മോക്ഷമാർഗം
Sunday, July 28, 2024 2:39 PM IST
ഈസ്റ്റ് കോസ്റ്റ് വിജയന്റെ ‘കള്ളനും ഭഗവതിയും' സിനിമയിലാണ് ബംഗാളി അഭിനേത്രിയും നര്‍ത്തകിയുമായ മോക്ഷയുടെ മലയാളത്തുടക്കം. അദ്ദേഹത്തിന്റെ ഹൊറര്‍ ഇന്‍വെസ്റ്റിഗേറ്റീവ് ഫാമിലി ത്രില്ലര്‍ "ചിത്തിനി'യിലൂടെ മലയാളത്തില്‍ മോക്ഷയുടെ രണ്ടാംവരവ്. അമിത്ത് ചക്കാലയ്ക്കലാണു നായകന്. വിനയ് ഫോര്‍ട്ടും പ്രധാന വേഷത്തില്‍.
സസ്പെൻസ് വാരിവിതറി ആദ്യ ചിത്രത്തിൽ ഭഗവതിയുടെ റോളിലെത്തിയ മോക്ഷയ്ക്കു ചിത്തിനിയിൽ ആക്ഷൻ പശ്ചാത്തലമുള്ള വേഷം. “ആരാണ് ചിത്തിനി, ചിത്തിനിയും ഞാനും തമ്മിലുള്ള ബന്ധം....അതൊക്കെ വലിയ സസ്പെന്‍സാണ്’’ -മോക്ഷ സണ്‍ഡേ ദീപികയോടു പറഞ്ഞു.
സിനിമയിലെത്തുക സ്വപ്നമായിരുന്നോ?
നടിയാകും മുമ്പ് ഞാന്‍ ടീച്ചറായിരുന്നു, ബാരക്പുറിലെ സെന്റ് അഗസ്റ്റിന്‍സ് ഡേ സ്കൂളില്‍. അതിനും മുന്നേ ക്ലാസിക്കല്‍ ഡാന്‍സറായി. കുട്ടിക്കാലത്തുതന്നെ രക്ഷിതാക്കള്‍ എന്നെ ക്ലാസിക്കല്‍ നൃത്ത പരിശീലനത്തിന് അയച്ചു. അതിലൂടെ സ്വായത്തമായ നവരസങ്ങളും മറ്റും കാമറ, സ്റ്റേജ് ഭയം മറികടക്കുന്നതിനു സഹായകമായി. അക്കാലത്തുതന്നെ നൃത്തപരിപാടികളിലും നാടകങ്ങളിലും സ്റ്റേജ് ഷോകളിലും പങ്കെടുത്തിരുന്നു. ഡാന്‍സ് സ്കൂള്‍, നാടകം, എന്‍ജിഒ എന്നിവയുമായി ബന്ധപ്പെട്ട വലിയ സ്വപ്നങ്ങള്‍ സഫലമാക്കുന്നതിനു സിനിമാനടി ആകുന്നതു കൂടുതല്‍ സഹായകമാകുമെന്നു തോന്നി.
2019ല്‍ ബംഗാളി ഫിലിം ഇന്‍ഡസ്ട്രിയിൽ ആദ്യ ചുവട്. 2022ല്‍ സൗത്ത് ഇന്ത്യന്‍ സിനിമയിലെത്തി. ആദ്യം തമിഴില്‍. പിന്നീടു തെലുങ്കിലും മലയാളത്തിലും. ക്ലാസിക്കല്‍ നൃത്ത പശ്ചാത്തലമുള്ളതിനാല്‍ എനിക്ക് എന്നെ ഏതു കലാരൂപത്തിനും അനുഗുണമായി രൂപപ്പെടുത്താനാകുമെന്ന് ഇന്നു ഞാന്‍ തിരിച്ചറിയുന്നു, പ്രത്യേകിച്ചും കൊമേഴ്സ്യല്‍ ചിത്രങ്ങളില്‍ വര്‍ക്ക് ചെയ്യുമ്പോള്‍. വ്യത്യസ്ത ഭാഷകളില്‍ വേറിട്ട വേഷങ്ങള്‍ ചെയ്യാനും അതു തുണയായി.
വീണ്ടും മലയാളത്തില്‍...
