ചാരക്കേസിന്റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്റെ ആത്മകഥയോ?
Saturday, July 2, 2022 3:56 PM IST
നമ്പി നാരായണന്റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്റെ ഭാഗികമായ ചരിത്രവും അവതരിപ്പിക്കുന്ന "റോക്കട്രി' എന്ന ചിത്രം കാഴ്ചക്കാരന് മോശമല്ലാത്ത തിയേറ്റര്‍ അനുഭവമായിരിക്കും. ആരെയും അല്‍പ്പമൊന്ന് വേദനിപ്പിക്കുന്നതും ഹരംകൊള്ളിക്കുന്നതുമായ നിരവധി മുഹൂര്‍ത്തങ്ങളിലൂടെ ചലച്ചിത്രം കടന്നുപോകുന്നുണ്ട്.
ഒരു സമര്‍ഥനായ ശാസ്ത്രജ്ഞന്റെ നേട്ടങ്ങളുടെ വിവിധ ഘട്ടങ്ങള്‍ ഒരു രാജ്യത്തിന്റെ നേട്ടങ്ങള്‍ തന്നെയാകുന്ന കാഴ്ച അഭിമാനകരമാണ്. പലതും ഉപേക്ഷിച്ച് രാജ്യത്തിനു വേണ്ടി ജീവിക്കാന്‍ തീരുമാനിച്ച ഒരു വ്യക്തിത്വമായാണ് നായക കഥാപാത്രമായ നമ്പി നാരായണന് സിനിമയില്‍ അവതരിപ്പിക്കപ്പെടുന്നത്.
ഇന്ത്യ കണ്ട ഏറ്റവും മികച്ച ശാസ്ത്രജ്ഞന്
വിക്രം സാരാഭായിയുടെ ഏറ്റവും സമര്‍ഥനായ ശിഷ്യന്, എ.പി.ജെ. അബ്ദുള്‍കലാമിനെക്കാള്‍ മിടുക്കനായ അദ്ദേഹത്തിന്റെ സഹപ്രവര്ത്തകന്, നാസയിലേക്കുള്ള ക്ഷണം സംശയമില്ലാതെ തട്ടിത്തെറിപ്പിച്ചയാള്, 52 ശാസ്ത്രജ്ഞന്മാരെ നിയോഗിച്ച് ഫ്രാന്‍സിന്റെ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സാങ്കേതികവിദ്യ സമര്‍ഥമായി "അടിച്ചുമാറ്റാന്‍' നേതൃത്വം കൊടുത്ത ബുദ്ധിരാക്ഷസന്, അമേരിക്കയുടെ യുദ്ധഭീഷണി നിലനില്ക്കുമ്പോള് അതിസാഹസികമായി റഷ്യയില്‍നിന്നും ക്രയോജനിക് എന്ജിന് കടത്തിക്കൊണ്ടുവന്നയാള്‍, എന്നിങ്ങനെ ശക്തമായ ഒരു നായക പരിവേഷമാണ് ഈ സിനിമയില്‍ ആദ്യന്തം നമ്പി നാരായണന് ഉള്ളത്.
ഇന്ത്യയുടെ പരാധീനതകള്‍ക്കും പരിമിതികള്‍ക്കും ഇടയിലും റോക്കട്രിയില്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞതിന് പിന്നിലെ പ്രധാന കരങ്ങള്‍ നമ്പി നാരായണന്റേതാണ് എന്നാണ് സിനിമ സ്ഥാപിക്കുന്നത്. ഇന്ത്യയുടെ അഭിമാനമായ വികാസ് എന്ന ലിക്വിഡ് പ്രൊപ്പല്‍ഷന്‍ എന്‍ജിന്റെ നിര്‍മാണവും അതിന്റെ വിജയവുമെല്ലാം നമ്പി നാരായണന്റെ നേട്ടമായാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.
