ദൃശ്യചാരുതയുടെ മറുവാക്ക്
വിജയകൃഷ്ണൻ
Tuesday, April 29, 2025 8:44 AM IST
ഷാജിയെ ആദ്യം കണ്ടത് ഇന്നും എന്റെ ഓർമയിലുണ്ട്. ബിരുദം കഴിഞ്ഞു തൊഴിലില്ലാത്ത അഭ്യസ്തവിദ്യനായി അലയുന്ന കാലം. ഒരു ദിവസം സ്റ്റാച്യുവിലൂടെ നടന്നുപോകുമ്പോൾ ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്ന ഒരു ചെറുപ്പക്കാരനെ ചൂണ്ടി കൂടെയുണ്ടായിരുന്ന സുഹൃത്ത് പറഞ്ഞു; ആ നിൽക്കുന്നവൻ പൂനാ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുന്നവനാണ്.
ഷാജി എൻ. കരുണെന്നാണ് പേര്. അല്പം അസൂയയോടെയാണ് ഞാൻ ആ ചെറുപ്പക്കാരനെ നോക്കിയത്. കാരണം, പൂനാ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കാനുള്ള നിഗൂഢമായ ഒരാഗ്രഹം അന്ന് എന്റെ മനസിലുമുണ്ടായിരുന്നു. അന്ന് ഞാൻ ഷാജിയെ കണ്ടു. ഷാജി എന്നെ കാണുന്നത് പിന്നെയും എത്രയോ കൊല്ലങ്ങൾക്കു ശേഷമാണ്. എന്നാൽ, അതിനിടെ ഷാജി ആദ്യമായി ഒറ്റയ്ക്ക് സ്വാതന്ത്ര ഛായാഗ്രാഹകനാവുന്ന ചിത്രത്തിലേക്ക് ഒരു വഴി തെളിക്കാൻ എനിക്കു കഴിഞ്ഞിരുന്നു.
ഇങ്ങനെയാണതുണ്ടായത്: ‘അതിഥി’യുടെ സഹസംവിധായകനായിരുന്നല്ലോ ഞാൻ. ആ ചിത്രം കഴിഞ്ഞു പുതിയൊരു ചിത്രത്തെക്കുറിച്ചുള്ള ആലോചന നടക്കുന്ന സമയത്ത് കെ.പി. കുമാരൻ എന്നോട് ചോദിച്ചു, പുതിയ ചെറുപ്പക്കാർ വല്ലതുമുണ്ടോ ക്യാമറ ചെയ്യാൻ? പൂനയിൽ പഠിക്കുന്ന ഒരാളുണ്ടെന്നും എനിക്ക് നേരിട്ട് പരിചയമില്ലെങ്കിലും ബന്ധപ്പെടാനുള്ള വഴിയുണ്ടാക്കാമെന്നും ഞാൻ പറഞ്ഞു.ഫിലിം ഇന്സ്റ്റിറ്റ്യൂട്ടിൽ പഠിക്കുന്ന എന്റെയൊരു സുഹൃത്തിന് ഞാൻ വിവരമെഴുതി.
സുഹൃത്തിന്റെ മറുപടിയൊന്നും എനിക്ക് കിട്ടിയില്ല. ഞാനപ്പോഴേക്ക് മറ്റു ചില പരിപാടികളുമായി പോയതുകൊണ്ട് ഇക്കാര്യം മറക്കുകയും ചെയ്തു. മാസങ്ങൾക്കുശേഷം, കുമാരേട്ടൻ കണ്ടപ്പോൾ പറഞ്ഞു, ഷാജി എന്നെ വന്നു കണ്ടിരുന്നു. ‘ലക്ഷ്മിവിജയ’ത്തിൽ അദ്ദേഹത്തെത്തന്നെ ഫിക്സ് ചെയ്തിട്ടുണ്ട്. അതുവരെ മധു അമ്പാട്ടുമായി ചേർന്ന് ഛായാഗ്രഹണം നിർവഹിച്ചിരുന്നു ഷാജി ആദ്യമായി ഒറ്റയ്ക്ക് കാമറാമാനാവുന്നത് ഈ ചിത്രത്തിലാണ്.
കുറേ ചിത്രങ്ങളിൽ ഛായാഗ്രാഹകനായി പ്രവർത്തിച്ചുവെങ്കിലും ഷാജിയെ കേരളം തിരിച്ചറിഞ്ഞത് ‘കാഞ്ചനസീത’യിലൂടെയാണ്. അവിടം മുതല്ക്കങ്ങോട്ട് അരവിന്ദന്റെ ചിത്രങ്ങളുടെ അനിവാര്യതയായിരുന്നു ഷാജി. ഛായാഗ്രഹണകലയിൽ പുതിയൊരു അധ്യായം രചിക്കുകയായിരുന്നു അദ്ദേഹം. ആ മേഖലയിൽ കിട്ടാവുന്ന ബഹുമതികളെല്ലാം അദ്ദേഹം വാരിക്കൂട്ടുകയും ചെയ്തു. അതുകൊണ്ടുതന്നെ ഒരു സംവിധായകനെന്ന നിലയ്ക്കുള്ള അദ്ദേഹത്തിന്റെ കൂടുമാറ്റത്തെ ആശങ്കയോടെ കണ്ടവരായിരുന്നു ഏറെ.
എന്നാൽ, ആ ആശങ്കകളെയൊക്കെ കാറ്റിൽ പറത്തിക്കൊണ്ട് ആദ്യചിത്രത്തിലൂടെ ത്തന്നെ അദ്ദേഹം സാർവത്രികമായ അംഗീകാരവും അന്താരാഷ്്ട്രതലത്തിലുള്ള അംഗീകാരങ്ങളും നേടി.
മലയാളസിനിമയെ സംബന്ധിച്ചിടത്തോളം ഛായാഗ്രാഹകൻ, സംവിധായകൻ എന്നീ നിലകൾക്കപ്പുറവും ഷാജിയുടെ സംഭവനകളുണ്ട്.
ചലച്ചിത്ര വികസനകോർപറേഷന്റെ ആദ്യകാലത്തുതന്നെ അതിന്റെ മാനേജർ എന്ന നിലയിൽ ആ സ്ഥാപനം കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹം വലിയ പങ്ക് വഹിച്ചു.
ചലച്ചിത്ര അക്കാദമിക്ക് രൂപം നല്കിയതുതന്നെ ഷാജിയാണ്. കേരളത്തിൽ നടന്ന നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകൾ അദ്ദേഹത്തിന്റെ സംഘാടനമികവിന്റെ പൊൻതൂവലുകളായി നിലകൊള്ളുന്നു.