"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
Thursday, January 26, 2023 3:37 AM IST
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എന്ന റോ ഏജന്റിനോട് മാതൃവാത്സ്യലമുള്ള മേലധികാരി ഒരുവേള പറയുന്ന വാക്യമാണിത്.
അബാസ് ടയർവാലയുടെ ഈ വരികൾ, പഠാൻ എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ പുകഴ്ത്താനുള്ള പഞ്ച് ലൈൻ എന്നതിലുപരി പ്രേക്ഷകരുടെ ഹൃദയത്തിൽ ഷാറൂഖ് ഖാൻ എന്ന നടന് എന്ത് സ്ഥാനമാണ് ഉള്ളതെന്ന് ചൂണ്ടിക്കാട്ടുകയാണ് ചെയ്യുന്നത്.
രാഷ്ട്രീയ വേട്ടയാടലുകളും ബഹിഷ്കരണ കോലാഹലങ്ങളും പിന്നിട്ടെത്തിയ ഷാറൂഖ് ഖാൻ എന്ന താരത്തിന്റെ സിനിമാ ജീവിതത്തെ ഇതിലും വ്യക്തമായി അടയാളപ്പെടുത്തുന്ന മറ്റൊരു ചലച്ചിത്ര സംഭാഷണം ഉണ്ടായിട്ടില്ല.
വർഗീയ ചേരിതിരിവുകൾ കലുഷിതമായ 1990-കൾ മുതൽ ഇന്ത്യൻ മതേതരത്വത്തിന്റെ അപ്രഖ്യാപിത മുഖമായ ഷാറൂഖ്, ഈ രാജ്യത്തിന്റെ ഒരുമയുടെ പ്രതീക്ഷയാണെന്ന് സംവിധായകൻ സിദ്ധാർഥ് ആനന്ദ് പ്രഖ്യാപിക്കുന്നു.
എന്നാൽ വെറും ഫാൻ സർവീസ് മാത്രമായി ഒതുങ്ങിപോകാമായിരുന്ന ചിത്രത്തെ രസകരമായ ബോളിബുഡ് മസാല ചിത്രമാക്കി മാറ്റാൻ സംവിധായകന് സാധിച്ചുവെന്നത് ശ്രദ്ധേയമാണ്. ജയിംസ് ബോണ്ട് മുതൽ മിഷൻ ഇംപോസിബിൾ വരെയുള്ള സ്പൈ ചിത്രങ്ങളുടെ വാർപ്പ് മാതൃകയിൽ ഒരുങ്ങിയ ചിത്രത്തിന് കഥാപരമായി യാതൊരു പുതുമയും അവകാശപ്പെടാനില്ല.
അതേസമയം രസച്ചരട് മുറിയാതെ സൃഷ്ടിച്ച ആക്ഷൻ സീക്വൻസുകളും ഷാറുഖ് ബ്രാൻഡ് തമാശകളും ചിത്രത്തെ പിടിച്ച് നിർത്തുന്നു. സ്ക്രീനിലൊരു സുന്ദരി എന്നതിനപ്പുറം ആക്ഷൻ സീനുകളിലും കഥാഗതിയിലെ മാറ്റങ്ങളിലും ശക്തമായ സാന്നിധ്യമറിയിച്ച് ദീപിക പദുക്കോണും ചിത്രത്തെ മികച്ച ദൃശ്യാനുഭവമാക്കുന്നു.
ലോകത്തിന് ഭീഷണിയായ ബയോ വെപ്പൺ തടുക്കുകയെന്ന "പഴഞ്ചൻ' ദൗത്യമാണ് ഏജന്റ് പഠാന് ലഭിക്കുന്നത്. ഇതിനിടെ യഷ്രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സിലെ ടൈഗർ സീരീസ് ചിത്രങ്ങൾക്ക് സമാനമായ രീതിയിൽ ഐഎസ്ഐ - റോ വ്യക്തിബന്ധങ്ങളും കടന്നുവരുന്നു.
പാക്കിസ്ഥാന് മേലുള്ള വിജയം എന്ന പതിവ് ബോളിവുഡ് ഫോർമുല ഉപയോഗിക്കുന്ന ചിത്രത്തിൽ ഇസ്ലാമോഫോബിയയും അമിത ദേശഭക്തിയും ഉൾപ്പെടുത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. രാഷ്ട്രീയ നേതൃത്വത്തിൽ നിന്നും തീവ്ര ദേശീയ നിലപാടുള്ള സഹപ്രവർത്തകരിൽ നിന്നുമുള്ള ഭീഷണികൾക്കെതിരെ ഷാറൂഖിന്റെ മുഖമുപയോഗിച്ച് ബോളിവുഡ് നൽകുന്ന മറുപടിയായി പഠാനെ കാണാം.
വില്ലൻ വേഷത്തിൽ പ്രതീക്ഷിച്ച സ്പാർക്ക് നൽകാൻ സാധിച്ചില്ലെങ്കിലും, ദേശസേവനത്തിനായി ഇറങ്ങിയ ശേഷം സ്വദേശത്ത് നിന്നേറ്റ മുറിവുകളിൽ അസ്വസ്ഥനാകുന്ന റോ ഏജന്റ് എന്ന ജോൺ എബ്രഹാം കഥാപാത്രം പതിവ് ബോളിവുഡ് രീതികളിൽ നിന്ന് വ്യത്യസ്തമാണ്.
വില്ലന്മാർക്ക് പ്രത്യേക മതചിഹ്നങ്ങൾ നൽകാത്തതും വീരനായ നായകനെ, അനാഥനും മതരഹിതനുമായി വരച്ചുകാട്ടിയതും വഴി പഠാന് വ്യത്യസ്തമായി. ഷാറൂഖ് ഖാൻ എന്ന നടന്റെ ബോക്സ് ഓഫീസ് വിജയം ആഗ്രഹിക്കുന്ന ഓരോ വ്യക്തിക്കും ആഘോഷിക്കാനുള്ളത് പഠാന് നൽകുന്നു.
തെറ്റുകൾ സംഭവിച്ച് വീണുപോകുന്ന പഠാനെ രക്ഷിക്കാനായി അവതരിക്കുന്ന ഭായ്ജാൻ ഉൾപ്പെടെയുള്ള മാസ് - മസാല വിഭവങ്ങൾ നിരത്തി, സാധാരണ സിനിമാ പ്രേക്ഷകർക്കും ഷാറൂഖിനോട് അനുഭാവമുള്ള സകലർക്കും ഉറപ്പായും ഇഷ്ടമാകുന്ന രീതിയിലാണ് പഠാൻ ഒരുക്കിയിരിക്കുന്നത്.
ഏറെക്കാലമായി പറയാൻ വെമ്പി നിന്ന "ആ വാക്യം' ഉറക്കെ പറഞ്ഞുകൊണ്ടാണ് പ്രേക്ഷകർ പലരും ആദ്യ ദിനം തീയേറ്ററിൽ നിന്ന് പുറത്തിറങ്ങിയത്. അത്യന്തികമായി അതാണ് സത്യവും -
Yes, The King is Back!!
ജോർജ് സഖറിയ