ഈസ്റ്റ്കോസ്റ്റ് വിജയന് നിര്‍മാണവും സംവിധാനവും നിര്‍വഹിച്ച കള്ളനും ഭഗവതിയും പൂര്‍ണമായും ഡിവൈന്‍ ചിത്രമാണ്. ‘ചിത്തിനി’യിൽ പാരാനോര്‍മല്‍ സ്വഭാവമുള്ള കഥാപശ്ചാത്തലം. ത്രില്ലറിന്റെ എല്ലാ ചേരുവകളുമുള്ള മള്‍ട്ടി കാസ്റ്റിംഗ് ചിത്രം. ഈസ്റ്റ് കോസ്റ്റ് വിജയന് ടച്ചുള്ള ഹൊറര്‍ ഫിലിം. റൊമാന്‍സ് ഉള്‍പ്പെടെയുള്ള കൊമേഴ്സ്യല്‍ ഫാമിലി ചിത്രം.
കഥാപാത്രത്തെക്കുറിച്ച്...
കള്ളനും ഭഗവതിയും സിനിമയില്‍നിന്നു പൂര്‍ണമായും വ്യത്യസ്തമായ വേഷമാണു ചിത്തിനിയില്‍. ഇതില്‍ ബോള്‍ഡ് കഥാപാത്രം. ഇതിലെ ഒരു ആക്ഷന്‍ സീനിന്റെ പൂര്‍ണതയ്ക്കു വേണ്ടി ഞാന്‍ കളരിപ്പയറ്റിന്റെ അടിസ്ഥാനപാഠങ്ങൾ പഠിച്ചു. ഷൂട്ടിംഗിന് ഒരു മാസം മുമ്പ് കളരിപരിശീലനം തുടങ്ങി. ശൈല നന്ദിനി പാട്ട് സീനില്‍ ക്ലാസിക്കല്‍ ഡാന്‍സിനൊപ്പം കളരിപ്പയറ്റിന്റെ ചുവടുകളുമുണ്ട്.
കലാമണ്ഡലത്തിൽ...
ശൈലനന്ദിനി പാട്ട് സീക്വൻസ് കലാമണ്ഡലത്തിലാണു ഷൂട്ട് ചെയ്തത്. ശുദ്ധമായ ക്ലാസിക്കല്‍ നൃത്തത്തിനു മാത്രമുള്ള ഒരിടമായി കണ്ട് വര്‍ഷങ്ങളായി കലാമണ്ഡലത്തില്‍ ഷൂട്ടിംഗ് അനുവദിച്ചിരുന്നില്ല. ആ ഇടത്തിന്റെ പവിത്രതയും ധന്യതയും മാനിച്ചു തന്നെയായിരുന്നു ഇതിന്റെ ഷൂട്ടിംഗ്. തുടര്‍ച്ചയായ മൂന്നു രാത്രികള്‍ അവിടെ ക്ലാസിക്കൽ നൃത്തചിത്രീകരണം. രഞ്ജിന്‍രാജ് സംഗീതമൊരുക്കിയ ഗാനം. കലാമാസ്റ്ററുടെ കൊറിയോഗ്രഫി. 15 നര്‍ത്തകിമാര്‍ ആ നൃത്തരംഗത്തില്‍ പങ്കെടുത്തു.
ഈസ്റ്റ് കോസ്റ്റ് വിജയന്...
വ്യക്തി, സംവിധായകന്, ക്രിയേറ്റീവ് പേഴ്സണ്‍ എന്നിങ്ങനെ എല്ലാ രീതിയിലും വിജയൻ സാര്‍ ഡിസിപ്ലിന്‍ഡാണ്. ഇപ്പോള്‍ എനിക്കു മലയാളം കുറച്ചൊക്കെ അറിയാം. അതിന്റെ ക്രെഡിറ്റ് അദ്ദേഹത്തിനാണ്. ഓരോ ഡയലോഗും കൃത്യമായ ഉച്ചാരണത്തില്‍, മോഡുലേഷനില്‍ പറയാന്‍ അദ്ദേഹത്തിന്റെ പരിശീലനം സഹായകമായി. തുടക്കത്തില്‍ എന്റെ കാരക്ടര്‍ ഡിസൈന്‍ വളരെ സിംപിളായിരുന്നു. കളരി, ക്ലാസിക്കല്‍ ഡാന്‍സ് തുടങ്ങിയ ഇന്‍പുട്സ് ചേര്‍ത്ത് അദ്ദേഹം അതിനെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തി.
അമിത് ചക്കാലയ്ക്കല്‍...
വ്യക്തി എന്ന നിലയിലും നടനെന്ന നിലയിലും അദ്ദേഹം എന്നെ അതിശയിപ്പിച്ചു. അദ്ദേഹത്തിനൊപ്പം അഭിനയിക്കുകയാണെന്ന ഫീല്‍ ഒരിക്കലും തോന്നിയിരുന്നില്ല. അതു സ്വാഭാവികമായി സംഭവിച്ചുകൊണ്ടിരുന്നു. ഭാഷ പരിമിതിയായതിനാല്‍, കൂടെ അഭിനയിക്കുന്നവരുടെ പിന്തുണയില്ലാതെ എനിക്കൊന്നും ചെയ്യാനാവില്ല. അമിത് ചേട്ടന്റെ പിന്തുണ വിസ്മയകരമായിരുന്നു. ഇനിയും ഒപ്പം അഭിനയിക്കാന്‍ ഇഷ്ടമാണ്.
