എല്ലാം മായമ്മ!
Thursday, July 11, 2024 11:56 AM IST
അഭിനേത്രി എന്നതിനൊപ്പം മോഡല്‍, നര്‍ത്തകി എന്നിങ്ങനെയെല്ലാം തിളങ്ങുന്ന താരമാണ് അങ്കിത വിനോദ്. അങ്കിത നായികയായ രമേശ്കുമാര്‍ കോറമംഗലം രചനയും സംവിധാനവും നിര്‍വഹിച്ച മായമ്മ എന്ന സിനിമ ഈ മാസം ആദ്യമാണ് തിയറ്ററുകളിലെത്തിയത്.
നാവോറ് പാട്ടിന്റെയും പുള്ളുവന്‍ പാട്ടിന്റെയും അഷ്ടനാഗക്കളം മായ്ക്കലിന്റെയും പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രം. ഒരു പുള്ളുവത്തിയും നമ്പൂതിരിയും തമ്മിലുള്ള പ്രണയവും തുടര്‍ന്ന് പുള്ളുവത്തി നേരിടേണ്ടി വരുന്ന പ്രതിസന്ധികളും ചിത്രം വരച്ചുകാട്ടുന്നു. സിനിമയിലെ കേന്ദ്രകഥാപാത്രമായ മായമ്മയായാണ് അങ്കിത വേഷമിട്ടത്.
ചുറ്റുമുള്ളവരുടെ ജാതിചിന്ത മൂലം മായമ്മയ്ക്കു നേരിടേണ്ടി വരുന്ന ദുരന്തങ്ങളും ഒപ്പം സ്ത്രീത്വത്തിനും അഭിമാനത്തിനും വേണ്ടി അവള് നടത്തുന്ന പോരാട്ടവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. സീരിയലിലൂടെ അഭിനയരംഗത്തു വന്ന അങ്കിത ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് വെള്ളിത്തിരയില്‍ നായികാപദവിയിലേക്ക് ഉയര്‍ന്നിരിക്കുന്നത്.
ആദ്യം അഭിനയിച്ച ചിത്രം തിയറ്ററില്‍ വരാനിരിക്കുകയാണ്. കാഴ്ചയില്‍ നടി ഖുശ്ബുവിന്റെയും മോഹിനിയുടെയും മുഖഛായ അങ്കിതയിൽ കാണാനാകും. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ഇന്നു സിനിമ-സീരിയല്‍ രംഗത്തേക്കു വരുന്ന കലാകാരന്മാരുടെ എണ്ണം കൂടിവരികയാണ്. മലയാള സീരിയല്‍ രംഗത്തേക്ക് ടിക്ടോക്കില്‍നിന്നു വന്ന താരമാണ് അങ്കിത.
ടിക് ടോക്ക് വീഡിയോകള്‍ കണ്ടാണ് നടിക്കു സീരിയലില്‍ അവസരം ലഭിക്കുന്നത്. എന്നാൽ, സീരിയലിലോ സിനിമയിലോ എത്തുകയെന്ന ലക്ഷ്യത്തോടെയല്ല വീഡിയോകൾ ചെയ്തിരുന്നതെന്ന് അങ്കിത പറയുന്നു. അങ്കിത സണ്‍ഡേ ദീപികയോട്...
ആദ്യമായി കാമറയ്ക്കു മുന്നില്‍
ആദ്യമായി കാമറയ്ക്കു മുന്നിലെത്തിയത് ഒരു സംഗീത ആല്‍ബത്തിനു വേണ്ടിയായിരുന്നു. പിന്നീട് ടിക്ടോക് വീഡിയോകള്‍ ചെയ്തു. നടിയാവണം എന്ന് ചെറുപ്പം മുതൽ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, ആ അവസരം കിട്ടിയത് യാദൃച്ഛികമായാണ്. മനസിൽ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും നടിയാകാനുള്ള ശ്രമങ്ങളൊന്നും നടത്തിയിരുന്നില്ല. ടിക് ടോക്കിലും അത്ര സജീവമായിരുന്നുമില്ല.
