മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്റെ വാങ്ക്
Friday, January 29, 2021 11:54 AM IST
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തരും. ചിലപ്പോൾ ഏറെ പ്രിയങ്കരമായ മുഖത്തു നിന്നൊരു പുഞ്ചിരിയോ ആശ്ലേഷമോ ആകാം, അല്ലെങ്കിൽ ഒരു ചേർത്തുപിടിക്കലാകാം. അതുമല്ലെങ്കിൽ ചില ഇഷ്ടങ്ങൾ നേടിയെടുക്കലാകാം.
മറ്റു ചിലപ്പോൾ എപ്പോഴോ മനസിൽ പതിഞ്ഞു പോയി വർഷങ്ങൾക്കു ശേഷം തട്ടിയുണർത്തിയ നമ്മുടേതു മാത്രമായ ഒരു കൗതുകമാകാം. അത്തരത്തിൽ ആഗ്രഹങ്ങൾ നേടിയെടുക്കുന്ന പാതയിൽ മധുരവും കയ്പും നോവും നൊന്പരവുമൊക്കെയുണ്ടായ ഒരു കഥ പറഞ്ഞ് പ്രേക്ഷക മനസ് കീഴടക്കുകയാണ് "വാങ്ക്'.
പെണ്ണിന്റെ ആഗ്രഹങ്ങളുടെ കഥ പെണ്ണ് പറയുന്നു എന്നതാണ് വാങ്കിനെ ശ്രദ്ധേയമാക്കുന്നത്. പെണ്പക്ഷത്തു നിന്നുകൊണ്ട് വളരെ ലളിതമായി, കാഴ്ചക്കാരന്റെ ഹൃദയത്തിൽ ഒന്നു സ്പർശിച്ചാണ് വാങ്ക് കാഴ്ചാനുഭവം സൃഷ്ടിക്കുന്നത്.
അപ്പോഴും അതൊരു പക്ഷത്തിന്റേതു മാത്രമായി ഒതുങ്ങാതെ സമകാലിക സമൂഹത്തിൽ മതങ്ങളുടെ പേരിൽ മനുഷ്യർ സൃഷ്ടിക്കുന്ന വേലിക്കെട്ടുകൾക്കു നേരെയുള്ള ചോദ്യചിഹ്നമായും മാറുന്നു. വരും ദിവസങ്ങളിൽ വാങ്ക് വിവിധങ്ങളായ ചർച്ചകളെ സൃഷ്ടിക്കാനൊരുങ്ങുന്നതിന്റെ കാരണവും അതാകാം.
ചിത്രത്തിന്റെ അമരക്കാരിക്കും അണിയറ പ്രവർത്തകർക്കും മികച്ച കൈയടി ചിത്രം സമ്മാനിക്കുന്നത് ഉറപ്പാണ്. സംവിധായകൻ വി.കെ. പ്രകാശിന്റെ മകൾ കാവ്യ പ്രകാശ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് വാങ്ക്. അതിന്റെ അരങ്ങിലും അണിയറയിലും ഒരുപിടി കലാകാരികളെന്നതും പ്രത്യേകതയാണ്.
വാങ്ക് എന്ന പേരിൽ ഏറെ ചർച്ചയായ ഉണ്ണി ആറിന്റെ കഥയുടെ ചലച്ചിത്ര രൂപമാണ് ചിത്രം. കഥയുടെ ആത്മാവിൽ നിന്നുകൊണ്ടു തന്നെ സ്വാതന്ത്ര്യത്തെ ദിനംപ്രതി സങ്കുചിതമാക്കി മാറ്റുന്ന ഒരു വിഭാഗം ജനജീവിതവും ചിത്രത്തിലൂടെ മുന്നിലേക്കുവയ്ക്കുന്നുണ്ട്.
