ഡയലോഗുകളുടെ ആൽക്കെമിസ്റ്റ്! ഉണ്ണി ആറിനെ കാട്ടാളന്റെ ലോകത്തേക്ക് സ്വാഗതം ചെയ്ത് ക്യൂബ്സ് എന്റർടെയ്ൻമെന്റ്സ്
Wednesday, July 9, 2025 2:48 PM IST
ക്യൂബ്സ്എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ആന്റണി വർഗീസ് പെപ്പെയെ നായകനാക്കി നവാഗതനായ പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കാട്ടാളനിൽ സംഭാഷണം ഒരുക്കാൻ ശ്രദ്ധേയ കഥാകൃത്ത് ഉണ്ണി ആർ.
ഡയലോഗുകളുടെ ആൽക്കെമിസ്റ്റായ ഉണ്ണി ആറിന് കാട്ടാളന്റെ ലോകത്തിലേക്ക് സ്വാഗതം എന്ന് കുറിച്ചുകൊണ്ടാണ് ക്യൂബ്സ് എന്റർടെയ്ൻമെന്റ്സ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. ബിഗ് ബി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഇതാദ്യമായാണ് ഉണ്ണി ഒരു സിനിമയ്ക്ക് വേണ്ടി സംഭാഷണം ഒരുക്കുന്നത്.
കേരള സംസ്ഥാന അവാർഡ് ജേതാവായ തിരക്കഥാകൃത്തും സംഭാഷണ രചയിതാവുമാണ് ഉണ്ണി ആർ. പ്രേക്ഷകരെ ആകർഷിക്കുന്ന രീതിയിലുള്ള ആഖ്യാനങ്ങളും ശ്രദ്ധേയമായ കഥാപാത്രങ്ങളും സൃഷ്ടിക്കുന്നതിൽ പ്രശസ്തനാണ്.
ബിഗ് ബി, ചാർലി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അദ്ദേഹം കഥാപാത്രങ്ങളുടെ ആത്മാവറിഞ്ഞ് ചങ്കിൽ കൊള്ളുന്ന ശക്തമായ സംഭാഷണങ്ങളാണ് ഒരുക്കാറുള്ളത്. കാട്ടാളനിലും പ്രേക്ഷകരുടെ ഉള്ളം കീഴടക്കുന്ന സംഭാഷണ ശകലങ്ങള്‍ ഉണ്ണി ആറിന്റെ തൂലിക തുമ്പിൽ നിന്നും പിറവികൊള്ളും എന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ.
ആന്റണി വർഗീസ് പെപ്പെ നായകനായെത്തുന്ന ചിത്രത്തിൽ നായികയായെത്തുന്ന രജിഷ വിജയനാണ്. മലയാളത്തിൽ നിന്നുള്ളവരും പാൻ ഇന്ത്യൻ താരങ്ങളും അടക്കം വലിയൊരു താരനിരയാണ് ചിത്രത്തിൽ ഒരുമിക്കുന്നത്.