രമ്യ പുരാണം
Monday, July 15, 2024 12:43 PM IST
കുട്ടന്‍പിള്ളയുടെ ശിവരാത്രിയിലൂടെ സിനിമയിലെത്തി, ഞാന്‍ പ്രകാശനിലൂടെ ക്ലിക്കായി, നിരവധി കാരക്ടര്‍ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടംനേടിയ അഭിനേത്രിയാണ് രമ്യ സുരേഷ്. മലയൻ കുഞ്ഞ്, സബാഷ് ചന്ദ്രബോസ്, സൗദി വെള്ളക്ക, പാച്ചുവും അദ്ഭുത വിളക്കും, നിഴൽ, ക്രിസ്റ്റഫർ, വയസെത്രയായി? അങ്ങനെ ഒരുപിടി സിനിമകൾ.
പടവെട്ടിലെ പുഷ്പയാണ് രമ്യയുടെ സൂപ്പര്‍ഹിറ്റ്. കുണ്ഡലപുരാണവും കനകരാജ്യവും പുത്തൻ റിലീസുകള്‍. സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ വേട്ടയാനിലൂടെ തമിഴിലും അരങ്ങേറുകയാണ്. രമ്യ സണ്‍ഡേ ദീപികയോടു സംസാരിക്കുന്നു.
നഴ്സിംഗില്നിന്ന് സിനിമയിലെത്തിയത്..?
നഴ്സിംഗ് പ്രഫഷന് വിട്ടു ഞാന്‍ സിനിമയിലേക്കു വന്നതല്ല. സിനിമയിലേക്കു വരാന്‍ അത്ര താത്പര്യവും ഉണ്ടായിരുന്നില്ല. സിനിമ ഒരു സ്വപ്നവും ആയിരുന്നില്ല. കുഞ്ഞുങ്ങളായപ്പോള്‍ ജോലിവിട്ടതാണ്. വീട്ടിലിരുന്നപ്പോള്‍ ഞാന്‍ വെറുതേ പാടി ഫ്രണ്ട്സ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത ഒരു കോമഡിപ്പാട്ട് വൈറലായി. ചിലരുടെ പ്രതികരണങ്ങള്‍ എന്നെ മാനസികമായി തളര്‍ത്തി.
പക്ഷേ, സുഹൃത്തുക്കള്‍ കൂടെനിന്നു. "നിങ്ങള്‍ക്കു സിനിമയില്‍ അഭിനയിക്കാനാവും' എന്ന മട്ടിൽ പോസിറ്റീവ് കമന്റുകളും വന്നിരുന്നുവെന്നു പിന്നീടാണ് അറിഞ്ഞത്. അങ്ങനെയിരിക്കെയാണ് ദുബായില്‍വച്ച് കുട്ടന്‍പിള്ളയുടെ ശിവരാത്രിയുടെ ഓഡിഷനില്‍ പങ്കെടുത്തതും സെലക്ടായതും. അതിന്റെ ഷൂട്ടിംഗ് കഴിഞ്ഞപ്പോൾ തിരിച്ചു ദുബായിലേക്കു പോയി.
അടുത്ത വെക്കേഷനു നാട്ടിലെത്തിയപ്പോഴാണ് ഞാന്‍ പ്രകാശനിലേക്ക് സത്യന് സാര്‍ വിളിച്ചത്. പടം ക്ലിക്കായി. എന്റെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു. പിന്നീടു നിരവധി ഓഫറുകൾ. പക്ഷേ, ഞാന്‍ ദുബായില്‍ ആയിരുന്നു. 2019ല്‍ നാട്ടില്‍ സെറ്റിലായി സിനിമ പ്രഫഷനാക്കാന്‍ തീരുമാനിച്ചു. വീണ്ടും ഓഡിഷനു പോയി. അങ്ങനെ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, യുവം തുടങ്ങിയ സിനിമകള്‍ ചെയ്തു. ഞാനിവിടെയുണ്ടെന്ന് ഇന്‍ഡസ്ട്രിയില്‍ അറിഞ്ഞുതുടങ്ങി. തുടര്‍ന്നു ജാനേമന് ഉള്‍പ്പെടെയുള്ള സിനിമകള്‍. പടവെട്ടിനു ശേഷം സിനിമകള്‍ വന്നുകൊണ്ടേയിരുന്നു.