ഒരു കഥയെ അതിനാവശ്യമായ ലാളിത്യവും ലാവണ്യവും പകർന്ന് അവതരിപ്പിക്കുന്പോഴും പ്രേക്ഷകർക്കു മുന്നിലേക്കുവയ്ക്കുന്ന ചോദ്യങ്ങൾ സമാകാലിക സമൂഹത്തിന്റെ നേർക്കാഴ്ചകളായി മാറുന്നതാണ് വാങ്കിന്റെ മർമ്മം.
മതത്തിന്റെ വേലിക്കെട്ടിനകത്ത് സ്വാതന്ത്ര്യത്തിനും ആഗ്രഹങ്ങൾക്കും ആശകൾക്കും അതിർവരന്പിട്ടു പലപ്പോഴും നിശ്ബ്ദയാക്കപ്പെടുന്ന സ്ത്രീജീവിതങ്ങളെ ഇവിടെ പച്ചയായി കാണിച്ചിരിക്കുന്നു.
എന്നാൽ മതവികാരങ്ങളെ വ്രണപ്പെടുത്താതെ തന്നെ അതിനുള്ളിലെ ചില രാഷ്ട്രീയങ്ങൾക്കു നേരെയാണ് വാങ്ക് കണ്ണാടിയായി മാറുന്നത്. അതിനെല്ലാം ഒടുവിൽ എല്ലാ പ്രതിസന്ധികളേയും ഒരു പുഞ്ചിരികൊണ്ട് നേരിടുന്ന വലിയൊരു ലോക സത്യത്തിലേക്കും ചിത്രം നമ്മളെ കൊണ്ടെത്തിക്കുന്നുണ്ട്.
റസിയ അടങ്ങുന്ന നാലു പെണ്കുട്ടികളിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. അവർ കോളജ് പഠനത്തിന്റെ അവസാന വർഷം തങ്ങളുടെ ഓരോ ആഗ്രഹ സാക്ഷാത്കാരത്തിനായുള്ള ഒരുക്കത്തിലാണ്. മൂന്നുപേരുടെയും കുറുന്പും കുസൃതിയും വാൽസല്യവുമൊക്കെ നിറഞ്ഞ ആഗ്രഹം പൂർത്തിയാക്കിക്കഴിയുന്പോഴാണ് റസിയയുടെ ഊഴമെത്തുന്നത്.
ചെറുപ്പം മുതൽ തന്റെ ജീവിതത്തിനോട് ഇഴ ചേർന്ന, ജീവിത രാഗമായിമാറിയ വാങ്ക് വിളിക്കണമെന്നതായിരുന്നു റസിയയുടെ ഒരേയൊരു ആഗ്രഹം. എന്നാൽ അതു തീർത്ത വെല്ലുവിളികൾ ചെറുതായിരുന്നില്ല. അതുവരെ അവളോടു പുഞ്ചിരിച്ച ലോകം പെട്ടെന്നു മുന്നിൽ പല്ലിറുമ്മി, ദംഷ്ട്രകൾ പ്രകടമാക്കി. വീടും നാടും കുടുംബവും എതിരായി മാറി.
അവിടെ നിസഹായയായ, എന്നാൽ തന്റെ മകളെ അറിഞ്ഞ അമ്മ അവൾക്കൊപ്പം നിന്നു. അവിടെ നിന്നും റസിയയുടെ തന്നെ തിരിച്ചറിവായിരുന്നു, തന്നെ, പ്രകൃതിയെ, താനെന്ന പച്ചപുതച്ച പ്രകൃതിയെ. പിന്നീട് അവളുടെ ആഗ്രഹത്തിന്റെ പൂർണതയ്ക്കു സാക്ഷിയാകുന്നതും ആ പ്രകൃതിയാണ്. അവിടെയും എപ്പോഴത്തെയും പോലെ അവൾ പുഞ്ചിരിച്ചു. വളരെ നിർവൃതിയോടെ...