വികാസ് എന്ന പേര് എന്ജിന് നല്‍കുന്നതും അദ്ദേഹമാണെന്ന് പറഞ്ഞുവയ്ക്കുന്നു. ചിത്രത്തിന്റെ സിംഹഭാഗവും ഒരു ശാസ്ത്രജ്ഞന് എന്ന നിലയില്‍ സമാനതകളില്ലാത്ത നേട്ടങ്ങള്‍ കരസ്ഥമാക്കിയ വലിയ ഭാവി മുന്നില്‍ അവശേഷിച്ചിരുന്ന ഒരു ശാസ്ത്രജ്ഞന്റെ ജീവിതത്തെയും വിജയകഥയെയും വരച്ചുകാണിക്കാനാണ് ഉപയോഗിച്ചിരിക്കുന്നത്.
നമ്പി നാരായണന് എന്ന ശാസ്ത്രജ്ഞന് ഐഎസ്ആര്‍ഒയുടെ ചരിത്രത്തില്‍ ഇടം നേടിയ വ്യക്തിത്വമാണെന്ന് നിസംശയം പറയാമെങ്കിലും ഐഎസആര്ഒയുടെ ചരിത്രം ഒരു ഘട്ടത്തില്‍ ഇദ്ദേഹം തെളിച്ച വഴികളിലൂടെ മാത്രമാണോ സഞ്ചരിച്ചിരുന്നത് എന്നുള്ളത് കൂടുതല്‍ പഠനവും അന്വേഷണവും ആവശ്യമായ വിഷയമാണ്.
ഈ ഒരു ശാസ്ത്രജ്ഞന് ഉണ്ടായിരുന്നില്ലെങ്കില്‍ ഇന്ത്യന്‍ റോക്കട്രിയുടെ വളര്‍ച്ച മറ്റൊരു വിധത്തിലും അപര്യാപ്തമായ രീതിയിലും ആയിരുന്നേനെ എന്നൊരു ആശയം ചിത്രം പറഞ്ഞുവയ്ക്കുന്നത് സംശയകരമാണ്.
ചരിത്രം സിനിമയാകുമ്പോള്‍
ചരിത്രം സിനിമയായി മാറുമ്പോള്‍ യഥാര്‍ഥ ചരിത്രത്തോട് നീതിപുലര്‍ത്താതെ പോകുന്ന അനുഭവങ്ങള്‍ ഇന്ത്യന്‍ സിനിമയില്‍ പതിവാണ്. അത്തരത്തില്‍ അല്‍പ്പം വിമര്‍ശന ബുദ്ധിയോടെ ചിന്തിച്ചാല്‍ ഐഎസ്ആര്‍ഒ ചാരക്കേസ് സംബന്ധിച്ച ചില യാഥാര്‍ഥ്യങ്ങളെ ഈ ചലച്ചിത്രം തമസ്കരിക്കുകയും കുറെയേറെ അവാസ്തവങ്ങള്‍ പറഞ്ഞുവയ്ക്കുകയും ചെയ്തിരിക്കുന്നത് നീതികേടാണ് എന്ന് പറയേണ്ടതായിവരും.
യഥാര്‍ഥ സംഭവങ്ങള്‍ക്ക് പകരം മറ്റൊരു ആഖ്യാനം പൊതുസമൂഹത്തില്‍ അടിവരയിട്ടുറപ്പിക്കാന്‍ ചിത്രം ബോധപൂര്‍വമായി ശ്രമിച്ചിട്ടുണ്ട് എന്നേ കരുത്താനാവൂ. ഒട്ടേറെ രേഖകളും എഴുതപ്പെട്ട ചരിത്രങ്ങളും വേറെയുമുണ്ടായിരിക്കെ, തികച്ചും ഏകപക്ഷീയമായ ഒരു ആഖ്യാനം വ്യക്തമാക്കുന്നത് അതാണ്.
യാതൊരുവിധ മുന്നറിയിപ്പുകളുമില്ലാതെ പെട്ടെന്നൊരു ദിവസം നമ്പി നാരായണന് അറസ്റ്റ് ചെയ്യപ്പെടുകയും കുടുംബത്തോടെ ആക്രമിക്കപ്പെടുകയുമായിരുന്നു എന്നാണ് സിനിമയിലെ അവതരണം. യഥാര്‍ഥത്തില്‍ സംഭവിച്ചത് മറ്റൊന്നാണ്.
