ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
Friday, October 6, 2023 10:04 AM IST
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ്ങളാണ് ടിനു പാപ്പച്ചൻ ജോയ് മാത്യു കൂട്ടുകെട്ടിന്റെ "ചാവേർ" വെള്ളിത്തിരയിൽ അവതരിപ്പിക്കുന്നത്.
കണ്ണൂരിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഈ ചലച്ചിത്രത്തിൽ ഉടനീളം മലയാളികൾക്ക് ചിരപരിചിതമായ അക്രമ രാഷ്ട്രീയത്തിന്റെ ഇരുണ്ട മുഖം പ്രതിഫലിപ്പിക്കുന്നുണ്ട്. പ്രത്യയശാസ്ത്ര നിബദ്ധമായ അക്രമരാഷ്ട്രീയത്തിന് പിന്നാലെ പോകുന്ന ജീവിതങ്ങളുടെ നിരർഥകതയാണ് ചലച്ചിത്രത്തിന്റെ പ്രതിപാദ്യം.
ഇതെല്ലാം കണ്ടും കേട്ടും അനുഭവിച്ചും വന്ന മിക്കവരുടെയും കഥ മലയാളികൾക്കറിയാവുന്നതിനാൽ കാഴ്ചക്കാരിൽ ഭൂരിപക്ഷത്തിനും സിനിമ മുന്നോട്ടുവയ്ക്കുന്ന ആശയം ഉൾക്കൊള്ളാൻ ബുദ്ധിമുട്ടുണ്ടാവില്ല.
കുഞ്ചാക്കോ ബോബന്റെ അശോകനും, ആന്റണി വർഗീസിന്റെ കിരണും, അർജുൻ അശോകന്റെ അരുണുമാണ് സിനിമയിലെ മൂന്ന് പ്രധാന കഥാപാത്രങ്ങൾ.
പാർട്ടി മുന്നോട്ടുവയ്ക്കുന്ന പ്രത്യയ ശാസ്ത്രത്തിനുവേണ്ടി ജീവിതം സമർപ്പിച്ചിരിക്കുന്ന വ്യക്തിയാണ് അശോകനെങ്കിൽ, ഒരു കെണിയിൽ എന്നതുപോലെ ഒരു പ്രത്യേക സാഹചര്യത്തിൽ കൊലയാളി സംഘത്തിനൊപ്പം അകപ്പെടുന്നയാളാണ് മെഡിക്കൽ വിദ്യാർത്ഥിയായ അരുൺ.
ചതിയിൽ പെട്ട് കൊലക്കത്തിക്ക് ഇരയാകുന്ന തെയ്യം കലാകാരനാണ് കിരൺ. പാർട്ടി ആവശ്യപ്പെട്ടാൽ ആരെയും കൊലപ്പെടുത്താൻ മടിയില്ലാത്ത നിഷ്ഠൂരനായ ഒരു കൊലയാളിയാണ് കുഞ്ചാക്കോ ബോബന്റെ അശോകൻ എന്ന കഥാപാത്രം.
അത്തരമൊരു കഥാപാത്രത്തെ മികവുറ്റ രീതിയിൽ അവതരിപ്പിക്കാനുതകുന്ന വ്യത്യസ്തമായ ഒരു പരിവേഷമാണ് കുഞ്ചാക്കോ ബോബനുള്ളത്.
പ്രമേയവും സാങ്കേതിക മികവും സംവിധാനവും അവതരണവും കൊണ്ട് ശ്രദ്ധേയമാണെങ്കിലും കടുത്ത വിമർശനങ്ങളാണ് ചാവേർ എന്ന ചലച്ചിത്രത്തിന് ആദ്യ മണിക്കൂറുകൾ മുതൽ നേരിടേണ്ടിവന്നത്.
എന്നാൽ, അത്തരം വിമർശനങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കണ്ടിറങ്ങിയവർ സാക്ഷ്യപ്പെടുത്തുന്നു. സിനിമ കൈകാര്യം ചെയ്യുന്ന വിഷയമാണ് ഇവിടെ സ്ഫോടനാത്മകമായി മാറുന്നത്.
പാർട്ടി ആവശ്യപ്പെട്ടാൽ എന്ത് നിഷ്ടൂര കൃത്യത്തിനും മടികാണിക്കാത്ത ഒരു സ്ഥിരം കുറ്റവാളി, ഒരിക്കൽ താൻ ചെയ്ത കൊലപാതകം ഒരു വ്യക്തിയുടെ സ്വാർത്ഥ താല്പര്യത്തിന്റെ ഭാഗമായിരുന്നു എന്ന് തിരിച്ചറിയുകയാണ്.
പാർട്ടിയുടെ പ്രത്യയശാസ്ത്രത്തിന് അടിയറവ് വച്ചിരുന്ന അയാളുടെ മസ്തിഷ്കം യാഥാർഥ്യം തിരിച്ചറിയുന്നത് ഏറെ വൈകിയാണ്.
