കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
Tuesday, June 27, 2023 12:22 AM IST
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ലവ നായകന്റെ ഭരണകാലത്തിന്റെ അവസാന ലാപ്പിൽ നടക്കുന്ന ഒരു കൊലപാതകം. രാഷ്ട്രീയമോ സാമൂഹികമോ ആയ യാതൊരുവിധ സെൻസേഷനും സൃഷ്ടിക്കാതെ, കൊച്ചിയിലെ ഒരു ഇടുങ്ങിയ ലോഡ്ജിൽ മരിച്ചുവീഴുന്ന ഒരു ലൈംഗികത്തൊഴിലാളിയെ ചുറ്റിപ്പറ്റിയുള്ള അന്വേഷണം.
ആഗോള ഭീമന്മാരായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ മലയാളത്തിലെ ആദ്യ വെബ്സീരിസായ "കേരള ക്രൈം ഫയൽസ്: ഷിജു, പാറയിൽ വീട് നീണ്ടകര'യുടെ കഥാതന്തു ഇതാണ്.
സീരിയൽ കില്ലറുകളുടെ പിന്നാലെ പായുന്ന ഹോളിവുഡ് സ്റ്റൈൽ അന്വേഷണമില്ലാതെ, കേരള പോലീസിലെ സാധാരണക്കാരായ ഉദ്യോഗസ്ഥർ നടത്തുന്ന അന്വേഷണമാണ് അഹമ്മദ് കബീർ സംവിധാനം ചെയ്ത ഈ സീരിസിലുള്ളത്.
അതിവേഗ ത്രില്ലറുകളും ആക്ഷൻ ബ്ലോക്കുകൾ നിറഞ്ഞ പോലീസ് പടങ്ങളും കണ്ട പ്രേക്ഷകർക്ക് അജു വർഗീസ് അവതരിപ്പിക്കുന്ന എസ്ഐ കഥാപാത്രം നയിക്കുന്ന ഈ റിയലിസ്റ്റിക് അന്വേഷണം പുതുമ ഉണർത്തുന്നതാണ്.
സൈബർ തെളിവുകൾ ഉപയോഗിക്കാതെ, പരിമിതമായ ഇടങ്ങളിലുള്ള ട്രാഫിക് കാമറകളിലെ ദൃശ്യങ്ങൾ പ്രയോജനം വരാതെ, ആക്രിവസ്തുക്കളിലെ പേപ്പറുകളിൽ നിന്ന് തെളിവ് കണ്ടെത്തുന്ന പോലീസ് സംഘം ചില പ്രേക്ഷകരയെങ്കിലും 1980-കളിലെ എസ്.എൻ. സ്വാമി - മമ്മൂട്ടി ചിത്രങ്ങളിലെ അന്വേഷണ വഴികളെ ഓർമിപ്പിക്കും.
ഷിജു എന്ന വ്യാജ പേരിൽ സൃഷ്ടിച്ചെടുത്ത അഡ്രസുമായി വിലസുന്ന വില്ലൻ ഒരിക്കലും അതിമാനുഷികനോ അതീവ ബുദ്ധിമാനോ അല്ല. എങ്കിലും അയാളുടെ സാമൂഹ്യജീവിത പ്രത്യേകതകൾ മൂലം അയാളിലേക്ക് എത്തിപ്പെടാൻ കേരള പോലീസ് നന്നായി വിയർക്കുന്നു.
അരമണിക്കൂർ വീതമുള്ള ആറ് എപ്പിസോഡുകളുള്ള ഈ സീരിസിലെ മൂന്നാം എപ്പിസോഡാണ് അന്വേഷണത്തിലെ "ഹൈ പോയിന്റ്'. പ്രേക്ഷകരെ രസിപ്പിക്കുന്ന ആ ഘട്ടത്തിൽ നിന്ന് സീരിസ് ത്രസിപ്പിക്കുന്ന വേഗം കൈവരിക്കുമെന്ന കരുതുമെങ്കിലും വീണ്ടും പതിഞ്ഞ താളത്തിലേക്ക് വീണുപോകുന്നു.
ഇത് സീരിസിന്റെ മൊത്തം ആസ്വാദനത്തെ ബാധിക്കുന്നുണ്ട്. ഇനി കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന ചിന്ത പ്രേക്ഷകനിൽ നിറയുന്നതോടെ വില്ലനെ തേടിയുള്ള യാത്ര അടുത്ത മൂന്ന് എപ്പിസോഡുകളെ താരതമ്യേന വിരസമാക്കുന്നു.
തിരക്കഥയുടെ ഈ ഘട്ടം പാളിയെങ്കിലും, സദാചാര മുഖംമൂടിയുള്ള കേരളത്തിലെ സമൂഹത്തിൽ ജീവിക്കുന്ന ഒരു ശരാശരി മനുഷ്യന്റെ ലൈംഗികതൃഷ്ണയെയും അത് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെയും രചയിതാവ് ആഷിഖ് അമീർ വഴക്കത്തോടെ കൈകാര്യം ചെയ്ത് സ്ക്രീനിലെത്തിച്ചു എന്നത് അഭിനന്ദനാർഹമാണ്.
സാധാ പോലീസുകാർ അന്വേഷിക്കുന്ന ഒരു സാധാ കൊലപാതകത്തിന്റെ കഥ പറയുന്ന ഈ സീരീസ് ശരാശരി അനുഭവം മാത്രമാണ് പ്രേക്ഷകന് സമ്മാനിക്കുന്നത്.
ജോർജ് സഖറിയ