നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്റെ രഥം
Saturday, February 1, 2020 11:40 AM IST
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭദ്രമാണെന്ന് തെളിയിക്കുന്ന ചിത്രമാണ് നവാഗതനായ ആനന്ദ് മോനോന് സംവിധാനം ചെയ്ത ഗൗതമന്റെ രഥം. കുട്ടിക്കാലം മുതല്‍ വണ്ടിപ്രണയം മനസില്‍ സൂക്ഷിക്കുന്ന നായകന്റെ ജീവിതത്തിലേക്ക് ഒരു നാനോകാര്‍ എത്തുന്നതാണ് കഥാ തന്തു.
പോസ്റ്റ്മാസ്റ്ററായ അച്ഛനും അമ്മയും മുത്തശ്ശിയുമടങ്ങുന്നതാണ് ഗൗതമന്റെ ലോകം. ബാല്യകാലത്തില്‍ മുത്തശ്ശി ചൊല്ലിക്കൊടുത്ത പുരാണകഥകളില്‍ തേരാളിയായ കൃഷണനില്‍ തന്റെ ഹീറോയെ കണ്ടെത്താനുള്ള കാരണവും ഗൗതമിന്റെ വണ്ടി പ്രാന്താണ്. ഗൗതമന് വളര്‍ച്ചക്കൊപ്പം അവന് വണ്ടി ഭ്രമവും വളര്‍ന്നുകൊണ്ടിരുന്നു.
ഡൈവിംഗ് മോഹങ്ങള്‍ക്ക് ചിറക് നല്കി പതിനെട്ടുകാരന് ലൈസന്‍സ് നേടുന്നതോടെ ഡ്രൈവിംഗ് പഠനത്തിന് പിന്തുണ നല്കിയ അച്ഛന് സ്വന്തമായൊരു കാറെന്ന സ്വപ്നത്തിന് വിത്ത് പാകുന്നു. ഹോണ്ട സിറ്റിയില്‍ ചുരുങ്ങി ഒന്നും തന്നെ സങ്കല്‍പ്പിക്കാത്ത ഗൗതമനെ തേടിയെത്തുന്നത് അവന് സ്വപ്നത്തില്‍ പോലും ചിന്തിക്കാത്ത ഒരു സെക്കനന്‍ഡ് നാനോ കാറാണ്.
വീട്ടുകാര്‍ നാണപ്പനെന്ന ചെല്ലപ്പേരില്‍ വിളിക്കുന്ന ഇത്തിരിക്കുഞ്ഞന് നാനോകാറുമായുള്ള ഗൗതമന് യാത്രക്ക് ഇതോടെ ഗ്രീന്‍ സിഗ്നല്‍ ലഭിക്കുകയാണ്. കൂട്ടുകാരുടേയും മറ്റും പരിഹാസം ഒഴിവാക്കാനും കുറച്ചുകൂടി മെച്ചപ്പെട്ട ഒരു വാഹനം സ്വന്തമാക്കാനുള്ള പരിശ്രമങ്ങളും തത്രപ്പാടുകളുമായാണ് ചിത്രം മുന്നോട്ട് പോകുന്നത്. പതിനെട്ടുവയസ്സുകാരന്‍ ജീവിതത്തിലുണ്ടാകുന്ന വിഷമങ്ങളും സൗഹൃദവും പ്രണയവും കുടുംബബന്ധങ്ങള്‍ കോര്‍ത്തിണക്കിയ ഹൃദ്യമായ മുഹൂര്‍ത്തങ്ങളും ചിത്രം പ്രേക്ഷകര്‍ക്ക് മുന്നില്‍ വരച്ച് കാട്ടുന്നുണ്ട്.
കച്ചവട സിനിമകളുടെ സ്ഥിരം പരിവേഷങ്ങളില്‍ നിന്ന് വിഭിന്നമാണ് ഗൗതമന്റെ രഥം. നായകന്റെ ജീവിതത്തെ പിടിച്ചുലയ്ക്കുന്ന സംഭവവികാസങ്ങളും കരുത്തനായ പ്രതിയോഗിയും പ്രേക്ഷകരെ ഉദ്വേഗത്തിലാഴ്ത്തുന്ന കഥാനിമിഷങ്ങളെന്ന ക്ലീഷെ സന്ദര്‍ഭങ്ങളോ ഇല്ലാതെ, പരിമിതികളിലും പെരുവഴിയിലാക്കാത്ത ഇത്തിരിക്കാറിലെ യാത്രപോലെയൊരു അതിഭാവുകത്വങ്ങളിലാത്ത ഒരു സിനിമ.
