കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന ദുരന്തങ്ങളില്‍ കരയാന്‍ മാത്രം വിധിക്കപ്പെടുന്ന പെണ്‍കുട്ടികളുടെ കഥപറയുന്ന സിനിമയാണ് സനല്‍ കുമാര്‍ ശശിധരന്‍റെ ചോല.

ലൈംഗിക പീഡനത്തിനിരയാകപ്പെടുന്ന 14 വയസ്മാത്രം പ്രായമുള്ള പെണ്‍കുട്ടിയുടെ നിസഹായതയും രോഷവും സങ്കടവുമൊക്കെ കഥയ്ക്കപ്പുറം തിരശീലയില്‍ വ്യാഖ്യാനിക്കപ്പെടുമ്പോള്‍ സമകാലിക സമൂഹത്തിന്‍റെ അപചയങ്ങള്‍ക്കൂടി വ്യാഖ്യാനിക്കപ്പെടുന്നുണ്ട് ചിത്രത്തില്‍. ആദ്യ പ്രദര്‍ശനങ്ങള്‍ പിന്നിട്ടപ്പോള്‍ സമ്മിശ്ര പ്രതികരണങ്ങളുമായി ചിന്തകള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിതുറന്നിരിക്കുകയാണ് ചോല.



ഒരു പെണ്‍കുട്ടിയുടെ ജീവിതത്തെ മുന്‍നിര്‍ത്തി പുരുഷന്‍റെ വ്യത്യസ്ത തലങ്ങളെയാണ് ചോലയിലൂടെ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ അവതരിപ്പിക്കുന്നത്. സ്‌കൂള്‍ യൂണിഫോമില്‍ കാമുകനൊപ്പം ഒരു വൈകുന്നേരം വരെ ചുറ്റിയടിക്കാന്‍ ഇറങ്ങിത്തിരിക്കുന്ന പെണ്‍കുട്ടിക്ക് രണ്ട് ദിവസത്തിനിടെ സംഭവിക്കുന്ന ദാരുണ സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം.

കാമുകനെ മാത്രം പ്രതീക്ഷിച്ച് ഒരു പഴയ ജീപ്പില്‍ കയറുമ്പോള്‍ മുതല്‍ അതിലെ ഡ്രൈവറെ കണ്ട് അസ്വസ്ഥയാവുന്ന ജാനകിക്ക് പിന്നെ സ്വസ്ഥതയില്ലാത്ത, ഭീതിയുടെ മാത്രം മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോകേണ്ടി വരികയാണ്.



ആശാനെന്നു വിളിക്കുന്ന ഡ്രൈവറോടുള്ള കാമുകന്‍റെ അമിത വിധേയത്വവും ഭയവുമൊക്കെ നഷ്ടപ്പെടുത്തുന്നത് അവളുടെ ജീവിതം തന്നെയാണ്. തന്‍റെ കാമുകിക്ക് ഒരിക്കലും സംഭവിക്കരുതെന്ന് കരുതുന്നതൊക്കെ ആശാനെന്നു വിളിക്കപ്പെടുന്ന ആളില്‍ നിന്നും ഉണ്ടാകുമ്പോള്‍ പ്രതികരിക്കാനാകാതെ കൂടുതല്‍ വിധേയനായി നില്‍ക്കേണ്ടിവരുന്ന കാമുകന്‍ ആണെന്ന ബിംബത്തിന് വ്യത്യസ്തമായ വ്യാഖ്യാനങ്ങളാണ് നല്‍കുന്നത്.

ആശാനെന്ന കഥാപാത്രത്തെ തന്മയത്വത്തോടെ അവതരിപ്പിച്ച ജോജു ജോര്‍ജിന്‍റെ ശരീരഭാഷയില്‍പോലുമുണ്ട് വ്യാഖ്യാനങ്ങളേറെ. നിര്‍വികാരമായ മുഖത്ത് ക്രൂരതയുടെ മുഖംമൂടി ഒളിഞ്ഞിരിപ്പുണ്ട്. അപ്രതീക്ഷിതമായാണ് അത് പുറത്തുവരിക. സുഹൃത്തിന്‍റെ കാമുകിയെ ഇച്ഛയ്ക്കുപയോഗിക്കുമ്പോഴും അവളുടെ തേങ്ങലിലും ഭയത്തിലും ആനന്ദം കാണുമ്പോഴുമൊക്കെ വെറുപ്പുളവാക്കുന്ന വില്ലന്‍റെ ഭാവമാണ് ആശാനെന്ന കഥാപാത്രത്തിന്.



ജോജു ജോര്‍ജിനൊപ്പം ജാനകിയായി നിമിഷ സജയനും കാമുകന്‍റെ വേഷത്തില്‍ നവാഗതനായ അഖില്‍ വിശ്വനാഥുമാണ് അഭിനയിച്ചിരിക്കുന്നത്. സ്റ്റോണ്‍ ബെഞ്ച് ഫിലിംസിന്‍റെ ബാനറില്‍ കാര്‍ത്തികും ജോജുവും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ലോകത്തെ ഏറ്റവും മികച്ച ചലച്ചിത്ര മേളകളില്‍ ഒന്നായ വെനീസ് ചലച്ചിത്ര മേളയില്‍ ചിത്രം ശ്രദ്ധ നേടിയിരുന്നു.