അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
Saturday, July 29, 2023 10:43 PM IST
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി എത്തുന്ന ചിത്രമാണ് ജയലാൽ ദിവാകരൻ സംവിധാനം ചെയ്ത "കുറുക്കൻ'.
സുന്ദരിയുടെ കൊലപാതകം അന്വേഷിക്കാനായി എത്തുന്ന വിനീത് ശ്രീനിവാസന്റെ മണ്ടൻ സിഐ കഥാപാത്രം, എങ്ങനെയും ഒരു പ്രതിയെ ഒപ്പിച്ച് താൻ നേരത്തെ അകപ്പെട്ട മറ്റ് നാണക്കേടുകളിൽ നിന്ന് രക്ഷനേടാൻ നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിൽ ഉടനീളം.
ഇതിനിടയിൽ, സ്ഥിരം കള്ളസാക്ഷി പറയുന്ന കൃഷ്ണൻ എന്ന കഥാപാത്രം ആയി ശ്രീനിവാസൻ എത്തുന്നതോടെ രംഗം കൊഴുക്കുന്നു. ഷൈൻ ടോം ചാക്കോ അവതരിപ്പിക്കുന്ന ഹരി എന്ന ടെക്കിയെ കേസിൽ കുടുക്കാൻ ഇരുവരും ചേർന്ന് ശ്രമിക്കുന്നതിനിടയിൽ ഭേദപ്പെട്ട ചിരി നിമിഷങ്ങൾ വന്ന് പോകുന്നു.
ഇതുതന്നെയാണ് ചിത്രത്തിന്റെ ഗുണവും ദോഷവും. പൂർണമായും പ്രേക്ഷകരെ ചിരിപ്പിക്കണോ അതോ ത്രില്ലർ മൂഡിൽ പോകണോ എന്ന് സംവിധായകന് വല്ലാത്ത സംശയമുണ്ടെന്നത് വളരെ വ്യക്തമാണ്. ഡാർക് കോമഡി ട്രാക്കിലേക്ക് ചിത്രം എത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും അതിന് സാധിക്കാത്തതിനാൽ കൺഫ്യൂഷനിലാകുന്നത് പ്രേക്ഷകനാണ്.
പ്രേക്ഷകനെ മടുപ്പിക്കാതെ കഥ മുന്നോട്ട് കൊണ്ടുപോകാൻ അണിയറപ്രവർത്തകർക്ക് സാധിക്കുന്നുണ്ടെങ്കിലും സമ്പൂർണ തൃപ്തി തരുന്ന അനുഭവമല്ല ചിത്രം സമ്മാനിക്കുന്നത്. അവസാന ട്വിസ്റ്റ് പ്രതീക്ഷിതം ആയിരുന്നെങ്കിലും അഭിനേതാക്കളുടെ പ്രകടനം മൂലം അത് രസകരമായി അവതരിപ്പിക്കാൻ സാധിച്ചിട്ടുണ്ട്.
ശാരീരിക അസ്വസ്ഥതകൾ മൂലം ക്ലേശം അനുഭവപ്പെടുന്നതിനിടെ ഡബ് ചെയ്തതിനാൽ, ശ്രീനിവാസന്റെ സംസാരരീതി മിമിക്രി താരങ്ങൾ അദ്ദേഹത്തെ അനുകരിച്ചിരുന്ന "മൂക്കടച്ച് നീട്ടിപറയൽ' തരത്തിലാണ്. എന്നാൽ ഇതൊന്നും അഭിനയത്തെ ബാധിക്കാൻ അദ്ദേഹം ഇടനൽകിയിട്ടില്ല എന്നത് അഭിനന്ദനാർഹമാണ്.
ത്രില്ലർ സീരീസുകളുടെ അതിപ്രസരം ഉണ്ട് എന്ന് പ്രധാന കഥാപാത്രത്തെ കൊണ്ട് ഒരുവേള പറയിപ്പിക്കുന്ന സംവിധായകൻ, തന്റെ ചിത്രം ഒഴുക്കിൽ നീന്തുന്ന ഇല പോലെ വല്യ കുഴപ്പമില്ലാതെ സഞ്ചരിക്കും എന്ന് ദീർഘദൃഷ്ടിയിൽ കണ്ടുകാണണം.
ജോർജ് സഖറിയ