ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
Saturday, January 11, 2020 5:05 PM IST
റിലീസാകുന്നതിനു മുന്പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോഫീസിലും സോഷ്യൽ മീഡിയയിലും വൈറലായി കഴിഞ്ഞിരിക്കുന്നു. മലയാളത്തിൽ പൊതുവേ കുറവുള്ള സൈക്കോ സീരിയൽ കില്ലർ കഥകളും കൊലപാതക പരന്പരകൾക്കു പിന്നാലെയുള്ള അന്വേഷണവുമൊക്കെയായി വെള്ളിത്തിരയിൽ പ്രേക്ഷകർക്കു പുതിയ അനുഭവം സൃഷ്ടിക്കാനായതാണ് അഞ്ചാം പാതിരായുടെ വിജയം.
തമിഴിലും തെലുങ്കിലുമടക്കം മറ്റു ഭാഷകളിൽ കാന്പുള്ള ത്രില്ലർ കഥകൾ പറയുന്പോഴും മലയാളത്തിൽ അത്തരം കഥകൾ നന്നേ കുറവായിരുന്നു. സീരിയൽ കില്ലറുടെ കഥ പറഞ്ഞ് ബോക്സോഫീസിൽ അവസാനം വിജയം നേടിയതു പൃഥ്വിരാജിന്റെ മെമ്മറീസാണ്. അതുകൊണ്ടുതന്നെ ഇന്നലെവരെയുള്ള എല്ലാ പരാതികൾക്കും ഉത്തരം നൽകി മലയാള സിനിമയിക്കു തന്നെ അഭിമാനമാകുന്ന ത്രില്ലർ ചിത്രമാണ് അഞ്ചാം പാതിര എന്ന വിശേഷണം പ്രേക്ഷകർ നൽകിക്കഴിഞ്ഞു.
പോലീസുകാരെ മാത്രം കിഡ്നാപ് ചെയ്തു മൃഗീയമായി കൊലപ്പെടുത്തുന്ന ഒരു സൈക്കോ കില്ലർ! അതി ബുദ്ധിമാനും ടെക്നിക്കലി ബ്രില്യന്റുമായ ആ കില്ലറിനു പിന്നാലെയാണ് കേരളാ പോലീസ്. അവർക്കൊപ്പം ക്ലിനിക്കൽ സൈക്കോളജിസ്റ്റായ അൻവർ ഹുസൈനുമുണ്ട്. അവരുടെ അന്വേഷണ വീഥിയിൽ മുൾമുനയിൽ നിർത്തിക്കൊണ്ടാണ് അഞ്ചാം പാതിര പ്രേക്ഷകരേയും കൂട്ടിക്കൊണ്ടു പോകുന്നത്.
ആട്-2 പോലെ മാസ് മസാല ചിത്രം ഒരുക്കിയ സംവിധായകൻ മിഥുൻ മാനുവൽ തോമസ് തന്റെ കയ്യൊപ്പ് പതിപ്പിക്കുന്ന ചിത്രമാണ് ഇത്. കെട്ടുറപ്പുള്ള തിരക്കഥയും എൻഗേജിംഗായ സീനുകളും കൃത്യമായ സംവിധാന മികവും മിഥുൻ മാനുവലിൽ നിന്നും പ്രേക്ഷകർ കണ്ടറിയുന്നുണ്ട്.
2020-ന്റെ ആദ്യ വിജയം നേടി കുഞ്ചാക്കോ ബോബനും കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രമാക്കി ഈ ചിത്രത്തിലെ അൻവർ ഹുസൈനെ മാറ്റിയിരിക്കുന്നു. എന്നാൽ നായകനിൽ മാത്രം കറങ്ങിത്തിരിയാതെ ഓരോ കഥാപാത്രത്തിനും ഇടം നൽകി കഥയ്ക്കും കൊലപാതര പരന്പരയ്ക്കും ഉറപ്പ് നൽകാൻ സംവിധായകനു സാധിച്ചിട്ടുണ്ട്.
