മെറീന സണ്‍ഡേ ദീപികയോട്...
ത്രീഡി സിനിമ
എന്നെ സംബന്ധിച്ചിടത്തോളം ഈ സിനിമ സ്പെഷൽ ആണ്. ത്രീഡി സിനിമകള്‍ കണ്ടിട്ടുള്ളതല്ലാതെ അഭിനയിക്കുന്നത് ആദ്യം. നഴ്സ് ആണ് എന്റെ കഥാപാത്രം. നെഗറ്റീവ് ഷെയ്ഡുള്ളതും അതേസമയം നായക കഥാപാത്രത്തെ സപ്പോര്‍ട്ട് ചെയ്യുന്നതുമായ ശക്തമായ വേഷം.
ധ്യാന്‍ ശ്രീനിവാസനൊപ്പം
ധ്യാന്ചേട്ടനെ അദ്ദേഹത്തിന്റെ കല്യാണത്തിനു മാത്രമാണ് കണ്ടിട്ടുള്ളത്. അല്ലാതെ പരിചയമില്ല. അദ്ദേഹത്തോടൊപ്പമുള്ള അഭിനയം രസകരമായിരുന്നു. ആൾ വളരെ സിമ്പിളാണ്.
സിനിമയിലേക്കുള്ള വരവ്
സിനിമയിലെത്തിയിട്ട് എട്ടു വര്‍ഷമായി. മോഡലിംഗിലായിരുന്നു തുടക്കം. ആ സമയത്തു ചുരുണ്ട മുടിയുള്ള മോഡലുകള്‍ കുറവായതുകൊണ്ട് കൂടുതല്‍ അവസരങ്ങള്‍ കിട്ടി. ദുല്‍ഖറും നസ്രിയയും പ്രധാന വേഷത്തിലെത്തിയ "സംസാരം ആരോഗ്യത്തിനു ഹാനികരം' എന്ന സിനിമയില്‍ ചെറിയൊരു വേഷമാണ് ചെയ്തത്.
എന്റെ സുഹൃത്തായ അസോസിയേറ്റ് ഡയറക്ടര്‍ മഹേഷ് വഴിയാണ് അവസരം ലഭിച്ചത്. പിന്നീടു തുടര്‍ച്ചയായി പടങ്ങള്‍ കിട്ടി. സിനിമയുടെ തിരക്കുകൾക്കിടയിലും മോഡലിംഗ് ചെയ്യുന്നുണ്ട്.
സൈബര്‍ ആക്രമണം
"വിവേകാനന്ദന് വൈറലാണ്' എന്ന സിനിമയുടെ പ്രചാരണ പരിപാടിയെത്തുടര്‍ന്നുണ്ടായ സൈബര്‍ ആക്രമണങ്ങള്‍ എനിക്കു ശരിക്കും പോസിറ്റീവായാണ് തോന്നിയത്. ആദ്യ ദിവസം കുറച്ചു നെഗറ്റീവ് കമന്റുകള്‍ ലഭിച്ചെങ്കിലും ഞാന്‍ എന്താണോ പറയാന്‍ ഉദ്ദേശിച്ചതെന്ന് ആള്‍ക്കാര്‍ക്കു ബോധ്യമായി. സിനിമാ സെറ്റുകളില്‍ അഭിനേത്രികള്‍ നേരിടുന്നതും എനിക്കു നേരിട്ടതുമായ അനുഭവം മാത്രമാണ് ഞാന്‍ തുറന്നുപറഞ്ഞത്.
വീട്ടിലെ സപ്പോര്‍ട്ട്
ഞാന്‍ ഏകമകളാണ്. സാധാരണ ഓര്‍ത്തഡോക്സ് കുടുംബങ്ങളിലുള്ളതും ഗ്രാമങ്ങളിലൊക്കെ താമസിക്കുന്നതുമായ പെണ്‍കുട്ടികള്‍ക്കു മോഡലിംഗിലോ സിനിമയിലോ ഇറങ്ങാൻ വീടുകളിൽനിന്നു വലിയ പിന്തുണ കിട്ടാറില്ല. എന്റെ അനുഭവം മറിച്ചാണ്. മാതാപിതാക്കൾ എന്ന ഒരുപോലെ പിന്തുണച്ചു.
പുതിയ സിനിമകൾ
സനീഷ് ഉണ്ണികൃഷ്ണന് സംവിധാനം ചെയ്ത "ഹാപ്പി ന്യൂ ഇയര്‍' എന്ന സിനിമ ചെയ്തു. നാലു സ്ത്രീ കഥാപാത്രങ്ങളാണ് സിനിമയിലുള്ളത്. എനിക്കു പുറമേ മാളവിക മേനോന്, ഗൗരി നന്ദ, ലക്ഷ്മി എന്നിവരുമുണ്ട്. കൂടാതെ വരുണ്‍ സംവിധാനം ചെയ്ത ഇന്ദ്രജിത്തേട്ടന് നായകനായ ഒരു സിനിമ ചെയ്തു. "ഞാന്‍ കണ്ടതാ സാറേ' എന്നാണ് സിനിമയുടെ പേര്. പിന്നെ വിഷ്ണു ഉണ്ണികൃഷ്ണന് നായകനായ കുട്ടികള്‍ക്കുവേണ്ടിയുള്ള "റിവോള്‍വര്‍ റിങ്കു' എന്നൊരു സിനിമ ചെയ്തു.
കുടുംബം
പപ്പയും (മൈക്കിൾ) അമ്മയും (ജെസി) പപ്പയുടെ രണ്ടു സഹോദരിമാരും (എന്‍സി, ത്രേസി) അടങ്ങിയ ചെറിയ കുടുംബമാണ് ഞങ്ങളുടേത്. കോഴിക്കോട്ടാണ് താമസം.
പ്രദീപ് ഗോപി