പകയുടെ കനല് എരിഞ്ഞടങ്ങുന്ന മാമാങ്കം
Thursday, December 12, 2019 6:40 PM IST
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശം കൂടിയാണ് മമ്മൂട്ടിയുടെ ബിഗ്ബജറ്റ് ചിത്രം മാമാങ്കം. പടവെട്ടിയും ജീവന്ഹോമിച്ചും ഓരോ വ്യാഴവട്ടക്കാലം ഏറനാടിന്റെ വടക്കേയറ്റത്ത് മഹോത്സവമായി കൊണ്ടാടിയിരുന്ന മാമാങ്കം കൊല്ലലിനും കൊല്ലപ്പെടലിനുമപ്പുറം ഒന്നുംനേടിയിരുന്നില്ലെന്ന ചരിത്രസത്യം കാലത്തിന്റെ തിരശീലകള്ക്കിപ്പുറം നിന്ന് വെട്ടിത്തുറന്നുപറയുന്നു.
വള്ളുവനാടിനെ വെട്ടിപ്പിടിച്ച് കൈയ്യടക്കിയ സാമൂതിരിയുടെ തലയറത്ത് കുലത്തിന്റെയും ദേശത്തിന്റെയും അന്തസും പാരമ്പര്യവും തിരിച്ചുപിടിക്കാന്‍ ജന്മം നല്കിയവര് തന്നെ മക്കളെ പോര്‍ക്കളത്തിലേക്ക് അയക്കുമ്പോള്‍ മക്കളുടെ ജീവനറ്റ ശരീരം പോലും ഇനി കാണാന്‍ കഴിയില്ലെന്ന യാഥാര്‍ഥ്യം അവര്‍ക്കറിയം. എങ്കിലും മാതൃവാത്സല്യത്തിന്റെയും ഭർതൃസ്നേഹത്തിന്റെയുമൊക്കെ മുകളിലാണ് അവര്‍ക്ക് സ്വന്തം കുലവും സാമൂതിരിയോടുള്ള പകയും.
ഓരോ 12 വര്‍ഷം കൂടുമ്പോഴും തിരുനാവായ മണപ്പുറത്തെ മാമാങ്കത്തിന്റെ പോര്‍ക്കളത്തിലേക്ക് ആണ്മക്കളെയും ചെറുമക്കളെയുമൊക്കെ അയക്കുമ്പോള്‍ പടവെട്ടി മരിക്കാന്‍ അനുഗ്രഹിച്ചുവിടേണ്ടിവരികെയാണ് ചന്ദ്രോത്ത് തറവാട്ടിലെ സ്ത്രീകള്‍ക്ക്.
അങ്ങനെ, ആണ്മക്കളെ നാടിന് ഹോമിച്ച പുതിമന വീടിന്റെ അവസാന കണ്ണികളായ ചന്ദ്രോത്ത് ഉണ്ണിപ്പണിക്കരും ചാത്തുണ്ണിയും മാമാങ്കത്തിനു പോകാനൊരുങ്ങുന്നിടത്തുനിന്നാണു ചിത്രത്തിന്റെ തുടക്കം. ആറു പെറ്റിട്ടും ഒരു മകന്‍പോലും തന്റെ ചിതയ്ക്ക് തീകൊളുത്താന്‍ അവശേഷിക്കില്ലല്ലോയെന്ന് ഉള്ളുരുകി പറയുന്ന ചന്ദ്രോത്ത് ഉണ്ണിപ്പണിക്കരുടെ അമ്മ. ലാളിച്ച് കൊതിതീരുമുന്‍പേ അമ്മാവനൊപ്പം മാമാങ്കത്തിന് പോകാന്‍ വാശിപിടിക്കുന്ന മകനെ കണ്ണിരോടെ പറഞ്ഞയക്കേണ്ടി വരുന്ന ചിരുദേവി. ഇവരുടെ കണ്ണീരിനും വേദനയ്ക്കും അപ്പുറം കുലത്തിന്റെ അന്തസും അങ്കത്തില്‍ പടവെട്ടി മരിച്ച വീരരുടെ പാരമ്പര്യവും സംരക്ഷിക്കണമെന്ന് ഉത്തരവിടുന്ന തറവാട്ടിലെ കാരണവരായ മുത്തശ്ശിമാര്‍. ഓരോ മാമാങ്കത്തിലും തങ്ങളുടെ പുരുഷന്മാര് ചാവേറുകളായി മരിച്ചുവീഴുന്നതോടെ തറവാട്ടില്‍ ഒറ്റപ്പെട്ടുപോകുന്ന കുറെ സ്ത്രീജന്മങ്ങള്. ഇങ്ങനെപോകുന്ന ചന്ത്രോത്ത് തറവാടിന്റെ ചരിത്രം.
