ലാലേട്ടാ ഞാനൊരു ഉമ്മ വെച്ചോട്ടേയെന്ന് തരുൺ മൂർത്തി; അതിനെന്താ മോനേയെന്ന് മോഹൻലാലും
Saturday, May 3, 2025 9:47 AM IST
തുടരും സിനിമയുടെ വിജയാഘോഷത്തിനിടെ മോഹൻലാലിനോട് ചുടുചുംബനം ചോദിച്ച് വാങ്ങി ചിത്രത്തിന്റെ സംവിധായകൻ തരുൺ മൂർത്തി. കേക്ക് മുറിച്ച് മധുരം പങ്കിട്ടതിന് പിന്നാലെയാണ് തരുൺ ലാലേട്ടാ ഞാനൊരു ഉമ്മ വെച്ചോട്ടെയെന്ന് ചോദിച്ചത്. അതിനെന്താ എന്ന ചോദ്യവുമായി മോഹൻലാൽ തരുണിന് തിരികെയൊരു ഉമ്മയും നൽകി.
ഇതിൽകൂടുതൽ നന്നായിട്ട് ഉമ്മ വെയ്ക്കാൻ പറ്റില്ല. ഇത്രയും ആൾക്കാരുടെയിടയിൽ നിന്നും എന്നാണ് മോഹൻലാൽ ചിരിച്ചുകൊണ്ട് പറഞ്ഞത്. എമ്പുരാൻ സിനിമയുടെ വിജയാഘോഷവും ഈ ചടങ്ങിൽ നടന്നു.
മോഹൻലാലിന് തുടർച്ചയായി രണ്ടുവിജയങ്ങളാണ് എമ്പുരാനും തുടരുവും നൽകിയത്. അതേസമയം ആഗോള കളക്ഷനിൽ 100 കോടി നേടി മോഹൻലാൽ-തരുൺ മൂർത്തി ചിത്രം തുടരും ജൈത്രയാത്ര തുടരുകയാണ്. റിലീസ് ചെയ്ത് അഞ്ച് ദിവസംകൊണ്ടാണ് ചിത്രം ഈ നേട്ടം കൈവരിച്ചത്.
മലയാളസിനിമയിൽ ഇതാദ്യമായാണ് ഒരു താരത്തിന്റെ ഒരു വർഷമിറങ്ങിയ രണ്ട് ചിത്രങ്ങൾ 100 കോടി ആഗോള കളക്ഷൻ നേടുന്നത്. അതും തുടർച്ചയായ മാസങ്ങളിലാണെന്നതാണ് ശ്രദ്ധേയം.
മോഹൻലാൽ നായകനായി കഴിഞ്ഞമാസം പുറത്തിറങ്ങിയ എമ്പുരാൻ 300 കോടി കളക്ഷൻ നേടിയിരുന്നു. ഇതിനുപിന്നാലെയാണിപ്പോൾ തുടരും 100 കോടി കളക്ഷൻ സ്വന്തമാക്കിയിരിക്കുന്നത്.
അമിത പ്രതീക്ഷകൾ നൽകാതെ, ആരാധകരോട് ഇതൊരു സാധാരണ പടമെന്ന് പറഞ്ഞ് പ്രമോഷൻ പോലും നൽകാതെ പുറത്തിറക്കിയ ചിത്രം മോഹൻലാലിന്റെ തിരിച്ചുവരവാണെന്നാണ് പ്രേക്ഷകാഭിപ്രായം.
വർഷങ്ങൾക്ക് ശേഷം തങ്ങളുടെ മോഹൻലാലിനെ തിരികെ നൽകിയതിന് നന്ദി എന്നാണ് സംവിധായകൻ തരുൺ മൂർത്തിയോട് ചിത്രം കണ്ടിറങ്ങിയവർ പറയുന്നത്.
സിനിമയുടെ ടൈറ്റിൽ കാർഡ് മുതൽ ബാക്ക് ഗ്രൗണ്ട് മ്യൂസിക്ക് വരെ എല്ലാം മികച്ച അഭിപ്രായമാണ് പറയുന്നത്. ‘ഇതാണ് ഞങ്ങള്‍ കാത്തിരുന്ന ലാലേട്ടന്, ഇങ്ങനെ വേണം സിനിമ എടുക്കാന്‍, കാത്തിരുന്ന ലാല്‍ ഭാവങ്ങള്‍ ഇതാണ്’ എന്നിങ്ങനെ പോകുന്നു സിനിമ കണ്ടിറങ്ങിയവരുടെ അഭിപ്രായങ്ങള്‍
ഫീൽ ഗുഡ് പോലെ തുടങ്ങുന്ന സിനിമ ഇടവേളയോട് അടുക്കുമ്പോൾ ത്രില്ലർ മൂഡിലേക്കു മാറുന്നു. രണ്ട് മണിക്കൂർ 46 മിനിറ്റാണ് സിനിമയുടെ റൺ ടൈം.