ഏനുണ്ടോടി അമ്പിളിച്ചന്തം...
Wednesday, July 17, 2024 9:59 AM IST
ക്ലാസിക്കൽ നർത്തകിയായി തുടക്കം... പിന്നീടെപ്പോഴോ പാട്ടിന്റെ കൂട്ടുകാരിയായി. സിതാര കൃഷ്ണകുമാർ ഇന്നു മലയാളത്തിലെ മാത്രമല്ല, തമിഴ്, കന്നഡ, തെലുഗു സിനിമകളിലെയെല്ലാം തിരക്കേറിയ പിന്നണി ഗായിക.
സംഗീത സംവിധായിക, പേരെടുത്ത സ്റ്റേജ് ഷോ ആർട്ടിസ്റ്റ്, ആൽബം നിർമാതാവ്... എന്നിങ്ങനെ സിതാരയുടെ വിലാസങ്ങൾ നീളുന്നു. മെലഡി ഇഷ്ടപ്പെടുന്ന പഴയ തലമുറയുടെയും ആവേശത്തിലാറാടുന്ന ന്യൂജെൻ സംഗീതപ്രേമികളുടെയും പ്രിയ ഗായിക. മൂന്നു സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ സിതാരയെ തേടിയെത്തി! സിതാര പറയുന്നതു കേൾക്കൂ.
ശ്രേഷ്ഠരായ ഗുരുക്കന്മാർ
ഗുരുക്കന്മാരുടെ അനുഗ്രഹവും സഹായവും ഒരിക്കലും മറക്കാനാവില്ല. സംഗീതത്തിലും നൃത്തത്തിലും മാത്രമല്ല, ജീവിതത്തിലും എന്റെ വഴികാട്ടികൾ. എന്നെ പാട്ടു പഠിപ്പിച്ച ആദ്യത്തെ ആശാനുമായിപ്പോലും ഇന്നും ഞാൻ സംസാരിക്കാറുണ്ട്.
കർണാടക സംഗീതത്തിന്റെ ബാലപാഠങ്ങൾ പഠിപ്പിച്ച രാമനാട്ടുകര സതീശൻ മാസ്റ്ററെ എങ്ങനെ മറക്കും? പിന്നെ, സി.കെ. രാമചന്ദ്രൻ മാഷ്. ഇവരാണ് എന്നിൽ ശാസ്ത്രീയ സംഗീതത്തിന്റെ അടിത്തറ പാകിയത്. ഹിന്ദുസ്ഥാനി സംഗീതം പഠിച്ചത് ഉസ്താദ് ഫിയാസ് ഖാനിൽനിന്നാണ്. കലാമണ്ഡലം വിനോദിനിയമ്മയിൽനിന്നു നൃത്തം അഭ്യസിച്ചു. ഏതു സമയത്തും വിളിക്കാനും സംശയങ്ങൾ ചോദിക്കാനും കഴിയുന്ന സ്വാതന്ത്ര്യം ഇവരോടൊക്കെ എനിക്കുണ്ട്.
തിരക്കിനിടയിലും കലാമണ്ഡലം വിനോദിനി ടീച്ചറെ സന്ദർശിക്കാറുണ്ട്. എന്നെ മികച്ച ചില ഗുരുക്കന്മാരുടെ അടുത്തു കൊണ്ടുചെന്നാക്കി എന്നതിനു മാതാപിതാക്കളോടു ഞാൻ കടപ്പെട്ടിരിക്കുന്നു. എങ്ങനെയെങ്കിലും പഠിക്കുക എന്നതിനേക്കാൾ സംഗീതവും നൃത്തവും നമ്മുടെ പഠനരീതിയിൽത്തന്നെ പരിശീലിക്കാൻ കഴിഞ്ഞു.
രുചിച്ചു പാടുന്ന വരികൾ
പുതിയ കാലത്തെ ഗാനരചനയെ വളരെ പോസിറ്റീവായി കാണുന്നൊരു വ്യക്തിയാണു ഞാൻ. വരികളുടെ അർഥതലങ്ങൾ മനസിലാക്കിയാൽ പിന്നെ ആലാപനം സ്വാഭാവികമായും ആത്മാവുള്ളതായിത്തീരും. പാട്ടും നൃത്തവും പോലെ, വായനയും കൂടെയുണ്ട്.
