തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
Wednesday, August 30, 2023 12:13 PM IST
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷകന് സമ്മാനിച്ചതെങ്കിൽ ഈ ഓണക്കാലത്ത് തീയറ്ററുകളിൽ നിറഞ്ഞോടുന്ന ആർഡിഎക്സ് മാസിന്റെ വെടിക്കെട്ട് തീർക്കുകയാണ്.
വീക്ക്എൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമിച്ച് നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രം മോളിവുഡ് ആക്ഷൻ പാക്ക്ഡ് ചിത്രങ്ങളിലെ വേറിട്ട പരീക്ഷണം തന്നെയാണ്. പരീക്ഷണം വിജയിച്ചുവെന്ന് മാത്രമല്ല, യൂത്ത് മൾട്ടി സ്റ്റാർ സിനിമകളിലെ കോംന്പിനേഷൻ ഫോർമുലയ്ക്ക് തന്നെ ഒരു മാറ്റമാണ് ചിത്രം കൊണ്ടുവന്നത്.
ഷെയിൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിൽ മൂവരുടേയും പ്രകടനവും സ്ക്രീൻ പ്രസൻസും കിറുകൃത്യം അളവിൽ തുല്യമായി തന്നെയാണ് സംവിധായകൻ ഒരുക്കിയത്. ലാൽ, മാലാ പാർവതി, ബാബു ആന്റണി, ഐമ റോസ്മി സെബാസ്റ്റ്യൻ, മഹിമ നന്പ്യാർ എന്നിവരുടെ കഥാപാത്രങ്ങളും മികവ് പുലർത്തി.
ഓണത്തല്ല്... തല്ലോട് തല്ല്
കഥ പറഞ്ഞ് സ്പോയിലറാക്കുന്നതിനേക്കാൾ സിനിമാ കാണാത്തവരുടെ മുന്നിൽ ചില സൂചനകൾ നൽകുന്നതാണ് ഉത്തമം. പള്ളി പെരുന്നാളിനോട് അനുബന്ധിച്ചുണ്ടാകുന്ന തർക്കം, പിന്നാലെയുള്ള അടി, അത് കുടുംബത്തിനകത്തേക്കും വ്യാപിക്കുന്നിടത്താണ് കഥ തുടങ്ങുന്നത്. കണ്ട് മറന്ന ചില റിവഞ്ച് ചിത്രങ്ങളുടെ രീതിയിലാണോ ഈ സിനിമയുടെയും പോക്കെന്ന് പ്രേക്ഷകൻ സംശയിക്കുന്ന സമയത്ത് അതാ തുടങ്ങുന്നു അസൽ കരാട്ടെ തല്ല്.
കെജിഎഫിനും ബീസ്റ്റിനുമൊക്കെ ആക്ഷൻ രംഗങ്ങൾ തയാറാക്കിയ അൻബറിവിന്റെ മിന്നൽ ആക്ഷൻ സീക്വൻസാണ് സിനിമയുടെ ഹൈലൈറ്റ്. മലയാള സിനിമയിൽ അത്രകണ്ട് പരിചിതമല്ലാത്ത പ്രഫഷണൽ സ്റ്റണ്ട് ഒരുക്കുന്നതിൽ അൻബറിവ് ടച്ച് എടുത്ത് നിൽക്കുന്നു.
സാധാരണ ഗതിയിൽ അടുത്തത് എന്ത് സംഭവിക്കുമെന്ന് ഊഹിക്കാൻ കഴിവുള്ള പ്രേക്ഷകന്റെ ഉള്ളിൽ പോലും ഉദ്വേഗവും സസ്പെൻസും നിറച്ച സ്റ്റണ്ട് സീക്വൻസുകൾക്ക് പിന്നിലുള്ള വലിയ അധ്വാനം ചിത്രത്തിന്റെ വിജയത്തിന് നിർണായകമായി.
തീപാറുന്ന സംഘട്ടന രംഗങ്ങൾ മനോഹരമായി പകർത്തിയ അലക്സ് ജെ. പുളിക്കലും വലിയ കൈയടി അർഹിക്കുന്നു. കൊച്ചിൻ കാർണിവെലടക്കം കണ്ണിനും മനസിനും കുളിർമയേകുന്ന രംഗങ്ങൾ ആർഡിഎക്സിൽ ആവോളമുണ്ട്.
നഹാസ് ഹിദായത്തിന്റെ തന്നെ കഥയ്ക്ക് ആദർശ് സുകുമാരൻ, ഷാബാസ് റഷീദ് എന്നിവർ ചേർന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. തിരക്കഥയിലെ പഞ്ചിന് അതർഹിക്കുന്ന മേക്കിംഗ് തന്നെ നൽകാൻ സംവിധായകന് സാധിച്ചിട്ടുണ്ട്.
ടിക്കറ്റെടുത്താൽ...
സംശയം വേണ്ട, പൈസ വസൂൽ. ഓണചിത്രം കൂടിയായ ആർഡിഎക്സ് തിയേറ്ററുകളിൽ ക്രൗഡ് പുള്ളറായി മാറിയത് വന്പൻ ചിത്രങ്ങളുടെ കുത്തൊഴുക്കിലാണെന്നത് ശ്രദ്ധേയമാണ്. പ്രമോഷൻ വഴി ആളെക്കയറ്റുന്നതിന് പകരം മൗത്ത് പബ്ലിസിറ്റിയിൽ ബോക്സ് ഓഫീസ് തരംഗം സൃഷ്ടിച്ച ഈ "യൂത്തൻ ഇടിപ്പടം' വരാനിരിക്കുന്ന പവർ പാക്ക്ഡ് മലയാള ചിത്രങ്ങൾ സഞ്ചരിക്കാനിരിക്കുന്ന പാതയിലേക്കുള്ള ഒരു ചൂണ്ടുപലകയാണെന്ന് നിസംശയം പറയാം.
പാട്ടും ഡാൻസും പകയും പ്രണയവും പ്രതികാരവും എല്ലാം ഒപ്പത്തിനൊപ്പം ചേർത്ത ഒരു ഫെസ്റ്റിവൽ മൂഡ് സിനിമ തന്നെയാണ് ആർഡിഎക്സ്. ഈ ഓണക്കാലത്ത് കുടുംബത്തോടൊപ്പം ധൈര്യമായി തീയറ്ററിലേക്ക് പോകാൻ രണ്ടാമതൊന്ന് ചിന്തിക്കേണ്ട.
തോമസ് ചെറിയാൻ .കെ