മണിച്ചിത്രത്താഴ് വീണ്ടും തുറക്കുന്നു
Monday, July 22, 2024 11:36 AM IST
മണിച്ചിത്രത്താഴ്...മലയാളത്തില്‍ ആമുഖം ആവശ്യമില്ലാത്ത സിനിമ. ഒരേസമയം ഭ്രമിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്ത മണിച്ചിത്രത്താഴ് ഒരിക്കൽകൂടി എത്തുന്നു, പുതിയ വേഷത്തിൽ. ഫോര്‍കെ അറ്റ്മോസില് ഓഗസ്റ്റ് 17( ചിങ്ങം ഒന്നിന്)ന് സിനിമ റീ റിലീസ് ചെയ്യാനുള്ള ഒരുക്കത്തിലാണ് അണിയറക്കാർ.
ഡോ. സണ്ണിയും നകുലനും നാഗവല്ലിയും എല്ലാം ഒരിക്കല്‍കൂടി ബിഗ് സ്ക്രീനിൽ നിറഞ്ഞാടാൻ ഒരുങ്ങുന്പോൾ കാണികളും ആകാംക്ഷയിലാണ്. മണ്മറഞ്ഞെങ്കിലും മനസില്‍നിന്നു മായാതെ നില്ക്കുന്ന അനശ്വര കലാകാരന്മാരെ ഒരിക്കല്‍കൂടി ബിഗ് സ്ക്രീനിൽ കാണാനുള്ള അവസരവും കൂടിയാണിത്.
1993ഡിസംബര്‍ 24-നാണ് പ്രേക്ഷകരുടെ കിളി പറത്തിയ മണിച്ചിത്രത്താഴ് റിലീസാകുന്നത്. സങ്കീര്‍ണമായ ഒരു കഥ മുത്തശിക്കഥപോലെ ഒഴുക്കോടെ പറഞ്ഞു പ്രേക്ഷകരെ മറ്റൊരു ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തി. ഇഷ്ട ചേരുവകള്‍ ഒരുപോലെ വിളക്കിച്ചേര്‍ത്തു സിനിമയുണ്ടാക്കുക എക്കാലത്തെയും വെല്ലുവിളിയാണ്. അക്കാര്യത്തിൽ മണിച്ചിത്രത്താഴ് നൂറു മാർക്ക് നേടി.
ജനപ്രിയ ചിത്രത്തിനുള്ള ദേശീയ പുരസ്കാരം, മികച്ച സിനിമയ്ക്കുള്ള സംസ്ഥാന പുരസ്കാരം, മികച്ച അഭിനേത്രിക്കുള്ള ദേശീയ -സംസ്ഥാന പുരസ്കാരങ്ങള്‍ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ചെറുതും വലുതുമായ അംഗീകാരങ്ങള്‍...
അതിനുമപ്പുറം പ്രേക്ഷകർ ഒന്നാകെ കൈയടിച്ച അതുവരെ കാണാത്ത മേക്കിഗ് ശൈലിയും... 31 വര്‍ഷത്തിനു ശേഷം മലയാളി മനസുകളുടെ താഴ് ഒന്നുകൂടി തുറക്കാന്‍ എത്തുമ്പോള്‍ നിര്‍മാതാവും വിതരണക്കാരനുമായി മലയാളത്തിലെ എവര്‍ഗ്രീന്‍ സിനിമ പ്രേക്ഷകര്‍ക്കു മുന്നിലേക്ക് എത്തിച്ച സ്വര്‍ഗചിത്ര അപ്പച്ചന് സൺഡേ ദീപികയോടു സംസാരിക്കുന്നു.
റീ റിലീസിംഗിലേക്ക് എത്തിയ വഴി...
തിരുവനന്തപുരത്തു കഴിഞ്ഞ വര്‍ഷം നടന്ന കേരളീയം പരിപാടിയില്‍ ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തില്‍ കൈരളി-ശ്രീ-നിള തിയറ്ററില്‍ മണിച്ചിത്ത്രതാഴ് പ്രദര്‍ശിപ്പിച്ചിരുന്നു. അന്നു പെരുമഴയത്തും ക്യൂനിന്നു ചിത്രം കാണാന്‍ എത്തിയ ജനങ്ങളാണ് എന്തുകൊണ്ട് റി റിലീസിംഗ് എന്ന ചോദ്യത്തിനുള്ള ഉത്തരം.