ഉണ്ണിപ്പണിക്കരുടെ ജേഷ്ഠനും ചാത്തുണ്ണിയുടെ വലിയമ്മാവനുമായ പണിക്കരുടെ ആദ്യ മാമാങ്കം കഴിഞ്ഞു രണ്ടു വ്യാഴവട്ടത്തിനു ശേഷം വരുന്ന മാമാങ്കത്തിനാണ് ഇരുവരും പുറപ്പെടുന്നത്. ഇതിനിടെ കുലത്തെയും പിതൃക്കളെയും കളരിയെയും വഞ്ചിച്ച കുലംകുത്തിയായി മാറിയിരുന്നു പണിക്കര്‍.
ഒപ്പം നിന്നവരൊക്കെ അങ്കക്കളത്തില്‍ മരിച്ചുവീണപ്പോള്‍ വീരമൃത്യുവിന് വഴങ്ങാതെ ഭീരുവിനെപ്പോലെ ഒളിച്ചോടി എന്നതായിരുന്നു കുലത്തിലും ദേശത്തും പാണരുടെ പാട്ടുകളിലുമൊക്കെ പണിക്കര്‍ക്കെതിരായ മെനഞ്ഞ കഥകള്‍. അറിയാതെ പോലും ആ പേര് നാവിന് വീഴാതിരിക്കാന്‍ ഇളമുറക്കാര്‍ വരെ ശ്രദ്ധിച്ചിരുന്നു.
പണിക്കരായി മമ്മൂട്ടി വേഷമിടുമ്പോള്‍ വടക്കന്‍പാട്ടുകളിലെ വീരകഥാപാത്രങ്ങള്ക്ക് ഒപ്പം നിര്‍ത്തി താരപരിവേഷം നല്കാന് ശ്രമിച്ചില്ലെന്ന എന്നതാണ് ഒരു ചരിത്ര സിനിമ എന്ന നിലയില്‍ മാമാങ്കത്തെ മേന്മയുള്ളതാക്കുന്നത്. മെയ്ക്കരുത്തും മനക്കരുത്തുമാണ് പണിക്കരുടെ ആയുധം.
സാമൂതിരി പടകളെ ഒന്നൊന്നായി വെട്ടിവീഴ്ത്തി നിലപാട് തറയിലെത്തുമ്പോള് അപകടം മണത്ത മന്ത്രിമുഖ്യര്‍ സാമൂതിരിയെ സൂത്രത്തില്‍ അവിടെ നിന്നു മാറ്റുന്നു. പതിറ്റാണ്ടുകളായി തലമുറകള്‍ കൈമാറി വന്ന പകയുടെ അന്ത്യം കുറിക്കാന്‍ ലഭിച്ച അവസരം നഷ്ടമായതോടെ അന്ധാളിച്ചുപോയ പണിക്കര്‍ക്ക് പിന്നെ അവിടെ നിന്ന് രക്ഷപെടുകയേ നിര്‍വാഹമുണ്ടായിരുന്നുള്ളു. സത്യമിതായിരിക്കെ കുലംകുത്തിയായി മുദ്രകുത്തപ്പെടാന് വിധിക്കപ്പെടേണ്ടിവരികെയാണ് പണിക്കര്‍ക്ക്.
