ആനന്ദവിശേഷം
Monday, July 22, 2024 11:18 AM IST
‘പൊടിമീശ മുളയ്ക്കണകാലം' എന്ന ഹിറ്റ്പാട്ടിന്റെ സംഗീതശില്പിയില്നിന്നു തിരക്കഥയെഴുതിയ സിനിമയിലെ നായകനിലേക്കുള്ള ആനന്ദ് മധുസൂദനന്റെ യാത്ര ബഹുവിശേഷം. പാവയുടെ സംവിധായകന് സൂരജ്ടോമിന്റെ പുത്തന്‍പടം ‘വിശേഷ’ത്തിൽ കഥ, തിരക്കഥ, ഗാനരചന, സംഗീതം, പശ്ചാത്തലസംഗീതം, അഭിനയം എന്നിങ്ങനെ സിനിമയുടെ പലേടങ്ങളില്‍ ആനന്ദിന്റെ തിളക്കമാര്‍ന്ന ഹൃദയസ്പര്‍ശം. ചിന്നു ചാന്ദ്നിയാണു നായിക. ആനന്ദ് സണ്ഡേദീപികയോടു സംസാരിക്കുന്നു.
വിശേഷം പറയുന്നത് ?
വിശേഷം എന്നത് നമ്മള് ദൈനംദിനം ഉപയോഗിക്കുന്ന ഒരു സാധാരണ വാക്കാണെങ്കിലും കല്യാണം കഴിഞ്ഞാല്‍ ദമ്പതികളുടെ ജീവിതത്തിലേക്കു പെട്ടെന്നു കടന്നുവരുന്ന ഒരു ചോദ്യമാണ് വിശേഷമൊന്നും ആയില്ലേ എന്നുള്ളത്. പലപ്പോഴും ആ ചോദ്യം അനവസരത്തിലാവും.
ആ ചോദ്യത്തിനും അത്തരം ചിന്തകള്‍ക്കും പിറകേ ഒരു ഭാര്യയും ഭര്‍ത്താവും നെട്ടോട്ടമോടുന്നതാണ് ഈ സിനിമയുടെ ഇതിവൃത്തം. ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നതിന്റെ അതിര്വരമ്പെന്താണ്, അതിന്റെ ആവശ്യകതയെന്താണ് എന്നൊക്കെ ചര്‍ച്ചചെയ്യുന്നു. അതിലുപരി നല്ല സ്നേഹമുള്ള സിനിമകൂടിയാണ്.
നായകനായത്
കഥകള്‍ പറയുക എന്നത് എനിക്ക് ഏറെ ഇഷ്ടമുള്ള കാര്യമാണ്. സൂരജേട്ടനുമായി പരസ്യചിത്രങ്ങള്‍ ചെയ്യുന്നതിനിടെ കഥാചര്‍ച്ചകള്‍ പതിവായിരുന്നു. കോവിഡിന്റെ തുടക്കകാലത്ത് എന്റെ മനസില്‍ വന്ന ത്രഡാണ് വിശേഷത്തിന്റേത്. അതിനിടെ ഞങ്ങള്‍ കൃഷ്ണന്‍കുട്ടി പണിതുടങ്ങി എന്ന ഹൊറര്‍ ചിത്രം ഒടിടിക്കു വേണ്ടി ചെയ്തു. അതും ഞാനാണ് എഴുതിയത്.
കോവിഡൊക്കെ മാറിയപ്പോള്‍ ഇതിലേക്കു കടന്നു. ആരെയും മനസില്‍കണ്ട് എഴുതിയതല്ല ഈ സിനിമ. എന്നെയും ഉദ്ദേശിച്ചിട്ടുണ്ടായിരുന്നില്ല. കാമറയ്ക്കു പിന്നിലെ ജോലികളാണ് ആഗ്രഹിച്ചതും സ്വപ്നം കണ്ടിരുന്നതും. എന്റെ കഥപറച്ചില്‍ അല്പം അഭിനയം കലര്‍ത്തി മോണോആക്ട് പോലെയാണ്. ഒരവസരത്തില്‍ ഇത് ആനന്ദിനുതന്നെ ചെയ്തൂടെ എന്നു സൂരജേട്ടന് ചോദിച്ചു. സാധാരണ, മാര്‍ക്കറ്റുള്ള നടന്മാരെയാണല്ലോ എല്ലാവരും ചിന്തിക്കുക.