പലപ്പോഴും ഒന്നോ രണ്ടോ ഷോകളാണ് ഇത്തരം വേളകളില്‍ ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തില്‍ നല്‍കാറുള്ളത്. എന്നാല്‍, മണിച്ചിത്രത്താഴ് രാത്രി ഉള്‍പ്പെടെ നാലു ഷോ പ്രദര്‍ശിപ്പിച്ചു. അതും നിറഞ്ഞ സദസില്‍. കാണികളിൽ യുവാക്കളും കുടുംബ പ്രേക്ഷകരും ഉണ്ടായിരുന്നു. ഈ സിനിമയോടുള്ള പ്രേക്ഷകരുടെ സ്നേഹം തൊട്ടറിഞ്ഞ നിമിഷമായിരുന്നു അത്.
പൊതുവേ 15- 20 വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ പഴയ സിനിമകളുടെ പ്രിന്റ് ഉപയോഗശൂന്യമായി നശിച്ചുപോകാറാണ് പതിവ്. പല സിനിമകള്‍ക്കും അങ്ങനെ സംഭവിച്ചിട്ടുമുണ്ട്. സിനിമയുടെ പ്രിന്റ് സൂക്ഷിച്ച ജെമിനി ലാബ് പ്രവര്‍ത്തിച്ചിരുന്നിടത്ത് ഇപ്പോള്‍ കൂറ്റന്‍ കെട്ടിടങ്ങളാണ്.
പക്ഷേ, മണിച്ചിത്രത്താഴിന് ഒരു നിയോഗം പോലെ മറ്റൊരു വഴി തുറന്നിട്ടിരുന്നു.ദേശീയ പുരസ്കാരം കിട്ടിയ സിനിമയുടെ പ്രിന്റ് സാംസ്കാരിക വകുപ്പിനു കീഴില്‍ ഡല്‍ഹിയില്‍ സൂക്ഷിച്ചുവയ്ക്കുന്ന പതിവുണ്ട്. ഇക്കാര്യം മാറ്റിനീ നൗ എന്ന സ്ഥാപനം നടത്തുന്ന കൊല്ലം സ്വദേശിയും സുഹൃത്തുമായ സോമന് പിള്ളയില്‍നിന്ന് അറിയാന്‍ കഴിഞ്ഞു. അദ്ദേഹമാണ് സിനിമയുടെ റീമാസ്റ്ററിംഗ് സാധ്യതയെകുറിച്ചു പറഞ്ഞത്. അദ്ദേഹത്തിന്റെ സഹകരണത്തോടെ തുടര്‍പ്രവര്‍ത്തനം വേഗത്തിലാക്കി. ഏകദേശം ഒരുകോടിയോളം രൂപയാണ് റീ റിലീസ് ചെയ്യാനുള്ള ചെലവ്. ചെന്നെ, എറണാകുളം സ്റ്റുഡിയോകളിലാണ് വർക്ക് നടന്നത്. ആറു മാസം വേണ്ടിവന്നു.
മണിച്ചിത്രത്താഴിലെ ഇന്നും ആളുകളുടെ മനസിലുള്ള ഗാനങ്ങള്‍ക്കു സംഗീതമൊരുക്കിയത്. മണ്മറഞ്ഞുപോയ എം.ജി. രാധാകൃഷ്ണനായിരുന്നു. പശ്ചാത്തല സംഗീതമൊരുക്കിയത് ജോണ്സണ് മാഷും. പുതിയ രൂപത്തില്‍ ചിത്രം എത്തുമ്പോള്‍ സ്വന്തം പിതാവ് ചെയ്ത ക്ലാസിക് വര്‍ക്കിനോടുള്ള താത്പര്യം മൂലം രാധാകൃഷ്ണന്റെ മകന് എം.ആര്. രാജാകൃഷ്ണന് ഇത് ഏറ്റെടുക്കുകയായിരുന്നു. കല്‍ക്കി ഉള്‍പ്പെടെയുള്ള ബിഗ് ബജറ്റ് സിനിമകളിലെ സൗണ്ട് എന്‍ജിനിയറാണ് അദ്ദേഹം. സോമന് പിള്ളയും ഇ ഫോര്‍ എന്റര്‍ ടെയിന്മെന്റും ചേര്‍ന്നാണ് ചിത്രം വീണ്ടും പ്രദര്‍ശനത്തിനെത്തിക്കുന്നത്.