പരാജയപ്പെട്ടവന്റെ പിന്മാറ്റമായിരുന്നില്ല പണിക്കരുടേത്. കുടുതല്‍ കരുത്തോടെ തിരിച്ചുവരാനുള്ള പിന്മാറ്റമായിരുന്നു. സഹോദരനും മരുമകനും അങ്കംവെട്ടിന് ഇറങ്ങുന്നതുമുതല്‍ അങ്കത്തട്ടുവരെ പണിക്കരുടെ അദൃശ്യസാന്നിധ്യം സംരക്ഷണ വലയമായി അവര്‍ക്കൊപ്പമുണ്ടായിരുന്നു. പക്ഷെ മാമാങ്കത്തിലെ ചതുക്കുഴികളില് നിന്ന് ഇരുവരെയും രക്ഷിക്കാന്‍ പണിക്കര്ക്കായില്ല.
കരുത്തരായ പടത്തലവന്മാരെപ്പോലും മനക്കരുത്തിലും പോരാട്ടവീര്യത്തിലും വെട്ടിവീഴ്ത്തി നിലപാട്തറയിലെത്തി സാമൂതിരിയുടെ തലയ്ക്ക് നേരെ വാളുയര്‍ത്തിയ ചാത്തുണ്ണിയെ പിന്നില്‍നിന്ന് കുത്തിവീഴ്ത്തുമ്പോള്‍ പണിക്കര്‍ നിസഹായനായി എവിടെയോ മറഞ്ഞിരിക്കുകയായിരിക്കാം. പക്ഷെ കഴുകനും മാടനും കൊത്തിനുറുക്കാന്‍ വിട്ടുകൊടുക്കാതെ ചാത്തുണ്ണിയുടെ ജഡം അമ്മയ്ക്കും മുത്തശിക്കും മുന്നില്‍ എത്തിച്ചുകൊടുത്ത് ചരിത്രത്തില്‍ രേഖപ്പെടുത്താതെ പോയ വീരനായി മാറുകയായിരുന്നു ചാത്തുണ്ണി.
ഒപ്പം ഒരാള്‍പോലും സ്വന്തം കുലത്തില്‍ നിന്ന് മാമാങ്കത്തിലെ ചാവേറുകളായി ജീവന്ഹോമിക്കാന് ഇടയാകാതെ പകയുടെ കനലുകള്‍ ഊതിക്കെടുത്താനുള്ള ചരിത്ര നിയോഗവും അദ്ദേഹം സ്വയം ഏറ്റെടുക്കുകയാണ്.
ചന്ദ്രോത്ത് ഉണ്ണിപ്പണിക്കരായി ഉണ്ണി മുകുന്ദനും ചാത്തുണ്ണിയായി മാസ്റ്റര്‍ അച്യുതനും വേഷമിട്ട് കൈയടി നേടി. കാവ്യാ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് ചിത്രം നിര്‍മിച്ചത്. സജീവ് പിള്ളയുടെ രചനയില്‍ എം. പദ്മകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് മനോജ് പിള്ളയാണ്. സഞ്ജിത് ബല്‍ഹാര, അങ്കിത് ബല്‍ഹാര എന്നിവര്‍ പശ്ചാത്തലസംഗീതവും എം.ജയചന്ദ്രന് സംഗീതവും ഒരുക്കിയിരിക്കുന്നു.
കനിഹ, അനു സിത്താര, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ, പ്രാചി തെഹ്ലാന് എന്നിവരാണ് മറ്റ് കഥാപാത്രങ്ങലെ അവതരിപ്പിച്ചിരിക്കുന്നത്.