ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്ഷനുമായി തൃശൂര്‍പൂരം
Saturday, December 21, 2019 12:00 PM IST
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്‍പൂരം. ആക്ഷന്‍ ചിത്രത്തിന്റെ എല്ലാവിധ ചേരുവകളും കോര്‍ത്തിണക്കി പ്രേക്ഷകര്‍ക്ക് ആദ്യാവസാനം ത്രില്ലിംഗ് നല്കുന്ന ചിത്രമാണ് തൃശൂര്‍പൂരം. ജയസൂര്യയുടെ പതിവ് കോമഡി ചിത്രമായിരിക്കുമെന്ന് കരുതിയാല്‍ തെറ്റി. വെട്ടും കുത്തും ആക്ഷനും മാസ് ഡയലോഗുകളുമൊക്കെയായി ശരിക്കും തൃശൂര്‍പൂരം കാണുംപോലൊരു പ്രതീതി.
പതിവ് ഗുണ്ടാ പടത്തിന്റെ ചെളിക്കുഴികളില്‍ പെട്ടുപോയിട്ടില്ലെന്നതാണ് തൃശൂര്‍പൂരത്തെ വ്യത്യസ്തമാക്കുന്നത്. പഴയ തൃശിവപേരൂരിലെ അങ്ങാടി തെരുവില്‍ ഗുണ്ടയുടെ കത്തിക്കിരയായി അമ്മ മരിക്കുന്നിടത്ത് നിന്ന് തുടങ്ങുന്നതാണ് ചെറുപ്രായത്തില്‍ ഗിരിയുടെ ഗുണ്ടാ ജീവിതം. വളര്‍ന്നപ്പോഴും അതു തുടര്‍ന്നു. ഗിരി പിന്നെ പുള്ള് ഗിരിയായി. പലഘട്ടങ്ങളിലും പുതിയ ജീവിതത്തിലേക്ക് മാറുന്നതിനുള്ള ശ്രമങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കിലും പഴയകാല ചരിത്രം ഗിരിയെ വീണ്ടും വെട്ടിലും കുത്തിലേക്കും വലിച്ചിഴയ്ക്കുകയാണ്.
കുടെയുള്ളവര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഗിരി പിന്നെ പുള്ള് ഗിരിയാകും. റിയല്‍എസ്റ്റേറ്റ് മാഫിയയുടെ കത്തിക്കിരയായി സ്ഥലത്തെ തഹസില്‍ദാര്‍ മരിച്ചുവീഴുമ്പോള്‍ സ്ഥലത്തുണ്ടായിരുന്നു എന്നതിന്റെ പേരില്‍ കൂട്ടത്തിലൊരാള്‍ പ്രതിസ്ഥാനത്ത് വരുന്നതോടെയാണ് ഗിരിയുടെ കടന്നുവരവ്. പിന്നെയൊരു മങ്ങിപ്പോക്ക് ഗിരിക്ക് സാധ്യമാകുന്നില്ല. ഓരോഘട്ടത്തില്‍ ഒപ്പം നില്‍ക്കുന്നവര്‍ക്ക് അപകടങ്ങള്‍ ഒന്നൊന്നായി സംഭവിക്കുമ്പോള്‍ ഗിരി പഴയ ഗുണ്ടയായി മാറുന്നു.
തൃശൂര്‍പൂരത്തിന്റെ ബിംബങ്ങളൊന്നും സിനിമയിലെവിടെയും കടന്നുവരുന്നില്ലെങ്കിലും അതിന്റെ അലയൊലികള്‍ ഓരോ സംഘട്ടനരംഗങ്ങളിലും പ്രേക്ഷകരിലേക്ക് അലയടിച്ചെത്തുന്നുണ്ട്. വെട്ടും കുത്തും പ്രതികാരവുമൊക്കെയായി പതിവ് ക്വട്ടേഷന്‍ ചിത്രങ്ങളുടെ ശൈലിക്കൊപ്പം ജയസൂര്യയുടെ മാസ് ലുക്കും എന്‍ട്രിയുമൊക്കെ സിനിമയെ സജീവമായി നിര്‍ത്തുന്നു.
ഗിരിയായി ജയസൂര്യ എത്തുമ്പോള്‍ നായികയായെത്തുന്നത് സ്വാതി റെഡ്ഡിയാണ്. സാബു, ഇന്ദ്രന്‍സ്, ടി.ജെ. രവി, ശ്രീജിത്ത് രവി, വിജയ് ബാബു, മനു, സുധീര്‍ കരമന, മണിക്കുട്ടന്, സുദേവ് നായര്‍, ബാലചന്ദ്രന് ചുള്ളിക്കാട് തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തിലുണ്ട്.
ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ നിര്‍മിച്ച ചിത്രത്തില്‍ നിര്‍മാതാവായ വിജയ് ബാബു ഒരു പ്രധാന വേഷം കൂടി ചെയ്യുന്നുണ്ട്. രാജേഷ് മോഹനനാണ് സംവിധാനം. സംഗീത സംവിധായകന് രതീഷ് വേഗയാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന് സംഗീതം നല്കിയിരിക്കുന്നതും അദ്ദേഹം തന്നെയാണ്.
ജയസൂര്യയുടെ ഭാര്യ സരിത ജയസൂര്യയാണ് വസ്ത്രാലങ്കാരം. ദീപു ജോസഫാണ് എഡിറ്റിംഗ്. പ്രശാന്ത് വേലായുധനാണ് ഛായാഗ്രഹണം. തൃശൂര്‍, കോയമ്പത്തൂര്‍, ഹൈദരാബാദ് എന്നിവിടങ്ങളിലായാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.