"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന് മോശമാക്കിയില്ല
Thursday, January 25, 2024 12:08 PM IST
അങ്ങനെ മലയാളത്തിന്റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോട്ടൈ വാലിബന്' തീയറ്ററുകളില്‍ എത്തി. എന്നാല്‍ ആദ്യ ഷോകള്‍ അവസാനിക്കുമ്പോള്‍ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.
സ്ലോ പേസിലുള്ള കഥ പറച്ചില് രീതി ലിജോ ജോസ് പെല്ലിശേരി ആരാധകരെ തൃപ്തിപ്പെടുത്തുമ്പോള് മോഹന്‍ലാല്‍ ഫാന്‍സിനെ അത്രയങ്ങ് കൈയടിപ്പിച്ചില്ല. അതായത് മാസ് പ്രതീക്ഷിച്ചവര്‍ ലിജോയുടെ ക്ലാസ് കണ്ടിറങ്ങിയെന്നര്ഥം.
ഒരു അമര്‍ച്ചിത്ര കഥയെ ഓര്‍മിപ്പിക്കുന്ന ചിത്രം സമാന രംഗങ്ങളുടെയും ഡയലോഗുകളുടെയും ആവര്‍ത്തനം നിമിത്തം തിയറ്റര്‍ കുലുക്കുന്നില്ല. എന്നാല്‍ മലയാള സിനിമ മുമ്പ് കണ്ടിട്ടില്ലാത്ത കാഴ്ചാനുഭവം സമ്മാനിക്കാന്‍ മലൈക്കോട്ടൈ വാലിബന് കഴിഞ്ഞിട്ടുണ്ട്.
മോഹന്‍ലാല്‍ അവതരിപ്പിച്ച മലൈക്കോട്ടൈ വാലിബന് പ്രേക്ഷകനോട് നീതിപുലര്‍ത്തുന്നുണ്ട്. കഥാപാത്രത്തിനായി കായികമായും ശാരീരികമായും ഒരുങ്ങി എന്നത് അദ്ദേഹത്തിന്റെ പ്രകടനം സാക്ഷ്യപ്പെടുത്തുന്നു.
കഥ നന്ദി, ഡാനിഷ് സെയ്ത്, ഹരീഷ് പേരടി, സഞ്ജന ചന്ദ്രന്, മണികണ്ഠന് ആചാരി, സോണാലി കുല്‍ക്കര്‍ണി. ഹരിപ്രശാന്ത് വര്‍മ, സുചിത്ര നായര്‍ തുടങ്ങിയ അഭിനേതാക്കളും മികച്ച പ്രകടനമാണ് നടത്തുന്നത്.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാന മികവിനൊപ്പം എടുത്തുപറയേണ്ട ഒന്നാണ് മധു നീലകണ്ഠന്റെ ഛായഗ്രഹണം. ഒരു ചുംബനത്തെ പ്രാപഞ്ചികമായി മാറ്റുന്ന മാജിക് അദ്ദേഹത്തിന്റെ കാമറ കാട്ടിത്തരുമ്പോള്‍ ഏതൊരു പ്രേക്ഷകനും വിസ്മയിക്കും.
മല്ലയുദ്ധവും രാത്രിയാകാശവും ആള്‍ക്കൂട്ടത്തിന്റെ ആഘോഷവും ഒക്കെ മിഴിവൊട്ടും ചോരാതെ പ്രേഷകന് മുന്നിലെത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. പ്രശാന്ത് പിള്ളയുടെ പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു.
പി.എസ്. റഫീഖിന്റെ തിരനാടകം ശരാശരി നിലവാരം മാത്രമാണ് പുലര്‍ത്തുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ ഭാഷയുടെ മികവും ചില വാചകങ്ങളും ഗാനങ്ങളും എടുത്തു പറയേണ്ടത് തന്നെയാണ്. "പോര് കഴിഞ്ഞു പോകുമ്പോള്‍ മകന്റെ നട്ടെല്ലൂരിത്തരാം' എന്ന വാചകവും, മദഭര മിഴയയോരം എന്ന ഗാനവുമൊക്കെ അതിനുദാഹരണങ്ങളാണ്.
ആദ്യപകുതിയില്‍ പതിയെ സഞ്ചരിക്കുന്ന വാലിബന് ഇടവേളയ്ക്കിപ്പുറം വേഗതയും മാസും കാട്ടുന്നുണ്ട്. എന്നാല്‍ ഇത് ഉടനീളം നിലനിറുത്താന്‍ ചിത്രത്തിന് ആകുന്നില്ല. ലക്ഷ്യമുണ്ടെന്ന് കരുതുന്ന ലക്ഷ്യമില്ലാത്ത യാത്രയും പോരും പകയും പ്രണയവും കലയും കരച്ചിലും പ്രതികാരവുമൊക്കെ ഈ ചിത്രം പറയുന്നുണ്ട്.
മലൈക്കോട്ടൈ വാലിബന് അത്ര പോരാത്ത ഒന്നല്ലെന്ന് കണ്ടറിയുന്നവര്‍ക്ക് മനസിലാകും. ചിത്രം മേക്കിംഗിന്റെ ക്വാളിറ്റി നിമിത്തം മലയാള സിനിമയ്ക്ക് അഭിമാനമായി മാറുമെന്ന് നിസംശയം പറയാം.
ജനസാഗരത്തെ തന്റെ കൈക്കുമ്പിളില്‍ കഥാപാത്രങ്ങളാക്കി മാറ്റാനുള്ള ലിജോയുടെ കഴിവ് ഒരിക്കല്‍ കൂടി തെളിയിക്കുന്ന മലൈക്കോട്ടൈ വാലിബന് അതിന്റെ രണ്ടാം ഭാഗത്തിന്റെ സൂചനയോടെയാണ് അവസാനിക്കുന്നത്.