ജോജുവിന്റെ അഭിനയം കണ്ട് അസൂയ തോന്നുന്നുവെന്ന് കമൽഹാസൻ; കണ്ണീരണിഞ്ഞ് ജോജു
Monday, May 26, 2025 10:10 AM IST
തഗ് ലൈഫ് ഓഡിയോ ലോഞ്ച് ഇവന്റില്‍ നടന് ജോജു ജോര്‍ജിനെ പുകഴ്ത്തി കമല്‍ ഹാസന്. ജോജുവിന്റെ ഇരട്ട എന്ന ചിത്രത്തിലെ അഭിനയം എടുത്തുപറഞ്ഞായിരുന്നു താരത്തിന്റെ പ്രശംസ. കമൽഹാസന്റെ വാക്കുകൾ കേട്ട് കണ്ണീരണിയുന്ന ജോജുവിനെയും കാണാം.
""ജോജുവെന്ന നടനെ എനിക്ക് അറിയില്ലായിരുന്നു, അങ്ങനൊരിക്കലാണ് അദ്ദേഹം അഭിനയിച്ച ‘ഇരട്ട’ എന്ന ചിത്രം ഞാൻ കാണാനിടയായത്. ചിത്രത്തിൽ ഒരേ പോലീസ് സ്റ്റേഷനിൽ ജോലി ചെയുന്ന ഇരട്ട സഹോദരന്മാരായാണ് ജോജു അഭിനയിച്ചിരിക്കുന്നത്.
രണ്ട് കഥാപാത്രങ്ങളും തമ്മില്‍ നമുക്ക് വേര്‍തിരിച്ച് അറിയാന്‍ സാധിക്കും. അത് എഡിറ്റിംഗ് കൊണ്ടല്ല, ശക്തമായ അഭിനയംകൊണ്ടാണ്. അദ്ദേഹത്തിന്റെ അഭിനയം കണ്ട് എനിക്ക് അസൂയ തോന്നി.'' കമല്‍ ഹാസന് പറഞ്ഞു.
കമല്‍ഹാസന്റെ വാക്കുകള്‍ കേട്ട് വികാരാധീനനായ ജോജു എഴുന്നേറ്റ് നിന്നാണ് നന്ദി അറിയിച്ചത്. കണ്ണീരണിഞ്ഞ ജോജു എഴുന്നേറ്റ് നിന്ന് കൈകൂപ്പി.
താന്‍ അവതരിപ്പിച്ച ഇരട്ട വേഷങ്ങളുമായി താരതമ്യം ചെയ്തായിരുന്നു കമല്‍ ഹാസന് ജോജുവിനെ പ്രകീര്‍ത്തിച്ചത്.