കാരക്ടര്‍ വേഷങ്ങള്‍ അനായാസമാണോ..?
അമ്മ, അമ്മായിയമ്മ, ചേച്ചി....അങ്ങനെയുള്ള വേഷങ്ങളാണ് ആദ്യംമുതലേ കിട്ടിയത്. അത് ആളുകള്‍ക്ക് ഏറെ കണക്ടായി. ചെയ്യുന്ന കഥാപാത്രങ്ങള്‍ അവരിലൊരാളെപ്പോലെ തോന്നിയതുകൊണ്ടാവാം വീണ്ടും വീണ്ടും അത്തരം വേഷങ്ങള്‍ വന്നത്. അങ്ങനെയുള്ള കഥാപാത്രമാകാന്‍ അത്ര വലിയ പ്രയാസമൊന്നും തോന്നിയിട്ടില്ല. നമുക്കുചുറ്റിനും അങ്ങനെയുള്ള ആളുകളാണല്ലോ.
കുണ്ഡലപുരാണം...
കുണ്ഡലപുരാണം സാധാരണക്കാരുടെ കഥയാണ്. ഒരു സാധാരണ വീട്ടമ്മയാണ് എന്റെ കഥാപാത്രം തങ്കമണി. ഇന്ദ്രന്‍സേട്ടനൊപ്പം മുമ്പു ഞാന്‍ പടവെട്ടും അര്‍ച്ചന 31 നോട്ടൗട്ടും ചെയ്തിട്ടുണ്ട്. ചേട്ടന് വളരെ കംഫര്‍ട്ടാണ്. വളരെ സിംപിളായ മനുഷ്യൻ.
അതുകൊണ്ട് എനിക്കു പേടിയോ ടെന്‍ഷനോ വെപ്രാളമോ ഒന്നുമില്ലായിരുന്നു. ഇത്രയും വര്‍ഷത്തെ എക്സ്പീരിയന്‍സുള്ള ഒരാളുടെ കൂടെയാണ് അഭിനയിക്കുന്നതെന്നു പോലും നമുക്കു തോന്നിക്കാത്തവിധമാണ് അദ്ദേഹം ഇടപഴകുന്നത്.
കനകരാജ്യത്തിന്റെ വിശേഷങ്ങള്‍..?
കനകരാജ്യത്തില് മുരളി ഗോപിച്ചേട്ടന്റെ അമ്മായിയമ്മ. ലിയോണ ലിഷോയിയുടെ അമ്മ. എപ്പോഴുമുള്ളതുപോലെ ബഹളം വയ്ക്കുന്ന ഒരമ്മയല്ല. കുറച്ചേയുള്ളൂവെങ്കിലും ഏറെ ഇഷ്ടംതോന്നിയ വേഷം. മുരളി ഗോപി അടിപൊളി മനുഷ്യനാണ്. ഞാനും മുരളിച്ചേട്ടനും ലിയോണയും രാജേഷ് ശര്‍മയുമുള്ള സീക്വന്‍സുകളുടെ ഇടവേളയില്‍, യാതൊരു ജാഡയുമില്ലാതെ അദ്ദേഹം തന്റെ അനുഭവങ്ങള്‍ പറയുമായിരുന്നു. ആ സമയമൊക്കെ ഏറെ വിലപ്പെട്ടതായിരുന്നു.
കാരക്ടര്‍ വേഷങ്ങളിലൊതുങ്ങുന്നതു കരിയറിനെ ബാധിക്കില്ലേ..?
