കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
Wednesday, June 23, 2021 6:33 PM IST
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താരങ്ങളെത്തുന്നതോടെ സിനിമ വലുതാവുകയും കഥാസന്ദര്‍ഭങ്ങള്‍ വികസിക്കുകയും ചെയ്യും.
പലപ്പോഴും താരമൂല്യം കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും ഭാരമാകാറുണ്ട്. അത്തരം ഭാരമൊഴിവാക്കി സിനിമ സഞ്ചരിക്കുമ്പോള്‍ ചിലപ്പോഴെങ്കിലും പ്രതീക്ഷകള്‍ക്കപ്പുറത്തേക്ക് സിനിമ വളരും, അത്തരമൊരു അനുഭവത്തിലേക്കാണ് തിരുമഠത്തില്‍ ഫിലിംസിന്റെ ബാനറില്‍ സനീഷ് കൂഞ്ഞൂഞ്ഞ്, അഭിലാഷ് രാമചന്ദ്രന് എന്നിവരുടെ ആദ്യ സംവിധാന സംരംഭമായ "കനകംമൂലം' എന്ന വെബ്സിനിമ എത്തുന്നത്.
ആവശ്യത്തിനും അനാവശ്യത്തിനും തെറി പറയുന്ന, കുടുംബത്തിന് ഒരുമിച്ചിരുന്ന് കാണാനാവാത്ത സിനിമയെന്നാണ് ന്യൂജെന്‍ സിനിമകള്‍ക്കും പ്രത്യേകിച്ച് വെബ് സിനിമകള്‍ക്കും പലരും നല്കുന്ന വിശേഷണം. ഒരു ക്രൈംത്രില്ലര്‍ ചിത്രം കാണാനിരിക്കുമ്പോള് ഭയപ്പെടുത്തുന്ന, അല്പം അതിരു കടന്ന വര്‍ത്തമാനങ്ങളും സ്വാഭാവികം, പക്ഷേ ഈ സിനിമയില്‍ അതില്ല. ധൈര്യമായി കുടുംബത്തോടൊപ്പം സിനിമ കാണാം.
ഇരുട്ടു മുറിയോ, ഉരുട്ടലോ ഒന്നുമില്ലാതെ, പോലീസ് ഉദ്യോഗസ്ഥന് ചോദ്യം ചെയ്യുന്നത് പോലും വ്യത്യസ്ത രീതിയിലാണ്. സുമുഖനെന്ന മോഷ്ടാവ് കള്ളം പറയുമ്പോള്‍ അയാളെക്കൊണ്ട് തുടര്‍ച്ചയായി സംഭവം പറയിപ്പിച്ചാണ് പോലീസ് സത്യം കണ്ടെത്തുന്നത്. രണ്ടിടി കൊടുത്താല്‍ പോരെ എന്ന് നമുക്ക് തോന്നിയാലും ഇതിലെ പോലീസ് ഉദ്യോഗസ്ഥന് വ്യത്യസ്ത രീതിയിലാണ് കേസ് കൈകാര്യം ചെയ്യുന്നത്.
കള്ളന് ജനലിലൂടെ കണ്ട ഒരു നിമിഷത്തെ കാഴ്ച, ആ കാഴ്ചയുടെ കഥ വിശ്വസിച്ച് പരാതിയില്ലാത്ത സ്വര്‍ണ്ണക്കട ഉടമയേയും മക്കളേയും ചോദ്യം ചെയ്യാതെ പോലീസിന് ഉത്തരം കണ്ടെത്തണം. അതിനുള്ള ശ്രമമാണ് ഈ കഥ. അതിന്റെ അന്വേഷണത്തില്‍ പോലീസിന് തെറ്റ് പറ്റുന്നുണ്ട്. അവര്‍ ആദ്യം കുറ്റവാളിയെന്ന് സംശയിക്കുന്ന വ്യക്തിക്ക് കേസുമായി ബന്ധമില്ല. പക്ഷേ അയാളെ കണ്ടെത്തുന്നതിനാണ് പോലീസ് ശ്രമം നടത്തുന്നത്.