പക്ഷേ, ഈ സിനിമ സാധാരണക്കാരില്‍ സാധാരണക്കാരുടെ കഥയാണു പറയുന്നത്. തൊട്ടയല്പക്കത്തെ അല്ലെങ്കില്‍ നമ്മുടെ വീട്ടിലേക്കൊന്നു തിരിഞ്ഞുനോക്കിയാല്‍ കാണാവുന്ന മനുഷ്യരുടെ കഥ. അതിനൊരു ഫ്രഷ് ഔട്ട്ലുക്ക് കൊടുക്കാന്‍ ഞാന്‍ മുന്നോട്ടുവന്നാല്‍ നന്നാവുമെന്ന് അഭിപ്രായമുണ്ടായപ്പോഴാണ് ഇതിനൊപ്പം കൂടിയത്.
ആരുടെ കഥയാണ് വിശേഷം..?
ഷിജു ഭക്തന്റെയും ടി.ആര്. സജിതയുടെയും കഥയാണു പറയുന്നത്. ഗൾഫില്‍നിന്നു നാട്ടിലെത്തി ഒർഗാനിക് കൃഷി, മറ്റുള്ളവർക്കു മോട്ടിവേഷണൽ സ്പീച്ച്...എന്നിങ്ങനെ നടക്കുകയാണ് ഷിജു ഭക്തന്. മോട്ടിവേഷന്‍ സ്വന്തം ജീവിതത്തില്‍ ഇല്ല താനും! ടി.ആര്. സജിത പോലീസുകാരിയാണ്. മുന്‍പുണ്ടായിരുന്ന ജീവിതത്തിലെ പല കാര്യങ്ങളും അതിജീവിച്ചുവന്നയാള്. മുന്നോട്ടുള്ള ജീവിതത്തെക്കുറിച്ചു വ്യക്തമായ കാഴ്ചപ്പാടും ചിന്തയുമുള്ള, വളരെ പ്രചോദനം പകരുന്ന കഥാപാത്രം. അല്‍ത്താഫ് സലിം, ജോണി ആന്റണി, മാലാപാര്‍വതി, ബൈജു എഴുപുന്ന, ഷൈനി സാറ, പി.പി. കുഞ്ഞികൃഷ്ണൻ തുടങ്ങിയവര്‍ മറ്റു വേഷങ്ങളിൽ.
ചിന്നു ചാന്ദ്നിയിലേക്ക് എത്തിയത്..?
എന്നും സെലക്ടീവായി സിനിമകള്‍ ചെയ്യുന്നയാളാണ് ചിന്നു. എണ്ണത്തില്‍ കുറവെങ്കിലും ശ്രദ്ധേയമായ, പ്രത്യേകതയുള്ള നല്ല കുറെ സിനിമകളുടെ ഭാഗമായ നടി. കഥ പറഞ്ഞുനോക്കാമെന്നു തീരുമാനിച്ചു. കാരണം, ഇത് അത്തരമൊരു സിനിമയാണ്.
പലതരം വൈകാരിക ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന കഥാപാത്രമാണ്. അതെല്ലാം നന്നായി ചെയ്യുന്ന, ആളുകള്‍ക്ക് ഏറെ ഇഷ്ടമുള്ള, അവരുടെ വീട്ടിലെ ഒരംഗമെന്നു തോന്നുന്ന ഒരാള്‍ വേണമെന്നുണ്ടായിരുന്നു. ഷിജു ഭക്തന്റെ റോളിൽ ഞാന്‍ വരുന്നതു വളരെ കൃത്യമാണ് എന്നായിരുന്നു ചിന്നുവിന്റെ നിലപാട്. തന്റെ കരിയറിലെ മൈല്‍സ്റ്റോണ്‍ എന്നു ചിന്നുതന്നെ പറയുന്ന കഥാപാത്രമാണു ടി.ആര്. സജിത.
സംഗീതം മുതല്‍ അഭിനയം വരെ എങ്ങനെ മാനേജ് ചെയ്തു..?