അതു കരിയറിലെ വളര്‍ച്ചയ്ക്കു തടസമാകില്ല. അത്തരം വേഷങ്ങള്‍ മാത്രമേ എനിക്കു ചെയ്യാന്‍ പറ്റുകയുള്ളൂ എന്നു ചിലര്‍ ചിന്തിച്ചേക്കാം. ഇവര്‍ക്കു വേറൊരു വേഷം കൊടുത്താല്‍ നന്നാകും എന്നു മാറിച്ചിന്തിക്കുന്നവരുമുണ്ട്. ഇപ്പോഴത്തെ പിള്ളേരൊക്കെ അങ്ങനെയുള്ളവരാണ്. അവരൊക്കെ മുന്നോട്ടുവരുമ്പോള്‍ ഞാന്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള വേഷങ്ങള്‍ കിട്ടുമെന്നാണു വിശ്വാസം. കോമഡി, സ്ട്രോംഗ് ആയ വേഷങ്ങള്‍, നെഗറ്റീവ് വേഷങ്ങള്‍, കുശുമ്പത്തി കഥാപാത്രം...എല്ലാം താത്പര്യമുണ്ട്.
ശബ്ദമാണോ പ്ലസ് പോയന്റ്..?
ശബ്ദമൊരു പ്ലസ് പോയന്റ് തന്നെയാണ്. പക്ഷേ, അതു മാത്രമല്ല. വേറിട്ട ശബ്ദമാണെന്ന് എല്ലാവരും പറയാറുണ്ട്.
ചലഞ്ചിംഗ് വേഷമേതാണ്..?
ഇതുവരെയും വലിയ ചലഞ്ചുള്ള വേഷമെന്നും വന്നിട്ടില്ല. ഉണ്ടെങ്കില്‍ അത് പടവെട്ടിലെ പുഷ്പയാണ്. പലപല വര്‍ക് ഷോപ്പുകളും ട്രെയിനിംഗും കൊണ്ടു നേടിയെടുത്തതാണ് ആ വേഷം. പിന്നെ, ആയിരത്തൊന്നു നുണകളിലെ ഇന്ദുവിനെയും വളരെ ഇഷ്ടമാണ്. പിന്നീടു ചലഞ്ചിംഗായി തോന്നിയത് ഞാന്‍ ഇപ്പോള്‍ ചെയ്ത ഒരു സിനിമയിലേതാണ്. കുറച്ചു രഹസ്യസ്വഭാവമുള്ള വേഷമാണത്.
അടുത്ത സിനിമകള്‍..?
നേമം പുഷ്പരാജ് സംവിധാനം ചെയ്ത രണ്ടാം യാമം. അഭിലാഷ് പിള്ള സ്ക്രിപ്റ്റ് ചെയ്ത ആനന്ദ് ശ്രീബാലയില്‍ ഒരു ചെറിയ വേഷം. പിന്നെ, വി.സി. അഭിലാഷ് സംവിധാനം ചെയ്ത എ പാന്‍ ഇന്ത്യന്‍ സ്റ്റോറി. അനുശ്രീ നായികയായ, സണ്ണി ലിയോണി അഭിനയിച്ച സിനിമയിലും ചെറിയ വേഷം. വികാരം എന്ന സിനിമയില്‍ അനു മോഹന്റെ അമ്മവേഷം. വേട്ടയാന്‍ ഒക്ടോബര്‍ റിലീസാണ്.
ഫാമിലി സപ്പോര്‍ട്ട് പ്രധാനമല്ലേ..?
ഫാമിലി എനിക്ക് ഒഴിച്ചുകൂടാനാവില്ല. ഭര്‍ത്താവാണ് എന്റെ നട്ടെല്ല്. എപ്പോഴും പോസിറ്റീവാണ്. ഞങ്ങളുടെ ഫാമിലിയിലെ ഓരോരുത്തരും, എന്റെ മക്കള്‍ സഹിതം തരുന്ന പിന്തുണയിലാണ് ഒരു സാധാരണ കുടുംബത്തില്‍നിന്നു വന്ന ഞാന്‍ ഇന്ന് ഇവിടെ നില്‍ക്കുന്നത്.