അതൊരു പാഷനൊന്നുമല്ലായിരുന്നു. സമയം കിട്ടുന്നതുപോലെ വല്ലപ്പോഴുമൊക്കെ നൃത്തത്തിന്റെ ഷോര്‍ട്ട് വീഡിയോകള്‍ ചെയ്തിരുന്നു. അങ്ങനെ പോസ്റ്റ് ചെയ്ത ഒരു ഡാന്‍സ് വീഡിയോ വൈറലായി. അതു കണ്ടിട്ടാണ് എന്നെ സീരിയലിലേക്കു വിളിച്ചത്. അനുരാഗം ആണ് ആദ്യ സീരിയല്‍. പിന്നീട് പാടാത്ത പൈങ്കിളി, എന്നും സമ്മതം എന്ന സീരിയലുകൾകൂടി ചെയ്തു.
സീരിയല്‍ നടിമാര്‍ക്കു സിനിമയില്‍ അവസരം കുറവാണോ?
സീരിയലില്‍ അവസരം കിട്ടുമ്പോഴും എന്റെ മനസില്‍ സിനിമയായിരുന്നു. സീരിയലില്‍ അവസരം കിട്ടിയപ്പോള്‍ ആ രംഗത്തുനിന്ന് അഭിനയം കൂടുതൽ പഠിക്കാമെന്നു കരുതി. പക്ഷേ, സീരിയല്‍ ആര്‍ട്ടിസ്റ്റ് എന്നതുകൊണ്ടു മാത്രം പല സിനിമകളും നഷ്ടമായി.
നമ്മുടെ അഭിനയശേഷി നോക്കിയല്ല, സീരിയല്‍ നടിയാണോ എങ്കില്‍ സിനിമയിലേക്കു വേണ്ട എന്നു പറഞ്ഞു പലപ്പോഴും ഒഴിവാക്കുകയായിരുന്നു. എന്നാൽ, ഒടുവിൽ ഞാൻ സിനിമയിൽത്തന്നെ എത്തപ്പെട്ടു.
മോഡല്‍, നര്‍ത്തകി
ഷോര്‍ട്ട് ഫിലിമുകള്‍ ഒക്കെ ചെയ്യുന്ന സമയത്തു ചിലര്‍ ചിത്രങ്ങള്‍ എടുത്തോട്ടെ എന്നു ചോദിക്കുകയും അങ്ങനെ മോഡലിംഗ് രംഗത്തേക്കു വരികയുമായിരുന്നു. ചെറുപ്പത്തില്‍ത്തന്നെ ശാസ്ത്രീയ നൃത്തം പഠിച്ചുതുടങ്ങി. ആറു വര്‍ഷത്തെ പഠനം കഴിഞ്ഞ് അരങ്ങേറ്റവും നടത്തി. പിന്നീട് ശാസ്ത്രീയ നൃത്തവുമായുള്ള ടച്ച് വിട്ടെങ്കിലും എല്ലാ തരത്തിലുള്ള ഡാന്‍സും ഇന്നു ഞാന്‍ ചെയ്യും.
സിനിമയിലേക്ക്
സിനിമയിൽ ഞാനെത്തിയത് എനിക്കും അദ്ഭുതമായാണ് തോന്നുന്നത്. കാരണം സീരിയലില്‍നിന്നു സിനിമയിലേക്കു വരാന്‍ അത്ര എളുപ്പമല്ല. സീരിയലില്‍ ഞാന്‍ ചെയ്ത മധുരിമ എന്ന കഥാപാത്രം വളരെ ശ്രദ്ധിക്കപ്പെട്ടതുകൊണ്ടാണ് എനിക്കു സിനിമയില്‍ അവസരം കിട്ടുന്നത്. ആ സീരിയലിലെ ഒരു അസോസിയേറ്റ് ഡയറക്ടറാണ് എന്നെ സിനിമയിലേക്ക് റഫര്‍ ചെയ്യുന്നത്.
