മടക്കം ജെ.സി. ഡാനിയേല്‍ പുരസ്കാരം ഏറ്റുവാങ്ങി
Tuesday, April 29, 2025 9:37 AM IST
12 ദിവസം മുന്‍പ് കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത അംഗീകാരമായ ജെ.സി.ഡാനിയേല്‍ പുരസ്കാരം ഏറ്റുവാങ്ങുമ്പോള്‍ സദസില്‍ നിന്നും വലിയ കരഘോഷങ്ങളാണ് ഉയര്‍ന്നത്. മലയാള സിനിമയുടെ യശസ് വാനോളം ഉയര്‍ത്തിയ ഷാജി എന്‍. കരുണിന് സിനിമാ ആസ്വാദകര്‍ നല്കിയ അംഗീകാരമായിരുന്നു അത്.
സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത പുരസ്കാരവും ഏറ്റുവാങ്ങിയാണ് പ്രിയ ചലച്ചിത്രകാരന് ഷാജി എന്‍. കരുണ്‍ വിടവാങ്ങുന്നത്.
കഴിഞ്ഞ 16ന് നിശാഗന്ധിയില്‍ നടന്ന ചടങ്ങിലാണ് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങിയത്. ചലച്ചിത്ര വികസന കോര്പറേഷന് ചെയര്മാന് കൂടിയായ ഷാജി എന്‍.കരുണിന്റെ അവസാന പൊതു പരിപാടി കൂടിയായിരുന്നു അത്.
2023ലെ ജെ.സി.ഡാനിയേല്‍ പുരസ്കാരമായിരുന്നു മുഖ്യമന്ത്രി സമ്മാനിച്ചത്. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതായിരുന്നു പുരസ്കാരം. അന്തര്‍ദേശീയ തലത്തില്‍ പോലും മലയാള സിനിമയെ അടയാളപ്പെടുത്തിയ സംവിധായകനാണ് ഷാജി. എന്‍. കരുണ്‍ എന്നു വിലയിരുത്തിയായിരുന്നു കഴിഞ്ഞ വര്‍ഷം അവാര്‍ഡ് ജൂറി പുരസ്കാര പ്രഖ്യാപനം നടത്തിയത്. സ്വന്തം കുടുംബത്തില്‍ നിന്നും ലഭിച്ച അംഗീകാരമെന്ന നിലയില്‍ സംതൃപ്തിയും സന്തോഷവുമുണ്ടെന്നായിരുന്നു അന്ന് ഷാജി എന്‍. കരുണിന്റെ പ്രതികരണം.