ഒരു തിരിച്ചുവരവില്ലാത്ത ഘട്ടത്തിൽ താനെത്തി എന്ന അയാളുടെ തിരിച്ചറിവും അതിലേയ്ക്ക് നയിക്കുന്ന സാഹചര്യങ്ങളുമാണ് സിനിമയുടെ കഥാതന്തു.
ആരുടെയൊക്കെയോ കളിപ്പാവകളായിരുന്നു താനും കൂട്ടാളികളും എന്ന് തിരിച്ചറിയുമ്പോഴേയ്ക്കും എല്ലാം കൈവിട്ടുപോകുന്നു. എങ്കിലും, യാതൊരുവിധ മനസറിവുമില്ലാതെ തങ്ങൾക്കൊപ്പം വന്നുചേരുന്ന അരുണിനെ ഏതുവിധേനയും രക്ഷപെടുത്താൻ അവർ കഴിവതും പരിശ്രമിക്കുന്നുമുണ്ട്.
പ്രത്യയശാസ്ത്രത്തിന് അടിമപ്പെട്ടെങ്കിലും നന്മയുടെ കണികകൾ തീർത്തും നഷ്ടപ്പെടാത്ത പച്ച മനുഷ്യരായാണ് ചലച്ചിത്രത്തിലെ കഥാപാത്രങ്ങളിൽ ഏറിയ പങ്കും പ്രത്യക്ഷപ്പെടുന്നത്.
എന്നാൽ, അവരെ നയിക്കുന്ന ചിലർ തങ്ങളുടെ സ്വാർത്ഥ ലക്ഷ്യങ്ങൾക്കുവേണ്ടി അണികളെ ദുരുപയോഗിക്കാൻ മടികാണിക്കാത്തവരാണ് എന്ന സന്ദേശവും ചലച്ചിത്രം നൽകുന്നു.
രക്തം കണ്ട് അറപ്പുമാറിയ കൊടുംകുറ്റവാളികൾക്കിടയിൽ അകപ്പെടുന്ന ചില പാവം മനുഷ്യരുടെ നിസഹായതയും സിനിമ എടുത്തുകാണിക്കുന്നുണ്ട്.
ആന്റണിയുടെ കഥാപാത്രവും ദീപക് പറമ്പോൽ അവതരിപ്പിച്ച കഥാപാത്രവും അത്തരത്തിൽ കാഴ്ചക്കാരുടെ മനസിൽ തങ്ങിനിൽക്കും. ഒ
രു വലിയ ഇടവേളയ്ക്ക് ശേഷം ചെറുതെങ്കിലും ശക്തമായ ഒരു വേഷവുമായി സംഗീത സിനിമയിൽ സാന്നിധ്യം അറിയിച്ചിരിക്കുന്നു. മുൻനിര താരങ്ങൾക്കൊപ്പം മനോജ് കെ.യു., സജിൻ ഗോപു തുടങ്ങിയവരും തങ്ങളുടെ വേഷങ്ങൾ ഭദ്രമാക്കി.
ദൃശ്യത്തിനും ശബ്ദത്തിനും വലിയ പ്രാധാന്യം നൽകിയാണ് ടിനു പാപ്പച്ചൻ ചാവേറിനെ അണിയിച്ചൊരുക്കിയിരിക്കുന്നത്. ജിന്റോ ജോർജിന്റെ ഛായാഗ്രഹണവും, ജസ്റ്റിൻ വർഗീസിന്റെ പശ്ചാത്തല സംഗീതവും ചലച്ചിത്രത്തിന്റെ എടുത്തുപറയത്തക്കതായ സവിശേഷതകളാണ്.
നെടുനീളൻ ഡയലോഗുകൾ ഇല്ലാതെ ദൃശ്യങ്ങളിലൂടെ കഥപറയുന്ന വേറിട്ട ശൈലിയാണ് ചാവേറിന്റേത്. നടനും സംവിധായകനുമായ ജോയ് മാത്യുവിന്റെ തിരക്കഥ ആ ശൈലിക്ക് യോജിച്ച വിധത്തിൽ തയ്യാറാക്കിയിരിക്കുന്നു.
സിനിമയുടെ വ്യത്യസ്തതയെ ഉൾക്കൊള്ളാൻ മടിയുള്ളവർക്ക് ആസ്വദിക്കാൻ വൈഷമ്യം നേരിട്ടേക്കാം. സിനിമ അവതരിപ്പിക്കുന്ന പ്രമേയം കല്ലുകടിയായി അനുഭവപ്പെട്ടേക്കാവുന്ന ഒരു പ്രത്യേക കൂട്ടരും ചലച്ചിത്രത്തിനെതിരെ രംഗത്തുവരാനിടയുണ്ട്.
എന്തുതന്നെയായാലും, അക്രമരാഷ്ട്രീയത്തിന്റെ കൊടുക്കൽ വാങ്ങലുകൾക്കിടയിൽ ബലിയാടുകളാകുന്ന നിരവധി ജന്മങ്ങൾക്ക് ഈ സിനിമ ഒരു ശക്തമായ ഓർമ്മപ്പെടുത്തലാണ്.
വിനോദ് നെല്ലയ്ക്കൽ