ഒരു ഗാനത്തിൽ വരികളുടെ സ്ഥാനം വളരെ പ്രധാനപ്പെട്ടതാണെന്നു ഞാൻ കരുതുന്നു. വരികളുടെ ആത്മാവിനനുസരിച്ച് ഈണം ലഭിച്ചാൽ അതു മനോഹരമായ ഒരു പാട്ടായി മാറും. മഹാരഥന്മാരായ കവികൾതന്നെ ഗാനരചയിതാക്കളായി പ്രവർത്തിച്ച ഒരു ഇടമാണിത്. പുതിയ കാലവും ഒട്ടും പിന്നിലല്ല. റഫീഖ് അഹമ്മദ്, അൻവർ അലി, ഹരി നാരായണൻ മുതലായവരെല്ലാം പ്രതിഭാധനരായ കവികളും പാട്ടെഴുത്തുകാരുമാണ്.
മുഹസിൻ പരാരിയെപ്പോലെയുള്ള പുതിയ ആളുകളും മനോഹരമായ വരികളെഴുതി നമ്മെ അദ്ഭുതപ്പെടുത്തുന്നു. കുറെ യുവഗാനരചയിതാക്കൾക്കൊപ്പം സിനിമേതര സംരംഭങ്ങളിലും പ്രവർത്തിക്കാൻ അവസരം കിട്ടി. ഈ സമയത്തെല്ലാം ഞാൻ അവരുടെ രചനാവൈഭവം സസൂക്ഷ്മം ശ്രദ്ധിക്കുന്നു. പലപ്പോഴും അവരുടെ വരികൾ രുചിച്ചു പാടുന്ന അനുഭവമാണ് എനിക്കുണ്ടാകുന്നത്! ഏതു കാലത്തോടും മേന്മയിൽ കിടപിടിക്കുന്നൊരു ഗാനരചനയും ഗാനങ്ങളും ഇക്കാലത്തും നമുക്കുണ്ട്.
പുതിയവർ പിറകിലല്ല
സംഗീത സംവിധാന രീതികൾക്കു തുടർച്ചയായി മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നു. അഭിരുചികൾ മാത്രമല്ല, ടെക്നോളജിയും മാറിക്കൊണ്ടിരിക്കുന്നു. സിനിമാനിർമാണ രീതികൾ മാറുമ്പോൾ പ്രധാന ഘടകമായ സംഗീതവും മാറ്റങ്ങൾക്കു വിധേയമാകുന്നതു സ്വാഭാവികമാണ്.
മാറിവരുന്ന സാധ്യതകളെക്കുറിച്ചുള്ള വ്യക്തമായ അറിവും വിപണിയിലെത്തുന്ന പുത്തൻ സംഗീത ഉപകരണങ്ങളെക്കുറിച്ചുള്ള സാങ്കേതിക പരിജ്ഞാനവും പുതിയ സംഗീതസംവിധായകർക്കുണ്ട്. വിദഗ്ധരായ പുതിയ സംഗീത സംവിധായകരിൽ പലരും എന്നേക്കാൾ ചെറുപ്പമാണ്.
പാട്ടിഷ്ടങ്ങൾ പ്രവചിക്കാനാവില്ല
പ്രവചിക്കാൻ പറ്റാത്തൊരു സംഗതിയാണ് സിനിമാഗാനങ്ങളുടെ ജനപ്രിയത. ഏതെങ്കിലും മാനദണ്ഡം വച്ച് ആളുകളുടെ ഇഷ്ടം അളക്കാൻ കഴിയില്ല. എല്ലാവരും കേൾക്കാൻ സാധ്യതയുള്ള ഗാനമാണെന്നു കരുതി പാടിയ പല ഗാനങ്ങളും ശ്രോതാക്കൾ ഒട്ടും ശ്രദ്ധിക്കാതെ പോയിട്ടുണ്ട്. അത്ര സാധ്യതയില്ലെന്നു കരുതിയ ചില പാട്ടുകൾ സൂപ്പർഹിറ്റായി മാറിയിട്ടുമുണ്ട്!
ശ്രോതാക്കൾക്കു പ്രിയപ്പെട്ടതായി ഒരു ഗാനത്തിൽ ഉണ്ടാകാൻ പോകുന്ന സംഗതി എന്താണെന്നു മുൻകൂട്ടി പറയാനോ വിശദീകരിക്കാനോ കഴിയില്ല. ഗാനവുമായി ശ്രോതാക്കളെ വൈകാരികമായി ബന്ധപ്പെടുത്തുന്ന കണ്ണി, അവരുടെ ഏതൊക്കെയോ ഓർമകളോ ഗൃഹാതുരത്വമോ അവരെ സ്പർശിക്കുന്ന മറ്റെന്തെങ്കിലുമോ ആവാം. പ്രവചനാതീതമാണ് എല്ലാ പരസ്പര ബന്ധങ്ങളും കണ്ണികളും. കൂടാതെ, ശ്രോതാക്കളുടെ പാട്ടിഷ്ടങ്ങളിൽ, ഫോർമാറ്റുകളും ഫോർമുലകളുമെല്ലാം തെറ്റിപ്പോകുന്നു.