ഉണ്ണി ആറിന്റെ കഥയ്ക്കു തിരക്കഥ എഴുതിയിരിക്കുന്നത് നർത്തകിയായ ഷബ്ന മുഹമ്മദാണ്. ഒരു ചെറുകഥയിൽനിന്നും സിനിമാ രൂപത്തിലേക്കുള്ള രൂപമാറ്റത്തിൽ ഷബ്നയുടെ തന്നെ ജീവിത ചുറ്റുപാടും അനുഭവങ്ങളും അറിഞ്ഞ ജീവിതങ്ങളും തുണയായി മാറിയിട്ടുണ്ട്.
അതു തന്നെയാണ് ഇവിടെ വെള്ളിത്തിരയിൽ ജീവിതം നേർകാഴ്ചകളായി മാറുന്നതിന്റെ കാരണവും. എഴുത്തിനൊപ്പം റസിയയുടെ മാതാവായി ചിത്രത്തിലെത്തി അഭിനയവും തനിക്കു വഴങ്ങുമെന്നു ഷബ്ന തെളിയിച്ചിരിക്കുന്നു.
തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ പ്രിയതാരമായി മാറിയ അനശ്വര രാജൻ വീണ്ടും പ്രേക്ഷക ഹൃദയങ്ങൾ കവർന്നെടുക്കുകയാണ് റസിയയിലൂടെ. റസിയയുടെ എല്ലാ ഭാവപരിണാമങ്ങളേയും അനായാസമായി പകർന്നാടാൻ ഈ യുവനടിക്കു കഴിഞ്ഞിട്ടുണ്ട്. ഇവർക്കൊപ്പം നന്ദന, മീനാക്ഷി, ഗോപിക, വിനീത്, സരസ ബാലുശേരി, തെസ്നി ഖാൻ തുടങ്ങിയ താരനിരയും എത്തിയിരിക്കുന്നു.
ചിത്രത്തിനായി സംഗീതം ഒരുക്കിയ ഔസേപ്പച്ചനും ഏറെ പ്രശംസയ്ക്കുള്ള വക വാങ്ക് നൽകുന്നു. പശ്ചാത്തല സംഗീതത്തിലും ഗാനത്തിലും കഥയുടെ ആത്മാവുമായി ചേർന്നുനിൽക്കുന്ന സംഗീത സ്പർശമൊരുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു.
റസിയയുടെ വൈകാരിക തലത്തിലേക്കു പ്രേക്ഷകരെയും പെട്ടന്നുകൊണ്ടെത്തിക്കുന്നതിൽ അദ്ദേഹത്തിന്റെ സംഗീതത്തിനു വലിയ പങ്കാണുള്ളത്. അതുതന്നെയാണ് ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകർക്കൊപ്പം ആ കഥാപാത്രങ്ങളും സംഗീതവും ഒപ്പം കൂടുന്നതിനു കാരണവും.
ഒരു ചെറുകഥ വായിക്കുന്ന ലാളിത്യത്തോടെ തന്നെ സിനിമയെ അനുഭവമാക്കാൻ കഴിഞ്ഞതാണ് സംവിധായിക കാവ്യ പ്രകാശിന്റെ വിജയം. ഒരു സ്ത്രീ തിരക്കഥാകൃത്തിന്റെ രചന മറ്റൊരു സ്ത്രീ സംവിധാനം ചെയ്യുന്നത് മലയാളത്തിൽ ആദ്യത്തെ സംഭവമാണ്.
ആരു പറയുന്നു എന്നതല്ല, പറയുന്ന കാര്യത്തിന്റെ കഴന്പ് എന്താണെന്നുള്ളതാണ് കാര്യമെന്നു ഇരുവരും ആദ്യ ചിത്രത്തിലൂടെ തെളിയിച്ചിരിക്കുന്നു. ആദ്യ ചിത്രംകൊണ്ട് മലയാളത്തിന്റെ മികച്ച സംവിധായികമാരുടെ പട്ടികയിലേക്കു ഇടം നേടാനും കാവ്യയ്ക്കും സാധിച്ചിട്ടുണ്ട്.
ലിജിൻ കെ. ഈപ്പൻ