മറിയം റഷീദയും ഫൗസിയ ഹസനും അറസ്റ്റ് ചെയ്യപ്പെടുന്നത് 1994 ഒക്ടോബര്‍ മാസത്തിലായിരുന്നു. ആഴ്ചകള്‍ക്ക് ശേഷം നവംബര്‍ 21ന് ഐഎസ്ആര്‍ഒയിലെ മറ്റൊരു ശാസ്ത്രജ്ഞനായ ശശികുമാര്‍ അറസ്റ്റ് ചെയ്യപ്പെടുന്നു.
അതിനും ദിവസങ്ങള്‍ക്ക് ശേഷമാണ് നമ്പി നാരായണന് അറസ്റ്റിലാകുന്നത്. ആ അറസ്റ്റ് അപ്രതീക്ഷിതമായിരുന്നില്ല. യഥാര്‍ഥ സംഭവം എന്ന വ്യാജേന ഇത്തരമൊരു സിനിമയില്‍ അവതരിപ്പിക്കപ്പെടുന്നത് വാസ്തവ വിരുദ്ധമാണ് എന്നുവരുന്നത് ഉള്‍ക്കൊള്ളാനാവാത്ത കാര്യമാണ്.
തെളിവുള്ള ചില വാസ്തവങ്ങള്‍
നമ്പി നാരായണന് എന്ന ശാസ്ത്രജ്ഞന്റെ കറയില്ലാത്ത രാഷ്ട്രസേവനമാണ് സിനിമയുടെ മുഖ്യ പ്രമേയം. ഐഎസ്ആര്‍ഒയും റോക്കട്രിയും വിട്ടുള്ള ഒരു ജീവിതത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും സിനിമയിലെ നമ്പി നാരായണന് കഴിയുമായിരുന്നില്ല.
എന്നാല്‍, യഥാര്‍ഥ ജീവിതത്തില്‍ ഈ ആശയത്തിന് വിരുദ്ധമായ ചില സംഭവവികാസങ്ങള്‍ ഉണ്ടായിട്ടുണ്ട്. മറിയം റഷീദ അറസ്റ്റ് ചെയ്യപ്പെട്ട് പത്താം ദിവസം അതായത്, 1994 നവംബര്‍ ഒന്നിന് (അറസ്റ്റ് ചെയ്യപ്പെടുന്നതിന് മുമ്പ്) നമ്പി നാരായണന് വോളന്ററി റിട്ടയര്‍മെന്റിന് നോട്ടീസ് നല്‍കിയിരുന്നു.
മൂന്നു മാസത്തെ നോട്ടീസ് പിരീഡ് ഒഴിവാക്കി തരണമെന്നും, നവംബര്‍ 11-ന് വിരമിക്കാൻ തന്നെ അനുവദിക്കണമെന്നുമാണ് അദ്ദേഹം ഐഎസ്ആര്‍ഒ ചെയര്മാന് മുത്തുനായകത്തിന് രേഖാമൂലം നല്കിയ അപേക്ഷയിലുള്ളത്. ചാരക്കേസില്‍ താന്‍ പ്രതിചേര്‍ക്കപ്പെടുന്നതിന് മുമ്പ് തന്നെ ഐഎസ്ആര്‍ഒയിലെ ജോലി ഉപേക്ഷിക്കാന്‍ അദ്ദേഹം തീരുമാനിച്ചിരുന്നത് സിനിമയിലെ ആഖ്യാനത്തിന് തികച്ചും വിരുദ്ധമാണ്.
ഭാവിയില്‍ ഐഎസ്ആര്‍ഒ ചെയര്മാന് ആകുമെന്ന് എല്ലാവരും ഉറപ്പിച്ചിരുന്ന ഒരു പ്രതിഭയായിരുന്നു നമ്പി നാരായണന് എന്ന വാദം സിനിമയില്‍ അടിവരയിട്ട് ഉറപ്പിക്കുന്നുണ്ട്. അത്തരമൊരു വ്യക്തിയുടെ ഭാവി തകര്‍ത്തു എന്നുള്ളതാണല്ലോ പിന്നീടുണ്ടായ എല്ലാ വിവാദങ്ങള്‍ക്കും അടിസ്ഥാനവും ഈ ചിത്രത്തിന്റെ തന്നെ പ്രമേയവും.