കാലങ്ങള്‍ക്കതീതമായ ഇതിവൃത്തം...
കാലങ്ങള്‍ക്ക് അതീതമായ ഇതിവൃത്തമാണ് മണിച്ചിത്രത്താഴിന്റേത്. മള്‍ട്ടി പേഴ്സണാലിറ്റി ഇതിവൃത്തമാക്കി പിൽകാലത്തു നിരവധി ചിത്രങ്ങൾ ഇറങ്ങി. എന്നാല്‍, മിത്തുകളും മുത്തശിക്കഥകളും പ്രേതകഥകളും കേട്ടറിഞ്ഞിരുന്ന ഒരു തലമുറയിലേക്ക് ഇതെല്ലാമുള്ള ഒരു കഥ മനോഹരമായി പറഞ്ഞു ഫലിപ്പിക്കുകയായിരുന്നു സംവിധായകന് ഫാസിലും മധു മുട്ടവും. പലപ്പോഴും സങ്കീര്ണവഴികളിലൂടെയാണ് സിനിമ സഞ്ചരിച്ചത്.
പക്ഷേ, കഥയുടെ നിര്‍ണായകഘട്ടത്തില്‍ മാടമ്പള്ളിയിലെ യഥാര്ഥമനോരോഗി ആരെന്നു പ്രധാന കഥാപാത്രമായ ഡോ. സണ്ണി പറഞ്ഞു ഫലിപ്പിക്കുന്ന നെടുനീളന്‍ ഡയലോഗാണ് സിനിമയുടെ നട്ടെല്ല്. ഏതൊരു കൊച്ചുകുട്ടിക്കും മനസിലാകുന്നരീതിയില്‍ മോഹന്‍ലാല്‍ കഥാപാത്രം അതു പറയുമ്പോള്‍ തിയറ്ററിനുള്ളില്‍ പൂര്‍ണ നിശബ്ദതയായിരുന്നു. അത്രത്തോളം ശ്രദ്ധിച്ചുകൊണ്ടാണ് ആ ഡയലോഗുകള്‍ പ്രേക്ഷകര്‍ കേട്ടത്.
സിനിമയിലതുവരെ കോര്‍ത്തിണക്കിയ കാര്യങ്ങള്‍ക്കെല്ലാമുള്ള ഉത്തരം പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തിയതോടെ സിനിമ മറ്റൊരുതലത്തിലേക്കു മാറി. ഒടുവില്‍ പരിമുറുക്കത്തിന്റെ ക്ലൈമാക്സ് കഴിഞ്ഞ് അവസാന നര്മസീനുകളിലൂടെ മനോഹരമായി അവസാനിക്കുകയാണ് ചിത്രം. ആ നിമിഷം അതുല്യ പ്രതിഭകളായ ഫാസിലും മധു മുട്ടവും ചേർന്നു മലയാള സിനിമയില്‍ പുതു ചരിത്രം എഴുതിച്ചേര്‍ക്കുകയായിരുന്നു.
സിനിമയെ കഥകേട്ട് വിലയിരുത്താനാകില്ല...
ഒരിക്കലും ഒരു സിനിമയുടെ കഥകേട്ടാലോ ചിത്രീകരണം നടക്കുമ്പോഴോ ഇതു സൂപ്പര്‍ ഹിറ്റാകും അല്ലെങ്കില്‍ നൂറു ദിവസം ഓടും എന്നൊന്നും സിനിമാരംഗത്തു പ്രവര്‍ത്തിക്കുന്ന ആര്‍ക്കും പറയാന്‍ കഴിയില്ല.പ്രിവ്യൂ ഷോ കാണുമ്പോഴും അതുതന്നെ സ്ഥിതി.