കളിയും കാര്യവും ചിന്തയുമായെത്തിയ ഗൗതമന്റെ രഥത്തിലെ നായക കഥാപാത്രം നീരജ് മാധവനില്‍ ഭദ്രമാണ്. സംവിധാനയനില് നിന്ന് നടനിലേക്കുള്ള വേഷപകര്‍ച്ചയില്‍ നര്‍മ്മം വഴങ്ങുമെന്ന് ഇതിനോടകം തെളിയിച്ച ബേസില്‍ ജോസഫാണ് ഗൗതമന്റെ കൂട്ടുകാരനായ വെങ്കിടിയായി സ്ക്രീനില്‍ ചിരിസാന്നിധ്യമാകുന്നത്.
"ഫാമിലിമാന്’ എന്ന വെബ് സീരീസിലൂടെ ഗ്ലോബല്‍ താരമായി മാറിയ നീരജിന്റെ ആദ്യനായക വേഷമാണ് ചിത്രത്തിലേത്. രഞ്ജി പണിക്കരുടെ അച്ഛന് വേഷത്തിനൊപ്പം അമ്മയായെത്തുന്ന ദേവി അജിത്തും വല്‍സലാ മേനാന്റെ മുത്തശ്ശി വേഷവും നായികയായ പുണ്യ എലിസബത്തും ഒന്നിനൊന്ന് മികവു പുലര്‍ത്തിയിട്ടുണ്ട്. ഹരീഷ് കണാരന്, ബിജു സോപാനം, കലാഭവന്‍ പ്രജോദ് തുടങ്ങി വളരെ കുറച്ചു അഭിനേതാക്കള്‍ മാത്രമാണ് ചിത്രത്തിലുള്ളത്.
സമൂഹത്തില്‍ സ്വന്തമായൊരു കാര്‍ നല്കുന്ന സോഷ്യല്‍ സ്റ്റാറ്റസിനെ വരച്ചുകാട്ടാന്‍ തിരകഥാകൃത്ത് ശ്രമിക്കുന്നുണ്ട്. അതേസമയം ശക്തമായൊരു തിരക്കഥയുടെ അഭാവവും ചെറിയൊരു കഥാതന്തുവിനെ വലിച്ചുനീട്ടുമ്പോള്‍ സ്വാഭാവികമായും സൃഷ്ടിക്കപ്പെടുന്ന ഇഴച്ചിലും സിനിമയുടെ പോരായ്മയായി എടുത്തു പറയായേണ്ടതാണ്. വിഷ്ണു ശര്‍മയുടെ ഛായാഗ്രഹണം പ്രശംസാവഹമാണ്.
ചിത്രത്തിലെ "ഉയിരേ’ എന്നു തുടങ്ങുന്ന ഗാനം ഇതിനോടകം ഹിറ്റ് ആയിക്കഴിഞ്ഞിരിക്കുകയാണ്. അങ്കിത് മേനോന്റെ ഈണത്തില്‍ സിദ്ദ് ശ്രീരാം പാടിയ ഗാനം യൂട്യൂബ് ട്രെന്‍ഡിംഗില്‍ മുന്നിലെത്തിക്കഴിഞ്ഞു. ഒന്നിലധികം തവണ കേള്‍ക്കാന്‍ കൊതിക്കുന്ന ഗാനമെന്നാണ് സംഗീതപ്രേമികളുടെ അഭിപ്രായം. വിനായക് ശശികുമാറിന്റെതാണ് വരികള്‍.
വമ്പന്‍ താരനിരകളും ബിഗ് ബജറ്റ് സിനിമകളും അരങ്ങ് വാഴുമ്പോഴും സാമാന്യം ഭേദപ്പെട്ട ഒരു തിയേറ്റര്‍ അനുഭവം തന്നെ നല്കാന് ഈ ചിത്രത്തിന് സാധിക്കുന്നുണ്ട്. വലിയ പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്താതെ ചിരിയോടെ ആസ്വദിക്കാവുന്ന ഒരു ഫീല്‍ഗുഡ് ചിത്രമാണ് "ഗൗതമന്റെ രഥം’.