'റെഡി റ്റു ഫയര്‍' എന്ന തന്റെ ആത്മകഥയില്‍ 1993-ല്‍ തന്നെ ഐഎസ്ആര്‍ഒയിലെ ജോലി ഉപേക്ഷിക്കാന്‍ താന്‍ ചിന്തിച്ചിരുന്നതായി നമ്പി നാരായണന് വ്യക്തമായി എഴുതിയിട്ടുണ്ട്. മുത്തുനായകം ഐഎസ്ആര്‍ഒ ചെയര്മാന് ആകുന്ന പക്ഷം തന്റെ ഭാവി അനിശ്ചിതത്വത്തില്‍ ആകുമെന്ന കാരണമാണ് അത്തരമൊരു ചിന്തയ്ക്ക് അടിസ്ഥാനമായി അദ്ദേഹം പറഞ്ഞുവയ്ക്കുന്നത്.
രണ്ടു സാധ്യതകളെക്കുറിച്ചാണ് താന്‍ ചിന്തിച്ചിരുന്നത് എന്നും പറയുന്നുണ്ട്. ഒന്ന്, അമേരിക്കയിലെ ജോലിസാധ്യത അന്വേഷിക്കുക. രണ്ട്, കുര്യന് കളത്തില്‍ എന്ന സുഹൃത്തിനൊപ്പം അദ്ദേഹത്തിന്റെ ബിസിനസുകളില്‍ പങ്കാളിയാവുക.
റോക്കറ്റ് സയന്‍സ് തന്നെ ഉപേക്ഷിക്കാന്‍ ഈ വിവാദങ്ങളെല്ലാം ഉടലെടുക്കുന്നതിന് മുമ്പ് തന്നെ തീരുമാനമെടുക്കുകയും പിറ്റേ വര്‍ഷം വോളന്ററി റിട്ടയര്‍മെന്റ് എടുക്കുകയും ചെയ്ത ഒരു വ്യക്തിയാണ് നമ്പി നാരായണന് എന്നത് അധികം ആര്‍ക്കുമറിയാത്ത വാസ്തവമാണ്.
സിബിഐയുടെ കേസ് അന്വേഷണം
ചിത്രത്തിൽ സിബിഐക്ക് നല്ല പരിവേഷമാണ് ലഭിച്ചിരിക്കുന്നത്. പോലീസ് വ്യാജമായി കെട്ടിച്ചമച്ച കേസ് പൊളിച്ചടുക്കി ഹീറോയാവുകയാണ് സിബിഐ. ചില വാസ്തവങ്ങള്‍ അവിടെയും വിസ്മരിക്കപ്പെടുകയും വളച്ചൊടിക്കപ്പെടുകയും ചെയ്യുന്നുണ്ട്. കേസ് സിബിഐക്ക് വിടണമെന്ന ആവശ്യം അന്വേഷണ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് അന്നത്തെ ഡിജിപിക്ക് മുന്നില്‍ ഉന്നയിച്ചത്.
വലിയ രാഷ്ട്രീയ വിവാദമായി ചാരക്കേസ് വളര്ന്നിരുന്നതിനാല് ഉടന്‍തന്നെ തീരുമാനമുണ്ടാവുകയും കേസ് അന്വേഷണം സിബിഐ ഏറ്റെടുക്കുകയും ചെയ്തു. പിന്നീട് ഒന്നര വര്‍ഷം അന്വേഷണം നടത്തിയാണ് 1996 ഏപ്രില്‍ മാസത്തില്‍ സിബിഐ റിപ്പോര്‍ട്ട് നല്‍കിയത്.
ആ റിപ്പോര്‍ട്ട് രാഷ്ട്രീയ പ്രേരിതമായിരുന്നു എന്ന ആരോപണം ശക്തമാണ്. ആരംഭം മുതല്‍ മുന്‍ അന്വേഷണ ഉദ്യോഗസ്ഥരെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയുള്ള മാധ്യമപ്രചാരണങ്ങള്‍ സിബിഐ ഉദ്യോഗസ്ഥര്‍ നടത്തിയിരുന്നു എന്ന ആക്ഷേപവുമുണ്ട്.