ഇന്നു വിജയിച്ചതിന്റെ രീതിയിൽ മറ്റൊരു പതിപ്പ് നാളെ നിർമിച്ചാൽ അതു വിജയിക്കണമെന്നുമില്ല. അതായത് ശ്രോതാക്കളുടെ പാട്ടിഷ്ടങ്ങളിൽ കാണുന്നതു സർവത്ര അനിശ്ചിതത്വമാണ്. എന്നിരുന്നാലും കാലത്തിന്റെ വെല്ലുവിളികളെ നേരിട്ടു വൻ ഹിറ്റുകളായി മാറിയവയാണ് "ഉയരെ'യിലെ " മുകിലോ പുതുമഴ മണിയോ...', ". ഫ്രാഡി'ലെ "സദാ പാലയ സാരസാക്ഷി...', സെല്ലുലോയ്ഡി'ലെ "ഏനുണ്ടോടീ അമ്പിളിച്ചന്തം...', "ഫിക്കി'ലെ 'പകലിൻ പവനിൽ തെളിയും വഴിയിൽ...' മുതലായവയും മറ്റു ചിലതും. "സെല്ലുലോയ്ഡി'ലെയും (2012), "വിമാന'ത്തിലെയും (2017), "കാണെക്കാണെ' യിലെ (2021) ഗാനങ്ങളാണ് സംസ്ഥാന പുരസ്കാരങ്ങൾ നേടിത്തന്നത്. ഏറ്റവും ജനപ്രിയമായത് "ഏനുണ്ടോടീ അമ്പിളിച്ചന്തം...' തന്നെയാണ്!
ബാബുക്കയുടെ പാട്ടുകൾ
നമ്മെ വിട്ടുപിരിഞ്ഞുപോയവരെക്കുറിച്ചുള്ള ആഗ്രഹങ്ങൾ സ്വപ്നങ്ങൾ മാത്രമാണല്ലൊ! മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട സംഗീതസംവിധായകൻ ബാബുക്കയുടെ (എം.എസ്. ബാബുരാജ്) ഗാനങ്ങൾ കേൾക്കുമ്പോൾ, അദ്ദേഹത്തെ ഒന്നു കാണാനും കൂടെ പ്രവർത്തിക്കാനും കഴിഞ്ഞിരുന്നെങ്കിലെന്ന് ആശിച്ചിട്ടുണ്ട്. അതുപോലെ ഒരുപാടു സംഗീത സ്വപ്നങ്ങൾ വേറെയുമുണ്ട്. പഴയ സിനിമകൾ കാണുമ്പോൾ, സാധിക്കില്ലെന്ന് അറിയാമെങ്കിലും, മോഹങ്ങളുടെ ഘോഷയാത്രകൾ ഉള്ളിലെത്തും. ആ കാലത്തു ജീവിക്കാൻ കഴിഞ്ഞിരുന്നെങ്കിലെന്നു വരെ തോന്നിപ്പോകും.
1967ൽ, ഭാസ്കരൻ മാഷ് സംവിധാനം ചെയ്ത "പരീക്ഷ' എന്ന സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ ആ കാലത്തെ ചെറുപ്പക്കാർ എങ്ങനെ ആയിരിക്കും അതിലെ പാട്ടുകൾ ആസ്വദിച്ചിട്ടുണ്ടാവുകയെന്നു ചിന്തിച്ചു നോക്കിയിട്ടുണ്ട്. അവരുടെ കൂടെയിരുന്നു ഞാനും ആ ഗാനങ്ങൾ കേട്ടിരുന്നുവെങ്കിൽ, വൈകാരികമായ എന്റെ പ്രതികരണം എങ്ങനെ ആയിരിക്കുമെന്നുമൊക്കെ ആലോചിച്ചു നോക്കും.
ബാബുക്ക ചിട്ടപ്പെടുത്തിയ "പ്രാണ സഖീ ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ...', അല്ലെങ്കിൽ, "ഒരു പുഷ്പം മാത്രമെൻ പൂങ്കുലയിൽ നിർത്താം ഞാൻ ഒടുവിൽ നീയെത്തുമ്പോൾ ചൂടിക്കുവാൻ...' മുതലായവയൊക്കെ ഞാൻ ജനിക്കുന്നതിനു പത്തിരുപതു വർഷം മുന്നേ ഈണം ലഭിച്ച ഗാനങ്ങളാണ്. ഞാൻ ഇന്നും അവ കേട്ടുകൊണ്ടിരിക്കുന്നു. കേൾക്കാം, പക്ഷേ ആ കാലത്തേക്കു തിരിച്ചു നടക്കാൻ കഴിയില്ലല്ലോ...