ചെറിയ കഥാപാത്രങ്ങളിൽ മാത്രം കണ്ടിരുന്ന ഉണ്ണിമായയെ കമ്മീഷ്ണർ കഥാപാത്രമായി അവതരിപ്പിച്ചപ്പോൾ തന്നെ പുതുമയും റിയലിസ്റ്റിക് ഭാവവും ചിത്രം കൈവരിച്ചിട്ടുണ്ട്. ഒപ്പം ജിനു ജോസഫ്, ശ്രീനാഥ് ഭാസി, ഷറഫുദ്ദീൻ, രമ്യാ നന്പീശൻ എന്നിവരും കഥാപാത്രങ്ങൾക്കു ജീവൻ പകർന്നിരിക്കുന്നു. ഒരു സീനിൽ മാത്രമാണ് എത്തുന്നുള്ളു എങ്കിലും ഇന്ദ്രൻസിന്റെ സാന്നിധ്യവും ചലനം നൽകുന്നുണ്ട്.
കൃത്യമായ തിരകാവ്യത്തിനൊപ്പം ടെക്നിക്കലിയും മുന്നിൽ നിൽക്കാൻ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കു സാധിച്ചുണ്ട്. രാത്രി കാഴ്ചകൾ ഏറിയ പങ്കും എത്തുന്ന ചിത്രത്തിനു ചലനം കൊണ്ടും ലൈറ്റ് പാറ്റേണിന്റെ കൃത്യമായ ധാരണകൊണ്ടും പെർഫെക്ട് വിഷ്വലുകളാണ് കാമറാമൻ ഷൈജു ഖാലിദ് ഒരുക്കിയത്. മുന്പ് പലകുറി വിസ്മയിപ്പിച്ച ഷൈജു ഖാലിദ് ഈ ത്രില്ലർ ചിത്രത്തിനൊപ്പം എത്തുന്പോഴും മാജിക് കാട്ടുന്നു.
ഒപ്പം തന്നെ എഡിറ്റിംഗിലെ ഷൈജു ശ്രീധരന്റെ തെളിവും തികവും ചിത്രത്തിനു ഗുണകരമായി. ഓരോ സീനും പ്രേക്ഷകരുടെ ഹൃദയത്തിലേക്കു തുളച്ചു കയറും വിധം പശ്ചാത്തലം സംഗീതം ഒരുക്കിയത് സുഷിൽ ശ്യാമാണ്. നിശബ്ദതകൊണ്ടും ഉച്ചസ്ഥായിയിലുള്ള ശബ്ദ വിന്യാസം കൊണ്ടും സീനുകളെ ത്രില്ലടിപ്പിക്കുന്നതിൽ സുഷിന്റെ സംഗീത സ്പർശം വളരെ ഫലപ്രദമായിട്ടുണ്ട്.
അതുകൊണ്ടു തന്നെ പുതു വർഷത്തെ ആദ്യ മെഗാഹിറ്റായി അഞ്ചാം പാതിര മാറിക്കഴിഞ്ഞിരിക്കുന്നു. സംഭവങ്ങളെ ഓരോന്നും ബന്ധപ്പെടുത്തി ഒരുക്കിയ തിരക്കഥയിലെ ചില മിസിംഗ് ലിങ്കുകൾ ഒരിക്കലും കാഴ്ചക്കാരന്റെ ആസ്വദനത്തിനു ഭംഗം വരുത്തുന്നില്ല എന്നത് എടുത്തു പറയണം.
രണ്ടാം പാതി പിന്നിടുന്പോൾ ലാഗിംഗിലേക്കു വഴി തെറ്റാതെ കൊണ്ടു പോകാനും അണിയറ പ്രവർത്തകർക്കു സാധിച്ചിട്ടുണ്ട്. മുൻ ചിത്രങ്ങളുടെ പരാജയത്തിൽ നിന്നും വലിയൊരു കുതിച്ചു കയറ്റം ചിത്രത്തിന്റെ നിർമാതാവ് ആഷിഖ് ഉസ്മാനും അഞ്ചാം പാതിര നൽകുന്നുണ്ട്.
ഓരോ സീനും പ്രേക്ഷകരെ ത്രില്ലടിപ്പിച്ചു മുന്നേറുന്നിടത്താണ് അഞ്ചാം പാതിര കൈയടി നേടുന്നത്. തിയറ്ററിലെ കാഴ്ചാനുഭവം ചിത്രത്തിനു നിർണായക ഘടകമാണ്. അതു മനസിലാക്കി കുടുംബ പ്രേക്ഷകരും യുവാക്കളും കുട്ടികളുമെല്ലാം ചിത്രം ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടു തന്നെ മലയാള സിനിമാ വ്യവസായത്തിനും മികച്ച തുടക്കമാണ് അഞ്ചാം പാതിര നൽകിയിരിക്കുന്നത്.