പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
Wednesday, June 14, 2023 11:51 PM IST
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി കോളിവുഡിൽ സ്ഥിരം സാന്നിധ്യമാണ്. വിഷ്ണു വിശാലിന്റെ കരിയർ മാറ്റിമറിച്ച "രാക്ഷസൻ' എന്ന ചിത്രത്തിന് ശേഷം ഒരുപാട് സൈക്കോ കഥകൾ നിരനിരയായി എത്തി തമിഴ് പറഞ്ഞ് പ്രേക്ഷകരെ നിരാശപ്പെടുത്തി.
ആ പട്ടികയിലേക്ക് പോകില്ലെന്ന് മനസാ ഉറപ്പിച്ച തിരക്കഥയുടെ ബലവുമായി ആണ് സംവിധായകൻ വിഗ്നേഷ് രാജ "പോർ തൊഴിൽ' എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്.
പ്രേക്ഷകന്റെ ബുദ്ധിയെ വിലകുറച്ച് കാട്ടാതെ, ഡയലോഗുകൾ വഴി അമിതമായ വിശദീകരണങ്ങൾ ഒഴിവാക്കിയാണ് വിഗ്നേഷും സഹതിരക്കഥാകൃത്ത് ആൽബർട്ട് രാജയും ദൃശ്യങ്ങൾ രൂപകൽപന ചെയ്തത്.
ചെറുപ്പം മുതൽ അമിതമായ ഭയത്തോടെ ജീവിക്കുന്ന യുവാവ് പാതിമനസോടെ പോലീസ് സേനയിലെത്തുന്നുവെന്ന കഥാതന്തുവിലാണ് ചിത്രം ആരംഭിക്കുന്നത്.
"മീസൈയെ മുറുക്കാതെ'യും മസിൽ പിടിക്കാതെയും നടക്കുന്ന, പോലീസ് ലുക്ക് തീരെയില്ലാത്ത പയ്യൻസ് (അശോക് സെൽവൻ) സേനയിലെ ഒറ്റബുദ്ധിക്കാരനായ ഓഫീസറുടെ (ശരത് കുമാർ) പക്കേലക്ക് മെന്റീ ആയി അയയ്ക്കപ്പെടുന്നു.
ഗൗതം മേനോന്റെ ചിത്രങ്ങളിലുടെ ഇന്ത്യയിലെത്തി, മേജർ രവിയുടെ പട്ടാള ചിത്രങ്ങൾ വെള്ളമൊഴിച്ച് വളർത്തിയ ഹോളിവുഡ് "ബഡി പെയർ' ടെംപ്ലേറ്റിന്റെ രസകരമായ ട്വിസ്റ്റാണ് സംവിധായകൻ ഇവിടെ ഒരുക്കിയിരിക്കുന്നത്.
ശവശരീരം കണ്ടാൽ പേടിച്ച് ഓടുന്ന പയ്യൻസിനൊപ്പം ചേർന്ന് ക്രൂരമായ കൊലപാതക പരമ്പരയുടെ ചുരുളഴിക്കാൻ സീനിയർ പോലീസുകാരൻ ശ്രമിക്കുമ്പോൾ തലമുറകൾ തമ്മിലുള്ള വ്യത്യാസവും ആശയങ്ങളിലെ വ്യതിയാനവും വെളിവാകുന്നു.
ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തുന്ന സ്ത്രീ ശവശരീരങ്ങൾ എല്ലാ സൈക്കോ പടങ്ങളിലുമെന്ന പോലെ "പോർ തൊഴിലിലും' നിറയുന്നുണ്ട്. എന്നാൽ ഉദ്വേഗം ജനിപ്പിക്കുന്ന സീനുകളുമായി മുന്നോട്ട് പോകുന്ന ചിത്രം പ്രേക്ഷകൻ പ്രതീക്ഷിക്കുന്ന സീനുകളിലൂടെ തന്നെ കാഴ്ചക്കാരനെ കബളിപ്പിക്കുന്നു.
ട്വിസ്റ്റുകളുടെ അതിപ്രസരമോ, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളോ ഇല്ലെങ്കിലും, എല്ലാം തനിക്ക് വ്യക്തമായി എന്ന് പ്രേക്ഷകൻ ചിന്തിക്കുന്നിടത്തിൽ നിന്ന് തിരക്കഥ കൂടുതൽ സത്യങ്ങൾ മുന്നോട്ട് വയ്ക്കുന്നു.
സൈക്കോ കഥാപാത്രത്തിന്റെ മനസിനെ ചാഞ്ചാട്ടാവസ്ഥയിൽ എത്തിക്കുന്ന കാര്യങ്ങൾ വളരെ വ്യക്തതയോടെ "ബിഗ് റിവീലിൽ' വെളിവാക്കുന്നതോടെ ചിത്രം മികച്ച ത്രില്ലറുകളുടെ പട്ടികയിലേക്ക് ഉയരുന്നു. എങ്ങനെ കൊല ചെയ്തു എന്നതിനെക്കാൾ, എന്തിന് എന്ന ചോദ്യത്തിനാണ് സംവിധായകൻ പ്രാധാന്യം നൽകുന്നത്. സൈക്കോ കഥാപാത്രങ്ങളെ കോമാളികളാക്കുന്ന തരത്തിലുള്ള മോട്ടീവുകൾ കണ്ടുമടുത്ത പ്രേക്ഷകന് ഇത് വലിയൊരു ആശ്വാസമാണ്.
ഹൊറർ ചിത്രമല്ലെങ്കിലും ശബ്ദലേഖനത്തിലെ മികവ് മൂലം ചില സീനുകളിൽ "ജംപ് സ്കേറുകൾ' കൃത്യമായി ഫലിക്കുന്നുണ്ട്.
പോലീസ് സഖ്യത്തിനൊപ്പമുള്ള നായിക കഥാപാത്രമായ നിഖില വിമലിനെ ഒതുക്കി നിർത്താതെ, പ്രധാന പ്ലോട്ടിലേക്ക് കൂട്ടിച്ചേർക്കാൻ സംവിധായകന് സാധിച്ചുവെന്നത് ശ്രദ്ധേയമാണ്. ഈയിടെ വിടവാങ്ങിയ തെലുഗു - തമിഴ് താരം ശരത് ബാബുവിന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും മികച്ച റോളുകളിൽ ഒന്നാണ് ഈ ചിത്രത്തിലേത്.
ടൈറ്റിൽ കാർഡിലെ ഒരു താരത്തിന്റെ പേര് ചിത്രത്തിലെ പ്രധാന വെളിപ്പെടുത്തലിനെപ്പറ്റി സൂചന നൽകുമെങ്കിലും തിരക്കഥയുടെ ബലം മൂലം ഇത് വലിയൊരു പോരായ്മയായി അനുഭവപ്പെടില്ല. സന്തോഷ് കീഴാറ്റൂർ പതിവ് പോലെ "മരിച്ചഭിനയിച്ചു' എന്നത് മാറ്റിനിർത്തിയാൽ പുതുമയുള്ളതും പ്രേക്ഷകന്റെ മനസിനെ തൊടുന്നതുമായ ചിത്രമാണ് " പോർ തൊഴിൽ'.
ജോർജ് സഖറിയ