ഞാനിതിനെ ഭാരമായല്ല കാണുന്നത്. എനിക്ക് ഇഷ്ടപ്പെട്ട ഒരു കാര്യം ചെയ്യാനുള്ള അവസരമായാണ്. ഈ കഥാപാത്രം ഏറ്റെടുത്ത് അഭിനയിക്കുമ്പോഴെല്ലാം ഞാന്‍ ചിന്തിച്ചത് സിനിമയില്‍ ഒരവസരത്തിന് ഒരുപാടുപേര് പുറത്തുനില്ക്കുന്നു എന്നതാണ്. അവര്‍ ആഗ്രഹിക്കുന്ന ഒരു കാര്യമാണ് എന്റെ മുന്നിലേക്കു വന്നത്. അത് ഏറ്റവും നന്നായി ചെയ്യാനുള്ള ശ്രമം എന്നില്‍നിന്നുണ്ടായി. അതിനു സൂരജേട്ടന്റെയും ചിന്നുവിന്റെയും മൊത്തം ക്രൂവിന്റെയും വലിയ സപ്പോര്ട്ടുണ്ടായി.
തയാറെടുപ്പുകള്‍ ആവശ്യമായിരുന്നോ..?
ഞാനെഴുതിയതുകൊണ്ട് കഥാപാത്രത്തെപ്പറ്റി നല്ല ധാരണയുണ്ടായിരുന്നു. കഥ നറേറ്റ് ചെയ്യുമ്പോള്‍ മുഖത്തു വരുന്ന ഭാവവും കാമറയുടെ മുമ്പില്‍ വരുമ്പോള്‍ ഉണ്ടാകുന്നതും തമ്മില്‍ വ്യത്യാസമുണ്ടാവും. രണ്ടു ദിവസത്തെ ഷൂട്ട് കഴിഞ്ഞപ്പോള്‍ ഞാന്‍ ഓകെയാണോ എന്നു സംവിധായകനോടു ചോദിച്ചു. അദ്ദേഹം തൃപ്തനായിരുന്നു. ആത്മവിശ്വാസത്തിലെത്താനും അഭിനയം ആസ്വദിച്ചുതുടങ്ങാനും ഞാൻ രണ്ടു മൂന്നു ദിവസമെടുത്തു.
പാട്ടുകള്‍...
നാലു പാട്ടുകള്‍. അതിസാഹിത്യമൊന്നുമില്ലാതെ വളരെ സരസമായ വരികള്‍. കഥാപാത്രങ്ങളോടും കഥാസന്ദര്‍ഭങ്ങളോടും ഇഴുകിച്ചേരുന്ന ഗാനങ്ങളാവണം എന്നുണ്ടായിരുന്നു. ഇത്തവണ വരിയും ട്യൂണും ഒരുമിച്ചാണുണ്ടായത്. വൈക്കം വിജയലക്ഷ്മി, മിഥുന് ജയരാജ്, ആന്‍ ആനി, അലോഷി ആഡംസ്, ഭരത് സജികുമാര്‍, പുണ്യപ്രദീപ് എന്നിവരാണു ഗായകര്‍.
എഴുത്തായിരുന്നോ ചലഞ്ച്..?
തിരക്കഥയെ ആളുകള്‍ക്കു പ്രിയപ്പെട്ട സിനിമയാക്കി മാറ്റുക എന്നതായിരുന്നു ചലഞ്ച്. പ്രേക്ഷകര്‍ മനസുനിറഞ്ഞ് തിയറ്ററില്‍ നിന്നിറങ്ങണം. കുടുംബത്തിലെ ഓരോരുത്തര്‍ക്കും ഒരു ചെറു പുഞ്ചിരിയോടെയല്ലാതെ ഈ സിനിമ കണ്ടുതീര്‍ക്കാനാവില്ല. അത്തരമൊരു സിനിമയാണ് ഒരുക്കിയത്.
ഇനി സംവിധാനം..?
സംവിധാനം ആഗ്രഹമുണ്ട്. ധൃതിപിടിച്ചു ചെയ്യേണ്ട കാര്യമല്ല. ഏറ്റവും നല്ല അവസരം വരുമ്പോള്‍ അതു ചെയ്യണം.