ഖാലിദിനൊപ്പമെന്ന് ജിംഷി; പിന്തുണച്ച് കമന്റിട്ട നസ്ലിനു ചീത്ത വിളി; എന്റെ പടം കൂടി ഇട് എന്ന് ശ്രീനാഥ് ഭാസി
Tuesday, April 29, 2025 2:32 PM IST
ഹൈബ്രിഡ് കഞ്ചാവ് കൈവശം വച്ചതിന്റെ പേരിൽ അറസ്റ്റിലാവുകയും ജാമ്യം ലഭിക്കുകയും ചെയ്ത സംവിധായകൻ ഖാലിദ് റഹ്മാന് പിന്തുണയുമായി സഹോദരനും ഛായാഗ്രാഹകനുമായ ജിംഷി ഖാലിദ്. ഖാലിദിനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് ജിംഷിയുടെ പിന്തുണ.
എരിതീയിൽ എണ്ണ പകർന്നതിനു നന്ദി എന്നും ഇനി ഈ തീപ്പൊരി ആളിപ്പടരുമെന്നും ചിത്രത്തോടൊപ്പം ജിംഷി ഖാലിദ് കുറിച്ചു.
കഞ്ചാവ് ഉപയോഗിക്കുകയും കൈവശം വയ്ക്കുകയും ചെയ്തതിന് തിങ്കളാഴ്ച അറസ്റ്റിലായ ഗായകൻ വേടന്റെ "എല്ലാരും കല്ലെറിഞ്ഞേ, കല്ലുകൊണ്ടെന്റെ മുഖം മുറിഞ്ഞേ" എന്ന പാട്ടിനൊപ്പമാണ് ജിംഷി ഖാലിദ് സഹോദരനൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുന്നത്.
‘‘എരിതീയിൽ എണ്ണ പകർന്നതിനു നന്ദി. ഇനി ഈ ചെറുകനൽ മുമ്പെങ്ങുമില്ലാത്തവിധം ആളിപ്പടരാൻ പോകുന്നു.’’ ജിംഷി ഖാലിദ് കുറിച്ചു.
ജിംഷി പങ്കുവച്ച ചിത്രത്തിന് നടൻ നസ്ലെൻ, ലുക്മാൻ അവറാൻ, ശ്രീനാഥ് ഭാസി അടക്കമുള്ളവർ കമന്റ് ചെയ്തിട്ടുണ്ട്. നസ്ലെന്റെ ലവ് ഇമോജി കമന്റിന് ‘ബ്രോ ഇനിയും ഇയാളെ പിന്തുണച്ച് കഞ്ചാവും ലഹരിയും നാട്ടിൽ നോർമലൈസ് ആയി നാട്ടിലെ മൊത്തം പിള്ളേരും ഇതൊക്കെ അടിച്ചു നടക്കട്ടെ’’ എന്നാണ് ഒരാൾ മറുപടി കൊടുത്തിരിക്കുന്നത്.

‘‘എന്റെ പടം കൂടി ഇടൂ’’ എന്നാണു നടൻ ശ്രീനാഥ് ഭാസി കമന്റ് ചെയ്തത്. ഒന്നു പുറകിലേക്ക് നോക്കൂ നീ എന്റെ തോളുരുമ്മി നിൽപ്പുണ്ട് എന്ന് ജിംഷി ഖാലിദ് മറുപടി നൽകി. അതേസമയം വിമർശനം കടുത്തതോട കമന്റ് ബോക്സ് ജിംഷി ഓഫ് ആക്കി.
ഛായാഗ്രാഹകൻ സമീർ താഹിറിന്റെ കൊച്ചിയിലെ ഫ്ലാറ്റിൽ വച്ച് ഹൈബ്രിഡ് കഞ്ചാവ് ഉപയോഗിക്കുന്നതിനിടെയാണ് സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ എന്നിവരെ എക്സൈസ് സംഘം പിടികൂടിയത്.
ഇവരിൽ നിന്ന് ഒന്നര ഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെടുത്തു. ഇവരുടെ സുഹൃത്തും പിടിയിലായിരുന്നു. മൂവരെയും പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ ഷൈജു ഖാലിദ്, ഛായാഗ്രാഹകൻ ജിംഷി ഖാലിദ്, എന്നിവർ ഖാലിദ് റഹ്മാന്റെ സഹോദരന്മാരാണ്.