കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
Sunday, April 23, 2023 7:21 AM IST
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്റെ ആഗ്രഹത്തിന്റെ കഥ പറയുന്ന ചിത്രമാണ് മുഹഷിൻ സംവിധാനം ചെയ്ത "കഠിന കഠോരമീ ഈ അണ്ഡകടാഹം'. ജീവിതത്തിന്റെ അവസാന ശ്വാസത്തിനപ്പുറവും സ്വന്തം ഇടത്തിനായി നെട്ടോട്ടം ഓടുന്ന സാധാരണക്കാരുടെ കഥയാണ് അണിയറ പ്രവർത്തകർ പറയാൻ ആഗ്രഹിക്കുന്നത്.
ജനശ്രദ്ധ ആകർഷിക്കാനായി ചിത്രത്തിന് കടുകട്ടി പേര് ചാർത്തി നൽകിയ അണിയറപ്രവർത്തകർ, കാഠിന്യമേറിയ ജീവിതത്തിന്റെ നേർക്കാഴ്ചകൾ തുടർച്ചയായി കാട്ടി ശരാരശരി പ്രേക്ഷകനെ ശരിക്കും വലയ്ക്കുന്നു.
ദുരിതങ്ങൾ പെയ്തിറങ്ങിയ കോവിഡ് കാലത്തിന് ശേഷം സന്തോഷവും നായകവിജയങ്ങളും മാത്രം വലിയ സ്ക്രീനിൽ കാണാൻ ആഗ്രഹിക്കുന്ന മലയാളി പ്രേക്ഷകനെ മടുപ്പിക്കുന്ന തരത്തിൽ അമിതമായ റിയലിസ്റ്റിക് കാഴ്ചകൾ സ്ക്രീനിൽ നിറയുന്നുണ്ട്.
ഓട്ടത്തിനിടിയിൽ വീണുപോയവരുടെ കഥ പറയുന്ന ചിത്രത്തെ വർണശബളമാക്കാൻ കഴിയില്ലെന്ന സത്യം നിലനിൽക്കുന്നു. എന്നാൽ ഈ ചിത്രത്തിലെ നായകനായ ബേസിൽ ജോസഫിന്റെ കഴിഞ്ഞ വർഷത്തെ ഹിറ്റ് ചിത്രം "ജയ ജയ ജയ ജയ ഹേ' കഠിനമായ ജീവിതയാഥാർഥ്യങ്ങളെപ്പറ്റി സംസാരിച്ചിട്ടും തങ്ങളെ മടുപ്പിച്ചില്ലലോ എന്ന് ഏതൊരു പ്രേക്ഷകനും ചിന്തിച്ചേക്കാം.
സങ്കടങ്ങളുടെ കഥ പറഞ്ഞാൽ ലഭിക്കുന്ന ബുദ്ധിജീവി പരിവേഷവും ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ ലഭിക്കുന്ന "മലയാള സിനിമ വെറേ ലെവൽ' എന്ന അഭിനന്ദനവും പുതുതലമുറ സംവിധായകരെ നിരാശയിൽ മുങ്ങിക്കുളിച്ച തിരക്കഥകൾ തെരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നുണ്ട്.
ഹർഷദ് എഴുതിയ തിരക്കഥയിൽ, ഒരു കോഴിക്കോടൻ കടലോര പ്രദേശവും അവിടുത്തെ സാധാരണ ജനങ്ങളുടെ കൊറോണ ജീവിതവുമാണ് നിറയുന്നത്. അച്ഛനെപ്പൊലെ തോറ്റ പ്രവാസിയാകാൻ ആഗ്രഹിക്കാതെ, നാട്ടിൽ തന്നെ നിന്ന് പൊട്ടുന്ന കച്ചവടങ്ങൾ മാത്രം ചെയ്യുന്ന നായകനും നന്മ നിറഞ്ഞ സുഹൃത്തുക്കളും ആദ്യ പകുതിയിൽ നിറയുന്നു.
രണ്ടാം പകുതിയിൽ, കോവിഡ് കാലഘട്ടത്തിനിടെ വിടവാങ്ങിയ തങ്ങളുടെ പ്രിയപ്പെട്ടവന് സ്വന്തം നാട്ടിൽ അന്ത്യവിശ്രമം ഒരുക്കാൻ അക്ഷീണ പ്രയത്നം നടത്തുന്നവരായി ചിത്രത്തിലെ മിക്ക കഥാപാത്രങ്ങളും മാറുന്നു.
മനുഷ്യനിലെ സ്വാർഥ കച്ചവടക്കാരനെ ഉണർത്തുന്ന കോവിഡ് ക്വാറന്റീൻ ഇടങ്ങളും പൊരുത്തപ്പെടലിന്റെ വിശുദ്ധി നിറയുന്ന ഖബറിസ്ഥാനിലെ അന്ത്യവിശ്രമ ഇടവും കാട്ടിത്തരുന്ന ചിത്രം, കാലഗണന പച്ചയ്ക്ക് പറയുന്ന ഒരു ഡോക്യുമെന്ററിയുടെ താളത്തിലാണ് മിക്ക സമയത്തും നീങ്ങുന്നത്.
തിയേറ്ററിൽ പ്രേക്ഷകനെ എത്തിക്കാനും ശ്രദ്ധയോടെ ഇരുത്താനുമുള്ള അണിയറപ്രവർത്തരുടെ ഈ കഠിന ശ്രമം ഫലവത്തായാൽ അത് മലയാള ചലച്ചിത്ര അണ്ഡകടാഹത്തിലെ വലിയൊരു അദ്ഭുതമായി പരിണമിക്കും.
ജോർജ് സഖറിയ