സിനിമ അവഗണിച്ച വിഷയങ്ങള്‍
ഇത്തരം വിഷയങ്ങളൊന്നും വാസ്തവത്തില്‍ ചിത്രം പരാമര്‍ശിക്കുന്നില്ല എന്നുള്ളത് കൗതുകകരമാണ്. അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനെതിരെ പരസ്യമായി പലതവണ രംഗത്തു വന്നിട്ടുള്ള നമ്പി നാരായണന് സിനിമയില്‍ തന്നെ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനെയൊഴികെ മറ്റാരെയും പേരെടുത്ത് പറയുന്നില്ല. തങ്ങള്‍ ആരെന്നു വെളിപ്പെടുത്താത്ത ഒരു സംഘം അദ്ദേഹത്തെ ക്രൂരമായി മര്‍ദ്ദിക്കുന്നതായുള്ള സീനുകള്‍ സിനിമയിലുണ്ട്.
സിബിഐയും നമ്പി നാരായണന് തന്നെയും ആരംഭം മുതല്‍ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ മത്സരിച്ച ഉദ്യോഗസ്ഥരെ തീരെയും പരാമര്‍ശിക്കാത്തതിന് പിന്നില്‍ രണ്ടു കാരണങ്ങള്‍ ഉണ്ടാകാം. ഒന്നുകില്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന കേസുകള്‍ മാനിച്ച് അല്ലെങ്കില്‍ തങ്ങള്‍ ഉന്നയിച്ചിട്ടുള്ള വാദങ്ങളില്‍ പൊരുത്തക്കേടുണ്ട് എന്ന തിരിച്ചറിവില്‍.
ചിത്രത്തിന്റെ ഒടുവില്‍ നമ്പി നാരായണന് തന്നെ നേരിട്ട് എത്തി പറയുന്ന ചില വാചകങ്ങളുണ്ട്. തന്നോട് ചിലര്‍ ചെയ്തതൊന്നും ക്ഷമിക്കാന്‍ തയാറല്ല, കാരണം ആരാണ് ഇതിന്റെ പിന്നില്‍ എന്ന് അറിയുന്നതുവരെ മുന്നോട്ടുപോകും എന്നാണ് നിലപാട്. അമേരിക്കന്‍ ഏജന്‍സികളെയും, രാഷ്ട്രീയക്കാരെയും സഹപ്രവര്‍ത്തകരെയും വരെ സംശയമുനയില്‍ നിര്‍ത്തുന്ന അദ്ദേഹം അവിടെയും പോലീസിലെ ഉന്നതര്‍ക്ക് നേരെ വിരല്‍ചൂണ്ടുന്നില്ല.സ് അന്വേഷിച്ചിട്ടും ചില കാര്യങ്ങള്‍ സിബിഐക്ക് കണ്ടെത്താന്‍ കഴിയാത്തത് വിചിത്രമാണ്.
സിബിഐ റിപ്പോര്‍ട്ടിലെ അവ്യക്തതകള്‍
വലിയമലയിലും തുമ്പയിലുമായി ഐഎസ്ആര്‍ഒയ്ക്ക് രണ്ടു സ്റ്റേഷനുകളാണ് തിരുവനന്തപുരം ജില്ലയില്‍ മാത്രമായുണ്ടായിരുന്നത്. രണ്ടിടത്തുമായി വ്യത്യസ്ത വിഭാഗങ്ങളിലായി സയന്റിസ്റ്റ് തസ്തികയില്‍ നാലായിരത്തോളം ഉദ്യോഗസ്ഥര്‍ നമ്പി നാരായണനെപ്പോലെ ഉണ്ടായിരുന്നു.
എന്തുകൊണ്ടാണ് ശശികുമാര്‍, നമ്പി നാരായണന്, എസ്.കെ.ശര്‍മ തുടങ്ങിയ ചിലര്‍ മാത്രമായി പ്രതി ചേര്‍ക്കപ്പെട്ടതെന്നും തികച്ചും വ്യാജമായി കെട്ടിച്ചമയ്ക്കപ്പെട്ട കേസായിരുന്നു ഇതെങ്കില്‍ ആരുടെ വ്യക്തിവൈരാഗ്യത്തിന്റെ ഇരകളായിരുന്നു ഇവരെന്നും തുടങ്ങി പ്രസക്തമായ പല ചോദ്യങ്ങള്‍ക്കും ഇന്നും സിബിഐക്ക് ഉത്തരമില്ല.