മണിച്ചിത്രത്താഴിന്റെ കാര്യത്തിലും അങ്ങനെ തന്നെയായിരുന്നു. സാധാരണപോലെ തിരക്കഥാകൃത്തും സംവിധായകനും സിനിമയെക്കുറിച്ചു ചര്‍ച്ച ചെയ്യുന്നു. ചിത്രീകരണം തുടങ്ങുന്നു. അത്രമാത്രം. എന്നാല്‍ വ്യത്യസ്തമായൊരു പ്രമേയമാണെന്നു മനസിലാക്കിയിരുന്നു. കോഴിക്കോട് ബ്ലൂഡയമണ്ടിലിരുന്നാണ് ആദ്യ ഷോ കണ്ടത്. കുടുംബപ്രേക്ഷകർക്കു നന്നായി ഇഷ്ടപ്പെട്ടെന്ന് അവരുടെ മുഖഭാവത്തില്‍നിന്നു മനസിലായി. പലരും കണ്ണുതുടയ്ക്കുന്നുണ്ടായിരുന്നു. ഒരു സിനിമയുടെ വിജയം എന്നുപറയുന്നത് പ്രേക്ഷകരുടെ മുഖത്ത് വിരിയുന്ന ഇമോഷനുകളാണ്.
രണ്ടാഴ്ചയ്ക്കു ശേഷം ഒന്നുകൂടെ സിനിമ കണ്ടു. അപ്പോഴാണ് സൂപ്പര്‍ ഹിറ്റാണെന്ന് ഉറപ്പിച്ചത്. പിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നില്ല. 366 ദിവസമാണ് ചിത്രം തിരുവനന്തപുരം ശ്രീകുമാര്‍ തിയറ്ററില്‍ ഓടിയത്. സിനിമ 90 തവണ കണ്ടയാള്‍ കൗണ്ടര്‍ ഫോയില്‍ ഉള്‍പ്പെടെ എനിക്ക് അയച്ചുതന്നതും മറക്കാനാകാത്ത അനുഭവമായി. അഭിനയിക്കുന്നത് സൂപ്പര്‍താരമോ യുവനടന്മാരോ ആരെങ്കിലുമാകട്ടെ. തിയറ്ററിനുള്ളില്‍ കയറിയാല്‍ താരങ്ങളെ മറന്നു കഥയ്ക്കൊപ്പം പ്രേക്ഷകരെ കൊണ്ടുപോകാന്‍ കഴിഞ്ഞാല്‍ സിനിമ വിജയിക്കും.
അവര്‍ക്കു വേണ്ടതു കഥയുടെ രസകരമായ ഒഴുക്കാണ്. അതു മണിച്ചിത്രത്താഴില്നിന്നു തുടക്കം മുതല്‍ ലഭിച്ചു. അതുകൊണ്ടുതന്നെ മോഹന്‍ലാലിനെപ്പോലെ ഒരു സൂപ്പര്‍താരം ആദ്യ പകുതിക്കു തൊട്ടുമുന്‍പ് വരുന്നത് പ്രേക്ഷകരെ ബാധിച്ചില്ല. ഇടവേളയ്ക്കു ശേഷമാകട്ടെ പ്രേക്ഷകനെ കാത്തിരുന്നത് ശക്തമായ പെര്ഫോമന്സുകളായിരുന്നല്ലോ..
മനസില്‍ മായാതെ...
ഇന്നസെന്റ്, കുതിരവട്ടം പപ്പു, കെപിഎസി ലളിത, തിലകന്, നെടുമുടിവേണു എന്നിവരെ ഒരിക്കല്‍കൂടി ബിഗ് സ്ക്രീനില്‍ കാണാനുള്ള ഭാഗ്യം കൂടിയാണ് പുതുതലമുറയ്ക്ക് ഉണ്ടാകുന്നത്. സിനിമയിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച മോഹന്‍ലാലും ശോഭനയും ഇപ്പോള്‍ മറ്റൊരു ചിത്രത്തില്‍ വര്‍ഷങ്ങള്‍ക്കു ശേഷം ഒരുമിച്ച് അഭിനയിക്കുന്നു.
സുരേഷ്ഗോപിയാകട്ടെ ഇടവേളകള്‍ക്കു ശേഷം വീണ്ടും ശക്തമായി സിനിമയിലേക്കു തിരിച്ചുവരികയും ചെയ്തു. രാഷ്ട്രീയ രംഗത്തും ശോഭിച്ചു നില്ക്കുന്നു. ഒരു നിയോഗം പോലെ എല്ലാം ഒരുമിച്ചുവന്ന ഒരു സാഹചര്യത്തിലാണ് മണിച്ചിത്രത്താഴിന്റെ റീ റിലീസിംഗ് എന്നത് ഏറെ അഭിമാനവും സന്തോഷവും പകരുന്നു.
ഇ. അനീഷ്