അയാളെ കണ്ടെത്തി അയാള്‍ പറയുന്ന മൊഴിയെടുത്ത് സത്യമെന്ന് കണ്ടെത്തുമ്പോള്‍ പോലീസ് അന്വേഷണം വീണ്ടും താളം തെറ്റുന്നു. തെറ്റുപറ്റുന്ന അന്വേഷണ ഉദ്യോഗസ്ഥന് താരമൂല്യമുള്ള സിനിമയില്‍ കുറവായിരിക്കും, എന്നാല്‍ ഇതിലെ അന്വേഷണ ഉദ്യോഗസ്ഥന് തെറ്റ് പറ്റുന്നുണ്ട്, പക്ഷേ അയാള്‍ തിരിച്ചു വരുന്നു. അന്വേഷണ ഉദ്യോഗസ്ഥന് ഇത്ര ചെറിയ മോഷണക്കേസുമായി എഎസിപിയുടെ അടുത്തേക്ക് പോകുന്നതെന്തിനാണെന്ന് നാം ചിലപ്പോള്‍ സംശയിച്ചേക്കും. അതിനുള്ള ഉത്തരവും സിനിമ കരുതിവച്ചിട്ടുണ്ട്.
സിനിമയില്‍ എന്തു കൊണ്ടാണ് മുക്കുപണ്ടക്കേസിലെ പ്രതിയല്ല യഥാര്‍ഥ മോഷ്ടാവെന്ന് സിഐ മജിസ്ട്രേറ്റിനോട് വ്യക്തമാക്കുന്നുണ്ട്. അയാള്‍ കണ്ടെത്തുന്ന കാരണങ്ങളിലൂടെ നമ്മളും സഞ്ചരിക്കുന്നുണ്ട്. എന്നാല്‍ മജിസ്ട്രേറ്റിനോട് അയാള്‍ പറയുമ്പോള്‍ മാത്രമാണ് അത് ശരിയാണെല്ലോ എന്ന തോന്നല്‍ നമുക്കുണ്ടാവുന്നത്.
സുക്ഷ്മ നിരീക്ഷണത്തിലൂടെ ചിന്തകളിലൂടെയാണ് അന്വേഷണ സംഘം കേസിനെ സമീപിക്കുന്നത്. പക്ഷേ അവസാനം കേസിന് തുമ്പുണ്ടാക്കിയാലും കോടതിയില്‍ നിലനില്ക്കാനാവാതെ പോകുന്ന വെറും അറസ്റ്റ് നാടകമായി മാത്രം അന്വേഷണം അവസാനിക്കുമെന്നിടത്ത് നിന്ന് അന്വേഷണ ഉദ്യോഗസ്ഥന് പുതിയ തീരുമാനമെടുക്കുമ്പോഴാണ് സിനിമ പുതുവഴി തേടുന്നത്.
നിങ്ങള്‍ക്ക് സിനിമയില്‍ വീഴാതെ തന്നെ ക്ലൈമാക്സിനെ നിരൂപിക്കാം, കണ്ടെത്താന്‍ ശ്രമിക്കാം, പക്ഷേ സിനിമ തീര്‍ന്നുവെന്ന് തോന്നുന്ന സ്ഥലത്ത് നിന്നാണ് ക്ലൈമാക്സിലേക്ക് എത്തുന്നത്. അസാധാരണമായ ഈ ദൗത്യമാണ് എസിപി നിര്‍മലയ്ക്കും സിഐ രാജു കുര്യനും നിര്‍വഹിക്കാനുള്ളത്. ഉദ്വേഗജനകമായ സന്ദര്‍ഭങ്ങളിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോകുന്ന ഈ സസ്പെന്‍സ് ത്രില്ലര്‍ സിനിമയില്‍ നീന കുറുപ്പ് ശ്രദ്ധേയമായ വേഷത്തിലെത്തുന്നു.
പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്കി ബേബിമോള്‍ കെ.ജി, ടി.പി പ്രദീപ് കുമാര്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന കനകംമൂലത്തില് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നിരവധി സിനിമകളില്‍ വേഷമിട്ടിട്ടുള്ള ഹാരിസ് മണ്ണഞ്ചേരിയാണ്.
ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയത് സംവിധായകരിലൊരാളായ സനീഷ് കുഞ്ഞൂഞ്ഞാണ്. ഐശ്വര്യ അനില്‍, സുനില്‍ കളത്തൂര്‍, അരുണ്‍ നാരയണന് , ബിനോയ് പോള്‍, കെ. ജയകൃഷ്ണന്, പ്രദീപ് കെ.എസ്. പുരം, മുഹമ്മദ് സാലി, നിരീഷ് ഗോപാലകൃഷ്ണന്, സൂര്യ സുരേന്ദ്രന് എന്നിവരും കഥാപാത്രങ്ങളായി എത്തുന്നു.
ലിബാസ് മുഹമ്മദിന്റെ കാമറ സിനിമയുടെ കഥാവഴിയെ മികച്ചതാക്കിയിട്ടുണ്ട്. അമല്‍ രാജു, അഭിജിത്ത് ഉദയകുമാര്‍ എന്നിവരാണ് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്. ശാലോം ബെന്നിയുടെതാണ് സംഗീതം.