കാന്താര സിനിമ ചിത്രീകരണത്തിനിടെ ജൂണിയർ ആർട്ടിസ്റ്റ് നദിയിൽ മുങ്ങി മരിച്ചു
Friday, May 9, 2025 1:09 PM IST
കാന്താര രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിനിടെ ജൂണിയർ ആർട്ടിസ്റ്റ് മുങ്ങിമരിച്ചു. എം.എഫ്. കപിൽ ആണ് മരിച്ചത്. സൗപർണികാ നദിയിൽ കുളിക്കാനിറങ്ങുന്പോൾ കാൽവഴുതി ഒഴുക്കിൽപ്പെടുകയായിരുന്നു.
മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ രാത്രിയാണു മൃതദേഹം കണ്ടെത്തിയത്. ഇതേത്തുടർന്ന് ചിത്രീകരണം താത്കാലികമായി നിർത്തിവച്ചു.അസ്വാഭാവിക മരണത്തിനു കൊല്ലൂർ പോലീസ് കേസെടുത്തു.
അതേസമയം യുവാവ് മുങ്ങി മരിച്ച സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി ചിത്രത്തിന്റെ നിർമാതാക്കളായ ഹോംബാലെ ഫിലിംസ്. ജൂനിയർ ആർട്ടിസ്റ്റ് ആയിരുന്ന എം.എഫ് കപിലിന്റെ വിയോഗത്തിൽ അഗാധമായ ദുഃഖമുണ്ടെന്നും എന്നാൽ സിനിമയുടെ സെറ്റിൽവച്ചല്ല ഈ ദാരുണ സംഭവം ഉണ്ടായതെന്നും ഹോംബാലെ ഫിലിംസ് വ്യക്തമാക്കുന്നു.
‘‘ജൂനിയര്‍ ആര്‍ട്ടിസ്റ്റ് എം.എഫ്. കപിലിന്റെ അകാല വിയോഗത്തില്‍ ഞങ്ങള്‍ അഗാധമായ ദുഃഖത്തിലാണ്. അദ്ദേഹത്തിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവര്‍ക്കും ഞങ്ങള്‍ അനുശോചനം അറിയിക്കുന്നു.
ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പല ചർച്ചകളുടെ സാഹചര്യത്തിൽ ‘കാന്താര’യുടെ സെറ്റില്‍ വച്ചല്ല അദ്ദേഹത്തിന് ഈ അപകടം സംഭവിച്ചതെന്ന് ബഹുമാനപൂർവം ഞങ്ങള്‍ അറിയിക്കുന്നു. അന്നത്തെ ദിവസം ഷൂട്ടിംഗ് ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യങ്ങൾക്കിടെയാണ് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത അപകടമുണ്ടായത്.
സിനിമയുമായി ഈ ദാരുണസംഭവത്തെ ബന്ധപ്പെടുത്തരുതെന്ന് ഞങ്ങള്‍ ആത്മാർഥമായി അഭ്യർഥിക്കുന്നു.”ഹോംബാലെ ഫിലിംസ് എക്സ് പ്ലാറ്റ്ഫോമിലൂടെ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
മേയ് ആറിനാണ് വൈക്കം സ്വദേശിയായ എം.എഫ്. കപില്‍ സൗപര്‍ണിക നദിയില്‍ വീണ് മരിക്കുന്നത്. ഉഡുപ്പി ജില്ലയിലെ കൊല്ലൂരില്‍ ചൊവ്വാഴ്ച വൈകിട്ട് നാലു മണിയോടെയാണ് അപകടം. സഹപ്രവർത്തകരുമായി സൗപർണികാ നദിയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് ഒഴുക്കിൽപെടുകയായിരുന്നു.
കൂടെയുണ്ടായിരുന്നവർ ചേർന്ന് യുവാവിനെ ഉടൻ തന്നെ മുങ്ങിയെടുത്ത് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. വൈക്കം പള്ളപ്പർത്ത്ശേരി പട്ടശ്ശേരി മൂശാറത്തറ വീട്ടിൽ ഫൽഗുണന്റെയും രേണുകയുടെയും മകനാണ്. തെയ്യം കലാകാരനായ കപിൽ നിരവധി ടെലിഫിലിമുകളിൽ അഭിനയിച്ചിട്ടുണ്ട്.
കാന്താരയുടെ ഷൂട്ടിംഗ് സൈറ്റിലെ തടസങ്ങൾ തുടർക്കഥയാണ്. കഴിഞ്ഞദിവസം കൊല്ലൂരിൽ ജൂണിയർ ആർട്ടിസ്റ്റുമാരുമായി വന്ന ബസ് നിയന്ത്രണംവിട്ടു മറഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റിരുന്നു.
സിനിമയ്ക്കായി തയാറാക്കിയ സെറ്റ് കാറ്റിലും മഴയിലും തകർന്നതും വനത്തിനുള്ളിൽ ചിത്രീകരിക്കുന്നതിനിടെ സംവിധായകരുൾപ്പെടെയുള്ളവരെ വനംവകുപ്പ് അധികൃതർ തടഞ്ഞുവച്ച സംഭവവും ഉണ്ടായിട്ടുണ്ട്.
എന്നാൽ, ഏതു പ്രതിബന്ധവും മറികടന്ന് ഷൂട്ടിംഗ് പൂർത്തിയാക്കി ഒക്ടോബർ രണ്ടിനുതന്നെ സിനിമ റിലീസ് ചെയ്യുമെന്ന് സംവിധായകൻ ഋഷഭ് ഷെട്ടി പറഞ്ഞു. ഇതിനിടെ, കപിലിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്കാൻ സംവിധായകനോടു നിർദേശിക്കണമെന്നാവശ്യപ്പെട്ട് ഓൾ ഇന്ത്യ സിനി വർക്കേഴ്സ് അസോസിയേഷൻ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കു നിവേദനം നല്കി.