വിനയ് ഫോര്‍ട്ട്...
വിനയ് ഫോര്‍ട്ട് സാറിനൊപ്പം ഏറെ സീനുകളില്ലായിരുന്നു. അദ്ദേഹം ഏറെ പ്രഫഷണലാണ്. വളരെ കൂളാണ്, കാഷ്വലാണ്. അദ്ദേഹത്തിന്റെ ആട്ടം എന്ന ചിത്രത്തിന്റെ വിജയമൊക്കെ ആഘോഷിച്ചിരുന്നു. മികച്ച പെര്‍ഫോര്‍മറും സീനിയര്‍ ആക്ടറുമാണെങ്കിലും ഇതിലെ ഗ്രൂപ്പ് സീനുകളില്‍ അദ്ദേഹത്തിന്റെ പിന്തുണയും സഹകരണവും എന്നെ അദ്ഭുതപ്പെടുത്തി.
കരിയറിലെ വെല്ലുവിളി...
ചിത്തിനി മൊത്തത്തില്‍ ചലഞ്ചിംഗ് ആയിരുന്നു. മലയാളം സംസാരിക്കാനറിയാത്ത ഞാന്‍ വീട്ടിലെ എന്റെ കംഫര്‍ട്ട് സ്പേസില്‍നിന്നും ഇഷ്ട ഭക്ഷണങ്ങളില്‍നിന്നും മാറി നാലു മാസം മറ്റൊരിടത്തു ഷൂട്ടിംഗിനായി തങ്ങുക എന്നതു വെല്ലുവിളിയായിരുന്നു. ഒരേ സമയംതന്നെ വിവിധ ഭാഷകളിലെ സിനിമകള്‍ ചെയ്യുക എന്നതും വെല്ലുവിളിയാണ്. പക്ഷേ, ഓരോ സിനിമയും ചെയ്തു കഴിയുമ്പോള്‍ ഭാഷ ഒരു തടസമല്ലെന്നാണു തോന്നാറുള്ളത്.
മലയാളം ഇന്‍ഡസ്ട്രിയെക്കുറിച്ച്...
2024 മലയാള സിനിമയുടെ വര്‍ഷമാണ്. വിജയിച്ച സിനിമകളിലേറെയും മലയാളം ഇന്‍ഡസ്ട്രിയില്‍ നിന്നാണ്. കണ്ടന്റിനു പ്രാധാന്യമുള്ള, റിയലിസ്റ്റിക്കായ സിനിമകള്‍. ഏതൊരു പെര്‍ഫോര്‍മറും മലയാളത്തിലെത്താന്‍ മോഹിച്ചുപോകും. ബോളിവുഡ് താരങ്ങളും സംവിധായകരുമുള്‍പ്പെടെ മലയാളത്തില്‍ വര്‍ക്ക് ചെയ്യാന്‍ താത്പര്യപ്പെടുന്നു.
പുതിയ സിനിമകൾ...
പെര്‍ഫോമന്‍സ് സാധ്യതയുള്ള വേഷങ്ങളും സിനിമകളുമാണു താത്പര്യം. 15 മിനിറ്റ് മാത്രമുള്ള വേഷമാണെങ്കിലും പ്രേക്ഷകരിലേക്കു കടന്നുചെല്ലാന്‍ പൊട്ടെന്ഷ്യലുണ്ടെങ്കില് ചെയ്യും. സ്ത്രീ ശക്തീകരണം പ്രമേയമായ പൊളിറ്റിക്കല്‍ ഡ്രാമ സറ്റയറാണ് ഇനി മലയാളത്തില്‍ ചെയ്യുന്നത്. അലനാട്ടി രാമചന്ദ്രുഡു എന്ന തെലുങ്കുചിത്രം ഓഗസ്റ്റ് റിലീസാണ്. സമുദ്രക്കനി സാറാണ് പ്രധാന വേഷത്തില്‍. തമിഴ്-തെലുങ്ക് ചിത്രം രാമം രാഘവം റിലീസിനൊരുങ്ങുന്നു. മലയാളത്തില്‍ വിസ്മയകരമായ കഥാപാത്രങ്ങള്‍ പ്രതീക്ഷിക്കുന്നു.