പ്രേക്ഷകന്റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്റ്'
Friday, April 28, 2023 11:35 PM IST
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാണുമെന്നതിന്റെ ഉദാഹരണമാണ് സുരേന്ദർ റെഡ്ഡി സംവിധാനം ചെയ്ത "ഏജന്റ്'. ലഹരിവസ്തുക്കളുടെ ഉപയോഗം ആപത്ത് എന്ന് എഴുതിക്കാട്ടുന്നതിൽ തെളിഞ്ഞുവരുന്ന അക്ഷരത്തെറ്റും ഗൂഗിൾ ട്രാൻസ്ലേറ്ററിന്റെ നിറസാന്നിധ്യവും "ഏജന്റ്' പൊട്ടിക്കുന്ന വെടി ഏത് ഭാഗത്തേക്ക് പോകുമെന്ന് വ്യക്തമാക്കിത്തരുന്നു.
മലയാളത്തിലെ ഒരു മെഗാതാരം പ്രധാനവേഷത്തിലെത്തുന്ന ബിഗ് ബജറ്റ് ചിത്രം മൊഴിമാറ്റി കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കുമ്പോൾ പ്രത്യേക ശ്രദ്ധ നൽകേണ്ട ശബ്ദസംവിധാനത്തിലും ഈ ചിത്രത്തിന് പാളിച്ച പറ്റുന്നു. മലയാളികൾക്ക് സുപരിചിതമായ മമ്മൂട്ടിയുടെ ഘനഗാംഭീര്യമുള്ള ശബ്ദം അവസാന നിമിഷത്തിലെ തട്ടിക്കൂട്ട് ശബ്ദലേഖനം കൊണ്ട് നനഞ്ഞ പടക്കമായി ആണ് അനുഭവപ്പെടുന്നത്. ഒരുവേള ഡയലോഗിനിടയ്ക്ക് മമ്മൂട്ടിയുടെ ശബ്ദത്തിന് പകരം മറ്റൊരാളുടെ ശബ്ദവും കടന്നുവരുന്നു.
ചിത്രത്തിന്റെ കഥയ്ക്ക് പ്രത്യേകിച്ച് പുതുമയൊന്നും അവകാശപ്പെടാനില്ലാത്തതിനാൽ ഒരു ശരാശരി പ്രേക്ഷകൻ ആദ്യം ശ്രദ്ധിക്കുക ഇത്തരം കാര്യങ്ങളാകും. ചാരപ്രവർത്തനത്തിൽ അതീവതൽപരനായ ഒരു "വൈൽഡ് ഭ്രാന്തന്' ആയി ആണ് അക്കിനേനി താരകുടുംബത്തിലെ ഇളമുറക്കാരനായ അഖിൽ എത്തുന്നത്.
"ജോൺ വിക്ക്' ആകാൻ ശ്രമിക്കുന്ന ആക്ഷൻ സീക്വൻസുകളുടെ ഇടയിൽ 1970-കളിലെ വില്ലന്മാരുടെ "അരിമില്ല് മെഷീൻ' കണക്കുള്ള ഓഫീസ് സെറ്റുകളും വന്നുനിറയുന്നു. മോശം വിഎഫ്എക്സും ഗ്രീൻ സ്ക്രീനിന്റെ മുഴച്ചുനിൽക്കുന്ന ഉപയോഗവും പ്രത്യേക പരാമർശം അർഹിക്കുന്നു.
ഏജന്റിന്റെ മെന്റർ ആയി എത്തുന്ന മമ്മൂട്ടിക്ക് കാര്യമായി ഒന്നും ചെയ്യാനില്ല. മാത്രമല്ല താരത്തിന് നേർക്ക് ഭാവിയിൽ സൈബർ ലോകത്ത് നിന്ന് എത്താനിടയുള്ള മീം/ട്രോൾ സ്ക്രീൻഷോട്ടുകൾ സംവിധായകൻ എതിരാളികൾക്ക് സമ്മാനിക്കുകയും ചെയ്യുന്നു.
എന്തിനോ വേണ്ടി തിളച്ച നായിക ആയി സാക്ഷി വൈദ്യയും "അലൈ വൈകുണ്ഠപുരമുലോ' ഹാംഗ്ഓവർ വിട്ടുമാറാത്ത അച്ഛനായി മുരളി ശർമയും വന്നുപോകുന്നു. കുഴപ്പമില്ലാത്ത രീതിയിൽ ചിത്രം മുന്നേറുന്നതായി തോന്നുന്ന ഒരു ഘട്ടത്തിൽ "ഹരേ കൃഷ്ണ ഹരേ റാം' എന്ന ഗാനത്തിന്റെ ഹിപ്പി ട്രിബ്യൂട്ട് കടന്നുവന്ന് വീണ്ടും ഒഴുക്ക് നശിപ്പിക്കുന്നു.
കഴിഞ്ഞ കുറച്ച് നാളുകളായി ഏവരെയും വിസ്മയിപ്പിക്കുന്ന തരത്തിലുള്ള പ്രകടനം കാഴ്ചവയ്ക്കുന്ന മമ്മൂട്ടിയുടെ പ്രകടന ഗ്രാഫിനെ തീർച്ചയായും പിന്നോട്ടടിക്കുന്ന ചിത്രമാണിത്. വർഷങ്ങൾക്ക് മുമ്പെത്തിയ മമ്മൂട്ടിയുടെ സ്പൈ/ഏജന്റ് ചിത്രമായ "വന്ദേമാതരം' മനസിൽ വച്ച് അളന്നാൽ "ഏജന്റ്' കണ്ടുനോക്കാവുന്ന ഒരു ചിത്രമാണെന്ന് വ്യക്തമാകും എന്നത് മാത്രമാണ് ഏക ആശ്വാസം.
ജോർജ് സഖറിയ