"തുടരും' ഈ വിജയം; മൂന്നുദിവസം കൊണ്ട് 69 കോടി കളക്ഷൻ പുറത്തുവിട്ട് ആശിർവാദ്
Tuesday, April 29, 2025 10:54 AM IST
ബോക്സ് ഓഫീസ് കളക്ഷനിൽ മുന്നേറി മോഹൻലാൽ - തരുൺ മൂർത്തി ചിത്രം തുടരും. മൂന്ന് ദിവസം കൊണ്ട് 69 കോടിയാണ് ചിത്രം ആഗോള കലക്ഷനായി വാരിയത്. ആശിര്‍വാദ് സിനിമാസ് ആണ് ചിത്രത്തിന്റെ ഔദ്യോഗിക കളക്ഷൻ പുറത്തുവിട്ടത്.
കേരളത്തിൽ നിന്നു മാത്രം മൂന്ന് ദിവസം കൊണ്ട് ലഭിച്ച കളക്ഷൻ 20 കോടിയാണ്. ഞായറാഴ്ച എട്ട് കോടിയായിരുന്നു കേരളത്തിലെ തിയറ്ററുകളിൽ നിന്നും നേടിയത്. തിങ്കളാഴ്ച ആറുകോടിയാണ് ചിത്രം നേടിയത്.
കേരളത്തില്‍ മാത്രമല്ല വിദേശത്തും ചിത്രത്തിന് ആവേശകരമായ സ്വീകരണമാണ് ലഭിക്കുന്നത്. 41 കോടിയാണ് വിദേശത്തുനിന്നുള്ള കളക്ഷൻ. റെസ്റ്റ് ഓഫ് ഇന്ത്യ ഏഴ് കോടി. മോഹന്‍ലാലിന്റെ കരിയറിലെ 360-ാം ചിത്രമാണിത്. ശോഭനയാണ് ചിത്രത്തിലെ നായിക. 15 വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലും ശോഭനയും ഒരുമിച്ചെത്തുന്നത്. രജപുത്രയുടെ ബാനറിൽ എം. രഞ്ജിത്ത് ആണ് നിർമാണം.
അമിത പ്രതീക്ഷകൾ നൽകാതെ, ആരാധകരോട് ഇതൊരു സാധാരണ പടമെന്ന് പറഞ്ഞ് പ്രമോഷൻ പോലും നൽകാതെ പുറത്തിറക്കിയ ചിത്രം മോഹൻലാലിന്റെ തിരിച്ചുവരവാണെന്നാണ് പ്രേക്ഷകാഭിപ്രായം.
വർഷങ്ങൾക്ക് ശേഷം തങ്ങളുടെ മോഹൻലാലിനെ തിരികെ നൽകിയതിന് നന്ദി എന്നാണ് സംവിധായകൻ തരുൺ മൂർത്തിയോട് ചിത്രം കണ്ടിറങ്ങിയവർ പറയുന്നത്.
സിനിമയുടെ ടൈറ്റിൽ കാർഡ് മുതൽ ബാക്ക് ഗ്രൗണ്ട് മ്യൂസിക്ക് വരെ എല്ലാം മികച്ച അഭിപ്രായമാണ് പറയുന്നത്. ‘ഇതാണ് ഞങ്ങള്‍ കാത്തിരുന്ന ലാലേട്ടന്, ഇങ്ങനെ വേണം സിനിമ എടുക്കാന്‍, കാത്തിരുന്ന ലാല്‍ ഭാവങ്ങള്‍ ഇതാണ്’ എന്നിങ്ങനെ പോകുന്നു സിനിമ കണ്ടിറങ്ങിയവരുടെ അഭിപ്രായങ്ങള്‍
ഫീൽ ഗുഡ് പോലെ തുടങ്ങുന്ന സിനിമ ഇടവേളയോട് അടുക്കുമ്പോൾ ത്രില്ലർ മൂഡിലേക്കു മാറുന്നു. രണ്ട് മണിക്കൂർ 46 മിനിറ്റാണ് സിനിമയുടെ റൺ ടൈം.