എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
Friday, April 28, 2023 10:58 PM IST
ഒരു നവാഗതസംവിധായകൻ തന്റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്ഞെടുക്കുന്നു എന്നത് എക്കാലവും കൗതുകം ഉണർത്തുന്ന ഒരു ചിന്തയാണ്. മലയാള ചലച്ചിത്ര ലോകത്തെ ഘടാഘടിയന്മാരിൽ ഒരാളുടെ പൈതൃകം പേറി എത്തുന്ന അഖിൽ സത്യൻ, ഒരേസമയം വ്യത്യസ്തവും എന്നാൽ ചിരപരിചിതവുമായ ഒരു നീക്കമാണ് ഇവിടെ നടത്തുന്നത്.
പതിറ്റാണ്ടുകളായി നന്മനിറഞ്ഞ നായകന്മാരെ സൃഷ്ടിക്കുന്ന അന്തിക്കാട് ബ്രാൻഡിന്റെ ചൂടും ചൂരുമുള്ള ചിത്രമാണ് "പാച്ചുവും അത്ഭുതവിളക്കും'. എങ്കിലും ദേശീയ രാഷ്ട്രീയത്തിൽ സ്ഥിരമായി മുഴങ്ങികേൾക്കുന്ന ഒരു പദ്ധതി മുദ്രാവാക്യത്തിന്, വിദ്വേഷത്തിന്റെ കലർപ്പുകളില്ലാതെ നവീനമായൊരു ചലച്ചിത്രഭാഷ ഒരുക്കുക എന്ന ദൗത്യം ഏറ്റെടുത്താണ് അഖിൽ മലയാള സിനിമയിലേക്ക് കാലെടുത്ത് വയ്ക്കുന്നത്. ഏറ്റെടുത്ത ഉദ്യമത്തിലെ ഈ ആത്മാർഥത സ്ക്രീനിലെ കാഴ്ചകളിലൂടെ വ്യക്തവുമാണ്.
പരാജയങ്ങൾ നിറഞ്ഞ, ദൗർബല്യങ്ങൾ സുവ്യക്തമായി കാട്ടുന്ന ശരീരഭാഷയുള്ള ശരാശരി മലയാളി നായകനായി ആണ് ഫഹദ് ഫാസിൽ എത്തുന്നത്. മുംബൈയിലെ ഇയാളുടെ ജീവിതം കാട്ടി തുടങ്ങുന്ന ചിത്രത്തിലെ ആദ്യ സീക്വൻസുകളിൽ നിന്ന് തന്നെ ചിത്രത്തിന്റെ രചയിതാവ് കൂടിയായ അഖിലിന് സ്വാഭാവികമായി നർമം സൃഷ്ടിക്കാൻ കഴിയും എന്ന് വ്യക്തമാണ്.
ഒരിക്കൽ പോലും വമ്പൻ പൊട്ടിച്ചിരികൾ ഉണർത്താതെ, പ്രേക്ഷകന്റെ ചുണ്ടിൽ സ്ഥിരമായി ഒരു ചെറുപുഞ്ചിരി സമ്മാനിച്ച് മുന്നേറുന്ന ചിത്രം രണ്ടാം പകുതിയാകുമ്പോൾ ട്രാക്ക് മാറ്റുന്നു. സത്യൻ അന്തിക്കാട് ചിത്രങ്ങൾ കണ്ടുശീലിച്ചിട്ടുള്ള പ്രേക്ഷകർ പ്രതീക്ഷിക്കുന്നത് പോലെ നായകൻ നടത്തുന്ന തിരിച്ചറിവിന്റെ യാത്ര (വാച്യാർഥത്തിലും വ്യംഗാർഥത്തിലും) ആണ് പിന്നീട് സ്ക്രീനിൽ തെളിയുന്നത്.
എന്നാൽ കൗമാരക്കാരിയായ ഒരു പെൺകുട്ടിയുടെ വിദ്യാഭ്യാസ സ്വപ്നങ്ങളുടെ കഥയാണ് ചിത്രത്തിന്റെ പ്രധാന ഇതിവൃത്തം. കഴിവുകൾ ഏറെയുണ്ടായിട്ടും സാഹചര്യങ്ങൾ മൂലം അവസരങ്ങൾ നിഷേധിക്കപ്പെടുന്നവരുടെ കുതിപ്പ് സാധ്യമാക്കിയാണ് പാച്ചു മടങ്ങുന്നത്.
"ഞാൻ പ്രകാശൻ' എന്ന തന്റെ അവസാന എന്റർടെയ്നർ ചിത്രത്തിൽ പ്രേക്ഷകരുടെ കൈയടിക്ക് പാത്രമായ തരത്തിലുള്ള എക്സ്പ്രസീവ് കോമഡി ഫഹദ് ഇവിടെ ഉപയോഗിച്ചിട്ടില്ല. എങ്കിലും നിസാരമായി പ്രേക്ഷകരെ രസിപ്പിക്കാനുള്ള കഴിവ് തനിക്കുണ്ടെന്ന് അദ്ദേഹം വീണ്ടും തെളിയിക്കുന്നു.
തന്റെ ശബ്ദത്തിന്റെ സേവനം മാത്രം മതിയെന്ന് പറഞ്ഞ് സ്ക്രീനിൽ നിന്ന് കുറച്ചുനാളായി അകറ്റിനിർത്തിയവർക്ക് മുമ്പിൽ മികച്ച പ്രകടനത്തിലൂടെ വിനീത് മനോഹരമായ മറുപടി നൽകുന്നതിനും ഈ ചിത്രം സാക്ഷിയാകുന്നു.
അതിഭാവുകത്വത്തിനും അമിത റിയലിസത്തിനും ഇടനൽകാത്ത തരത്തിൽ മലയാള സിനിമ നിർമിച്ചുപോന്നിരുന്ന മധ്യധാര സന്തോഷ ചിത്രങ്ങളുടെ പട്ടികയിൽ മോശമല്ലാത്ത സ്ഥാനം പാച്ചുവും അത്ഭുതവിളക്കും നേടുമെന്ന് ഉറപ്പാണ്.
ഏതാനും നാളുകളായി ആഴ്ചാവസാനം തീയേറ്ററുകളിൽ എത്തി പ്രേക്ഷകരെ പരീക്ഷിക്കുന്ന ചിത്രങ്ങളുമായി തുലനം ചെയ്യുമ്പോൾ, കഥാപാത്രങ്ങളുടെ എഴുത്താഴം കൊണ്ട് മിഴിവേറിയ ഈ ചിത്രം ഒരു ചെറിയ അത്ഭുതം തന്നെയാണ്.
ജോർജ് സഖറിയ