സീരിയൽ വിടാതെ സിനിമയിലേക്ക്
Wednesday, July 17, 2024 9:36 AM IST
ഒരിടവേളയ്ക്കു ശേഷം ടി.എസ്. സുരേഷ് ബാബു സംവിധാനം ചെയ്ത സിനിമയാണ് ഡിഎന്‍എ. ചിത്രത്തിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച സജ്ന നൂര്‍ ആഹ്ലാദത്തിലാണ്. മിനിസ്ക്രീനില്നിന്നു വെള്ളിത്തിരയിലെത്തിയ താരമാണ് സജ്ന.
വിശ്വവിഖ്യാത പയ്യന് എന്ന സിനിമയില്‍ ഫഹദ് ഫാസിലിന്റെ ജോഡിയായി ചെറിയൊരു വേഷം ചെയ്തുകൊണ്ടാണ് സജ്ന സിനിമയിലേക്കു ചുവടുവച്ചത്. മോഡലിംഗ് രംഗത്തും സജീവമായ സജ്ന ആര്‍ട്ടിസ്റ്റുകളുടെ റിയാലിറ്റി ഷോകളിലും പങ്കെടുത്തു.
പിന്നാലെ കെ.കെ. രാജീവ് അടക്കമുള്ള സംവിധായകരുടെ നിരവധി സീരിയലുകളിലും അഭിനയിച്ചു. ഇതിനിടെ, ബിഗ് ബോസ് സീസണ് 3യില്‍ എത്തിയതോടെ കരിയറില്‍ വഴിത്തിരിവായി. പിന്നാലെ റസൂല്‍ പൂക്കുട്ടിയുടെ ഒറ്റ എന്ന സിനിമയില്‍ ശ്രദ്ധേയ വേഷം ലഭിച്ചു. കൊല്ലത്തു ജനിച്ചുവളര്‍ന്നു കൊച്ചിയില്‍ സ്ഥിരതാമസമാക്കിയ സജ്ന, സണ്‍ഡേ ദീപികയോട്...
ഡിഎന്‍എയിലേക്ക്
സുരേഷ് ബാബു സാറിനെ എനിക്കു പരിചയപ്പെടുത്തി തന്നത് ഫിറോസ് ഇക്കയാണ്. അങ്ങനെയാണ് ഐപിഎസ് എന്ന സിനിമയിലേക്കു വിളിക്കുന്നത്. ഐപിഎസ് എന്ന സിനിമയുടെ ജോലികൾ നടക്കുന്നതിനിടെയാണ് ഡിഎന്‍എ എന്ന സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വരുന്നത്. പിന്നീട് ഡിഎന്‍എ ആദ്യം ചെയ്യാമെന്നു തീരുമാനിക്കുകയായിരുന്നു.
സുരേഷ് ബാബു ആദ്യം പ്ലാന്‍ ചെയ്ത, ഉടൻ തുടങ്ങുന്ന ഐപിഎസ് എന്ന സിനിമയില്‍ ലീഡ് റോള്‍ ചെയ്യുന്നത് ഞാനാണ്. ടീം വര്‍ക്കായിരിക്കണം ഡിഎന്‍എ എന്നും അതു നമ്മുടെ അടുത്ത സിനിമയായ ഐപിഎസിന് സഹായകമാകുമെന്നും സാര്‍ പറഞ്ഞിരുന്നു. അങ്ങനെയാണ് ഈ സിനിമയുടെ ഭാഗമാകുന്നത്. മമ്മൂക്കയുടെ സഹോദരിയുടെ മകന് അഷ്കര്‍ സൗദാന്‍, റായ് ലക്ഷ്മി, ഹന്ന, ബാബു ആന്റണി, പത്മരാജ് തുടങ്ങി ഒട്ടേറെ വലിയ വലിയ ആര്‍ട്ടിസ്റ്റുകള്‍ ഉള്ള ക്രൈം ത്രില്ലര്‍ സിനിമയാണിത്.
