ഫാന്റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
Saturday, July 23, 2022 4:10 PM IST
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്പുറം ശക്തമായ രാഷ്ടീയവും ചര്‍ച്ച ചെയ്യുന്ന സിനിമ. ഇതാണ് ചുരുക്കത്തില്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം തീയേറ്ററിലെത്തിയ നിവിന്‍ പോളി ചിത്രം "മാഹാവീര്യര്‍'.
സ്ഥിരം സിനമ പാറ്റേണ്‍ വിട്ട് പുതിയ അച്ചിലാണ് മഹാവീര്യര്‍ ഒരുക്കിയിട്ടുള്ളത്. ഒരേസമയം നര്‍മവും ഫാന്റസിയും അതോടൊപ്പം അദൃശ്യമായി സമകാലിക രാഷ്ട്രീയവും സിനിമ ചര്‍ച്ച ചെയ്യുന്നു. കണ്ടു പഴകിയ കാഴ്ചകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായാണ് സംവിധായകന് എബ്രിഡ് ഷൈന്‍ സിനിമയുടെ കഥ പറയുന്നത്.
ഒരേസമയം രണ്ട് വ്യത്യസ്തമായ കഥകളാണ് സ്ക്രീനിലെത്തുന്നത്. രണ്ട് കാലങ്ങളില്‍ രണ്ടിടത്ത് നടക്കുന്ന കഥകളെ കൂട്ടിയിണക്കുന്നത് ഒരു കോടതി മുറിയും അവിടുത്തെ വാദപ്രതിവാദങ്ങളുമാണ്. പടം അക്ഷരാര്‍ഥത്തില്‍ ടൈം ട്രാവല്‍ ഫാന്റസിയില്‍ ഉള്‍പ്പെടുത്താവുന്നവയാണ്.
ഉഗ്രപ്രതാപിയായ രുദ്ര മഹാവീര ഉഗ്രസേന മഹാരാജാവിന്റെ കാലഘട്ടത്തിലെ വീരകൃത്യങ്ങള്‍ വിവരിച്ചാണ് സിനിമ ആരംഭിക്കുന്നത്. മഹാ രാജാവിന്റെ രോഗത്തിന് പരിഹാരം തേടുന്ന മന്ത്രിയായി ആസിഫ് അലി തീയറ്ററുകളില്‍ കൈയടി നേടി.
ലാല്‍ ആണ് രാജാവിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത്. രാജാവിന്റെ ഇക്കിള് രോഗം മാറാന്‍ സുന്ദരി ആയ പെണ്ണിന്റെ കണ്ണീര് തേടി പോകുന്ന മന്ത്രിയെയും കേസില്‍ അകപ്പെട്ട് കോടതിയിലെത്തുന്ന നിവിന്‍ പോളി കഥാപാത്രം അപൂര്‍ണാനന്ദ സ്വാമിയേയും ആകര്‍ഷണം ഒട്ടും ചോരാതെ കോടതി മുറിയില്‍ ഒരുമിപ്പിക്കുന്നതാണ് ചിത്രത്തിന്റെ നിര്‍ണായക ഭാഗം.
കാലങ്ങള്‍ക്കിപ്പുറം ആധുനിക കാലത്ത് നിലവിലെ കോടതി വ്യവഹാരങ്ങളിലൂടെ അപൂര്‍ണാനന്ദന്‍ സഞ്ചരിക്കുന്ന കാഴ്ചകളും കൗതുകമാണ് സിനിമയില്‍ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ഘടകം. കോടതി മുറിയിലെ നടപടികളും വാദപ്രതിവാദങ്ങളും പ്രേക്ഷകരില്‍ ചിരി പടര്‍ത്തുന്നതാണ്.
തമാശയ്ക്കപ്പുറം സമകാലീന രാഷ്ട്രീയ സംഭവവികാസങ്ങളെ കോമഡിയുടെ മാസ്ക് അണിയിച്ച് വിമര്‍ശിക്കുന്നതിനും സംവിധായകന് മറന്നിട്ടില്ല. ആദ്യ പകുതിയില്‍ നിവിന്‍ പോളിയും രണ്ടാം പകുതി ആസിഫ് അലിയും ചിത്രത്തില്‍ നിറഞ്ഞുനില്ക്കുന്നു.
കന്നഡ നടി ഷാന്‍വി ശ്രീവാസ്തവയാണ് ചിത്രത്തില്‍ നായിക. സാഹിത്യകാരന് എം. മുകുന്ദന്റെ കഥയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് എബ്രിഡ് ഷൈനാണ്. മഹാരാജാവായി ലാലും ന്യായാധിപനായി സിദ്ദിഖും ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു.
ചിത്രത്തിന്റെ സാങ്കേതിക മേഖലകളും മികവു പുലര്‍ത്തുന്നവയാണ്. ഫാന്റസിക്കപ്പുറം അര്‍ഥതലങ്ങളുള്ള ചിത്രം തീയേറ്റര്‍ എക്സ്പീരിയന്‍സ് തന്നെയാണ്. പോളി ജൂനിയര്‍ പിക്ചേഴ്സ്, ഇന്ത്യന്‍ മൂവി മേക്കേഴ്സ് എന്നീ ബാനറുകളില്‍ നിവിന്‍ പോളി, പി.എസ്. ഷംനാസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.
ലാലു അലക്സ്, വിജയ് മേനോൻ, മേജര്‍ രവി, മല്ലിക സുകുമാരൻ, സുധീര്‍ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജന് രതീഷ്, സുധീര്‍ പറവൂർ, കലാഭവന്‍ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി. അമ്പു എന്നിവരാണ് മറ്റ ചിത്രത്തിലെ മറ്റ കഥാപാത്രങ്ങൾ.