ബസിൽ ലൈംഗികാതിക്രമം, സവാദ് വീണ്ടും അറസ്റ്റിൽ; പടക്കം പൊട്ടിച്ച് ആഘോഷിച്ച് നടി നന്ദിത ശങ്കര
Saturday, June 21, 2025 11:18 AM IST
കെഎസ്ആർടിസി ബസിൽ ലൈംഗികാതിക്രമം നടത്തിയ വടകര സ്വദേശിയായ സവാദ് വീണ്ടും ഇതേ കേസിൽ അറസ്റ്റിലായ സംഭവത്തില്‍ പ്രതികരിച്ച് നടിയും മോഡലുമായ നന്ദിത ശങ്കര (മസ്താനി).
2023ൽ സമാനമായ കേസിൽ സവാദിനെതിരെ നന്ദിത രംഗത്തുവന്നിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ സവാദിന് ഓൾ കേരള മെൻസ് അസോസിയേഷന്റെ വക സ്വീകരണവും മാലയിടലും ഒരുക്കിയിരുന്നു.
ഇതോടെ സംഭവം വലിയ വിവാദമായി മാറി. നടിക്കു നേരെ വലിയ വിമർശനങ്ങളും സൈബർ ആക്രമണവും വരെ ഉണ്ടായി. നന്ദിതയുടേത് വ്യാജ പരാതിയാണെന്നും സവാദിനെ മനഃപൂർവം കുടുക്കാനുള്ള ഹണി ട്രാപ്പ് ആണെന്നുമായിരുന്നു വിമർശനം.

ഒടുവിൽ നീതി അതും രണ്ട് വർഷത്തെ ഇരയാക്കപ്പെടലിനും സ്വഭാവഹത്യയ്ക്കും ശേഷം-നന്ദിത പങ്കുവച്ച സ്റ്റോറിയിലെ ഒരു വാചകം ഇങ്ങനെയായിരുന്നു. അന്നു സവാദിനെ പിന്തുണച്ച മെൻസ് അസോസിയേഷൻ സംഘടനയെയും നന്ദിത പരിഹസിക്കുന്നുണ്ട്.
‘കുരങ്ങനു പൂമാല റെഡി ആക്കി വയ്ക്കൂ’ എന്നൊരാളുടെ കമന്റിന് മാല താൻ തന്നെ മേടിക്കാം എന്നായിരുന്നു നന്ദിതയുടെ മറുപടി.
സവാദിന്റെ അറസ്റ്റ് പടക്കം പൊട്ടിച്ച് ആഘോഷിക്കുന്ന മസ്താനി എന്ന അടിക്കുറിപ്പോടെ രസകരമായ വീഡിയോയും സ്റ്റോറിയിൽ കാണാം.
ഈ കഴിഞ്ഞ 14ന് മലപ്പുറത്തേക്കുള്ള കെഎസ്ആർടിസി ബസിൽ വച്ചായിരുന്നു സവാദ് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്. ബസ് തൃശൂർ എത്തിയതോടെ യുവതി ഇതുസംബന്ധിച്ച് പരാതി നൽകുകയായിരുന്നു. ഈ കേസിലാണ് ഇപ്പോൾ അറസ്റ്റ്.