ഇത്തരം പൊരുത്തക്കേടുകളും പോലീസ് പ്രതിയാകുന്ന സാഹചര്യവും തുടര്‍ന്നതിനാലാണ് ചാരക്കേസില്‍ വീണ്ടും ഒരു അന്വേഷണം ആവശ്യമാണെന്ന നിര്‍ദ്ദേശം പിന്നീടുവന്ന ഇ.കെ.നായനാര്‍ മന്ത്രിസഭ അംഗീകരിച്ചത്. എന്നാല്‍, ഹൈക്കോടതി ആ ആവശ്യത്തെ മുഖവിലയ്ക്കെടുത്തെങ്കിലും മറുപക്ഷം സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി ആ തീരുമാനം തടയുകയാണുണ്ടായത്.
കേരളത്തിന്റെ മാത്രമല്ല, ഇന്ത്യയുടേയും ചരിത്രത്തില്‍ ഇടം നേടിയതും ലോകത്തിന് മുന്നില്‍ മാനക്കേടായി തീര്‍ന്നതുമായ ഐഎസ്ആര്‍ഒ ചാരക്കേസിന് പിന്നിലെ ദുരൂഹതകള്‍ പലതും തുടരുകയാണ്. ഈ ചിത്രം ഏതെങ്കിലും വിധത്തില്‍ അത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരമാകുമെന്ന് കരുതാനാവില്ല.
വാസ്തവത്തില്‍ അത്തരത്തിലൊരു ചാരപ്രവൃത്തി നടന്നിട്ടുണ്ടോ എന്നുള്ളതിനേക്കാള്‍ പ്രധാനമായി വിശദീകരണവും ഉത്തരവും ലഭിക്കേണ്ട ചോദ്യങ്ങള്‍ അനവധിയാണ്. ഈ കേസിലൂടെ ജീവിതവും കുടുംബാംഗങ്ങളും പ്രതിസന്ധിയിലകപ്പെട്ട ഒരേയൊരാളല്ല നമ്പി നാരായണന്. അന്വേഷണത്തിന്റെ ഏതോ ഘട്ടത്തില്‍ ഇടപെട്ടു എന്ന കാരണംകൊണ്ട് കുറ്റക്കാരായി മാറിയ പോലീസ് ഉദ്യോഗസ്ഥരും അതില്‍പ്പെടും.
തോന്നിയതുപോലെ മാധ്യമങ്ങള്‍ കഥകള്‍ മെനഞ്ഞതും പ്രഥമദൃഷ്ട്യാ നിരപരാധികള്‍ എന്നോ കുറ്റക്കാരെന്നോ തോന്നിയവരെ കഥാപാത്രങ്ങളാക്കി പരമ്പരകള്‍ എഴുതിയതും ഇത്തരം നിറംപിടിപ്പിച്ചതും പൊലിപ്പിച്ചതുമായ കഥകള്‍ രാഷ്ട്രീയമായി ദുരുപയോഗിച്ചതും തുടങ്ങി പലതും ഈ വിവാദങ്ങള്‍ക്ക് മറവിലുണ്ട്. സത്യങ്ങള്‍ എന്നെങ്കിലും മറനീക്കി വെളിയില്‍ വരുമെന്ന് പ്രതീക്ഷിക്കാം.
സിനിമയെ സിനിമയായി മാത്രം കണ്ടാല്‍ മതിയെങ്കില്‍ റോക്കട്രി എന്ന ചലച്ചിത്രം തീരെ മോശമല്ലാത്തൊരു ഫിക്ഷനാണെന്ന് പറയാം. അല്ല ഒരു ചരിത്രസിനിമയായാണ് ഈ സിനിമയെ കാണേണ്ടതെങ്കില് ഇതൊരു പരാജയം തന്നെയാണ്. ഇത്തരം വികലമാക്കപ്പെട്ട അര്‍ഥസത്യങ്ങള്‍ ഇനി സിനിമയാകാതിരിക്കട്ടെ!
വിനോദ് നെല്ലയ്ക്കല്‍