ആരാധനയുടെയും ആത്മാഭിമാനത്തിന്റെയും ഡ്രൈവിംഗ് ലൈസന്‍സ്
Friday, December 20, 2019 7:19 PM IST
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതികരിക്കും. അതിന് സൂപ്പര്‍സ്റ്റാര്‍ എന്നോ ആരാധകനെന്നോ വ്യത്യാസമില്ല. അങ്ങനെ ഒരു സൂപ്പര്‍ സ്റ്റാറിന്റെയും ആരാധകന്റെയും കഥ പറയുകയാണ് ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്ത ഡ്രൈവിംഗ് ലൈസന്‍സ് എന്ന സിനിമ. ചിത്രത്തില്‍ സൂപ്പര്‍ സ്റ്റാറിന്റെ വേഷത്തില്‍ പൃഥ്വിരാജും അദേഹത്തിന്റെ ആരാധകനായി സുരാജ് വെഞ്ഞാറമ്മൂടും വേഷമിട്ടിരിക്കുന്നു.
സൂപ്പര്‍താരത്തിന്റെയും ആരാധകന്റെയും കഥ പറയുന്ന നിരവധി സിനിമകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഡ്രൈവിംഗ് ലൈസന്‍സ് അതില്‍ നിന്നും വിഭിന്നമാണ്. സിനിമയുടെ പേര് പറയുന്നതുപോലെ തന്നെ ഒരു ഡ്രൈവിംഗ് ലൈസന്‍സ് ആണ് പ്രശ്നത്തിന് ആധാരമായി മാറുന്നത്. വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കുരുവിള എന്നാണ് സുരാജ് വെഞ്ഞാറമൂട് ചെയ്യുന്ന കഥാപാത്രത്തിന്റെ പേര്. കുരുവിളയുടെ ആരാധനാ കഥാപാത്രമാണ് പൃഥ്വിരാജ് ചെയ്യുന്ന ഹരീന്ദ്രന്‍ എന്ന സൂപ്പര്‍സ്റ്റാര്‍.
പൊതുവെ ദേഷ്യക്കാരനും ഷിപ്രകോപിയുമാണ് ഹരീന്ദ്രന്‍. സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ലൈസന്‍സ് ആവശ്യത്തിനായി ആര്‍ടിഒ ഓഫീസില്‍ എത്തുന്ന ഹരീന്ദ്രന്‍ അപ്രതീക്ഷിതമായ ചില സംഭവങ്ങളെ തുടര്‍ന്ന് കുരുവിളയുമായി കലഹത്തിലാകുന്നു. തന്റെ പ്രിയ ആരാധനാ കഥാപാത്രത്തെ നിറഞ്ഞ മനസ്സോടെ സ്വീകരിക്കാന്‍ ഒരുങ്ങിനിന്ന കുരുവിളക്ക് താങ്ങാനാവാത്ത മനോവിഷമവും അപമാനവും ഉണ്ടാക്കുന്നതായിരുന്നു ഇത്. പിന്നീട് ഇവര്‍ തമ്മിലുള്ള പരസ്പര വാശിയും പ്രശ്നങ്ങളുമാണ് സിനിമയെ മുന്നോട്ട് കൊണ്ടുപോകുന്നത്. ഈ വാശി പരസ്പരം ഒരു വെല്ലുവിളിയായി എടുക്കുന്നതോടെയാണ് സിനിമയുടെ ആദ്യ പകുതി അവസാനിക്കുന്നത്. ഹോട്ട് ന്യൂസ് കള്‍ക്ക് പിന്നാലെ പായുന്ന ചാനലുകളെ ചിത്രം വിമര്‍ശിക്കുന്നു.
സച്ചി ഒരുക്കിയ തിരക്കഥ തന്നെയാണ് ചിത്രത്തിന് അടിത്തറ നല്‍കുന്നത്. അലക്സ് ജെ. പുളിക്കനാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. റാംജിറാവു സ്പീക്കിംഗ് എന്ന ചിത്രത്തിലെ കളിക്കളം എന്ന ഗാനം അല്പം മാറ്റങ്ങളോടെ ഈ സിനിമയിലും നല്കിയിരിക്കുന്നു.
സിനിമയില്‍ മറ്റൊരു സൂപ്പര്‍ താരമായി സുരേഷ് കൃഷ്ണയും എത്തുന്നു. സൈജു കുറുപ്പ്, മിയ ജോര്‍ജ്, നന്ദു, ദീപ്തി സതി, മേജര്‍ രവി, സലിംകുമാര്‍, ലാലു അലക്സ്, ശിവജി ഗുരുവായൂര്‍, മാസ്റ്റര്‍ ആദിഷ് പ്രവീണ്‍, അരുണ്‍, വിജയരാഘവന്, ഇടവേള ബാബു, കാലാഭവന്‍ നവാസ് തുടങ്ങിയവരും വേഷമിട്ടിരിക്കുന്നു. യക്സന്‍ ഗാരി പെരേരിയ നേഹ എസ് നായര്‍ എന്നിവരാണ് ഗാനവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. സുപ്രിയ മേനോന്, ലിസ്റ്റിന് സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ക്രിസ്മസ് കാലത്ത് പ്രേക്ഷകര്‍ക്ക് ബോറടിക്കാതെ കണ്ടിരിക്കാന്‍ പറ്റിയ മികച്ച സിനിമയായിരിക്കും ഡ്രൈവിംഗ് ലൈസന്‍സ് എന്നതില്‍ സംശയമില്ല.