അങ്ങനെ ആദ്യ സിനിമയായ പോലീസ് ഡേ ചെയ്തു. അതിനു ശേഷമാണ് മായമ്മ ചെയ്യുന്നത്. പക്ഷേ, ആദ്യം റിലീസ് ആയത് മായമ്മയാണ്. കെപിഎസി ലീലാമണിയമ്മയാണ് എന്നെ മായമ്മയിലേക്ക് റഫര്‍ ചെയ്യുന്നത്.
മായമ്മയിലെ കഥാപാത്രം
ഞാന്‍ ബംഗളൂരുവില്‍ ജനിച്ചുവളര്‍ന്നയാളാണ്. ഞാന്‍ കണ്ടുവളര്‍ന്ന സംസ്കാരമെല്ലാം ഇവിടുത്തേതില്നിന്നു വളരെ വ്യത്യസ്തം. നാട്ടിലേക്കു വന്നിട്ട് കുറച്ചു നാളെ ആയിട്ടുള്ളൂ. സീരിയലിലും സിനിമയിലും അവസരം കിട്ടി ഡയലോഗുകള്‍ പറയാന്‍ തുടങ്ങിയതോടെയാണ് എന്റെ മലയാളം പോലും കുറച്ചു നന്നായി വന്നത്.
മായമ്മയിലെ കഥാപാത്രം ശരിക്കും എനിക്കു കുറച്ചു ബുദ്ധിമുട്ടായിരുന്നു. സംവിധായകനും മറ്റ് അണിയറ പ്രവര്‍ത്തകരും നന്നായി പിന്തുണച്ചു. തിരക്കഥയിലെ മലയാളം ഭാഷ കുറച്ച് ബുദ്ധിമുട്ടേറിയതായിരുന്നു. യു ട്യൂബിലും മറ്റും തെരഞ്ഞ് പുള്ളുവത്തി സ്ത്രീയെക്കുറിച്ചു പഠിച്ച ശേഷമാണ് ആ വേഷം ചെയ്തത്.
ഖുശ്ബുവിന്റെയും മോഹിനിയുടെയും മുഖഛായ
ഖുശ്ബു മാമിന്റെ മുഖഛായ ഉണ്ടെന്നു സീരിയലില്‍ ഞാന്‍ വന്ന കാലത്ത് എല്ലാവരും പറഞ്ഞിരുന്നു. ചിരിയൊക്കെ അവരുടേതു പോലെയാണെന്നും ചിലരൊക്കെ പറഞ്ഞിരുന്നു. എന്നാല്‍, മോഹിനിയുടെ മുഖഛായ ഉണ്ടെന്ന് എനിക്ക് ഇതുവരെ തോന്നിയിട്ടില്ല. മായമ്മ സിനിമ ഇറങ്ങിയ ശേഷമാണ് ചിലരൊക്കെ അങ്ങനെ പറഞ്ഞതായി കേള്‍ക്കുന്നത്.
കുടുംബം
അച്ഛനും അമ്മയും അനുജത്തിയും അടങ്ങുന്നതാണ് എന്റെ കുടുംബം. അച്ഛന് വിനോദ് ആര്‍ക്കിടെക്ട് ആണ്. അമ്മ സുനിത. അനുജത്തി അനന്ദിത. ഞങ്ങള്‍ ബംഗളൂരുവിലായിരുന്നു താമസം. ഏഴെട്ടു വര്‍ഷം ആയിട്ടേയുള്ളൂ തിരുവല്ലയില്‍ സ്വന്തം നാട്ടിലേക്കു വന്നിട്ട്.
ടി.ജി. ബൈജുനാഥ്