ടി.എസ്. സുരേഷ് ബാബു
സുരേഷ് ബാബു സാറിനൊപ്പം വര്‍ക്ക് ചെയ്യാനായതു വലിയ ഭാഗ്യമായി. പുതിയ സംവിധായകര്‍ ഒക്കെ വന്നെങ്കിലും ഈ രംഗത്തു സുരേഷ്സാർ അപ്ഡേറ്റഡ് ആണ്. സാര്‍ ആരെയും വഴക്കു പറയില്ല. ശരിക്കും ഒരു കുടുംബാന്തരീക്ഷമായിരുന്നു ലൊക്കേഷനില്‍. അതിന്റെ റിസള്‍ട്ട് ഈ സിനിമയിലുണ്ട്. അദ്ദേഹത്തിന്റെ ക്ഷമ സമ്മതിച്ചുകൊടുക്കണം. വഴക്കു പറയേണ്ട സാഹചര്യത്തിലും പുതിയ ആളുകള്‍ക്കൊപ്പം വളരെ അനുഭവ സമ്പത്തുള്ള അഭിനേതാക്കളെയും ഒന്നാകെ ചിരിപ്പിച്ചു കൂളായി കൊണ്ടുപോകാനുള്ള കഴിവ് അപാരം.
വലിയ താരങ്ങള്‍ക്കൊപ്പം
മുതിർന്ന താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതു ഗുണം ചെയ്തു. പലതും പഠിക്കാനായി. കൂടാതെ സുരേഷ് ബാബു സാർ സിനിമ തുടങ്ങും മുന്‍പേ എല്ലാവർക്കും പരിശീലനം ഒരുക്കിയിരുന്നു.
റായ് ലക്ഷ്മിക്കൊപ്പം
ഒരിടവേളയ്ക്കു ശേഷം റായ്ലക്ഷ്മി മലയാളത്തില്‍ തിരിച്ചെത്തുന്ന സിനിമയായതിനാല്‍ എല്ലാവരും ആകാംക്ഷയിലായിരുന്നു. അങ്ങോട്ടു പോയി സംസാരിക്കാനൊക്കെ പലർക്കും മടിയായിരുന്നു. എല്ലാവരോടും ചാടിക്കേറി സംസാരിക്കുന്ന പ്രകൃതക്കാരിയായ ഞാന്‍ അങ്ങോട്ടു പോയി സംസാരിച്ചു. ആൾ വളരെ സിമ്പിളാണ്. പിന്നീട് പുള്ളിക്കാരി തന്നെ ഈ ലൊക്കേഷനില്‍ എനിക്കേറെ കംഫര്‍ട്ടബിള്‍ ആയി സംസാരിക്കാന്‍ തോന്നിയ ആള് സജ്നയാണെന്നു പറഞ്ഞിരുന്നു. ഒരു ജാഡയും ഇല്ലാത്ത നടിയാണവർ.
പുതിയ സിനിമകൾ
ഡിഎന്‍എക്കും ഐപിഎസിനും ശേഷം ഒരു തമിഴ് സിനിമ വന്നിട്ടുണ്ട്. ഈ രണ്ടു സിനിമകളും എന്റെ കരിയറിനു പുതിയ ദിശ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിനിമയിലെത്തിയെങ്കിലും സീരിയൽ പൂർണമായി വിട്ടിട്ടില്ല. മലയാളത്തിലും തമിഴിലും ഓരോ സീരിയലുകള്‍ ഉടനെ ചെയ്യുന്നുണ്ട്. വേറെ ചില തമിഴ് സിനിമകള്‍ വരുന്നുണ്ട്.
എല്ലാം ഐപിഎസ് കഴിഞ്ഞ ശേഷമെന്നാണ് തീരുമാനിച്ചിട്ടുള്ളത്. സീരിയലില്‍നിന്ന് എത്തുന്നവര്‍ക്കു സിനിമയില്‍ അവസരമില്ല എന്നു പറയുന്നതു ശരിയല്ല. രണ്ടിടത്തുനിന്നും എനിക്ക് അവസരങ്ങള്‍ കിട്ടുന്നുണ്ട്. സീരിയലുകള്‍ ചെയ്യുന്ന സമയത്തു സിനിമ വന്നാല്‍ അതിന് അനുവദിക്കണമെന്നു നേരത്തേ എഗ്രിമെന്റ് എഴുതിയാല്‍ തീരുന്ന പ്രശ്നമേയുള്ളൂ. അതിന് അനുമതി നല്കുന്ന കുറച്ച് നല്ല സംവിധായകര്‍ക്കൊപ്പം വര്‍ക്ക് ചെയ്യാനുള്ള ഭാഗ്യം എനിക്കു ലഭിച്ചിട്ടുണ്ട്.
പ്രദീപ് ഗോപി