"ആ പാട്ടങ്ങ് ഇറക്കി വിട് അണ്ണാ' തരുൺ മൂർത്തിയോട് മോഹൻലാൽ ആരാധകർ
Monday, April 28, 2025 3:27 PM IST
മോഹൻലാലും ശോഭനയും ഒന്നിച്ചെത്തിയ തുടരും ചിത്രത്തിലെ ഒരു ഗാനത്തിനായാണ് ആരാധകരുടെ കാത്തിരിപ്പ്. ചിത്രത്തിലെ ഇനിയും പുറത്തിറങ്ങാത്ത പ്രമോ-ഗാനത്തിലെ ചിത്രീകരണ സമയത്തെ വീഡിയോ ലീക്കായതിന് പിന്നാലെയാണ് ആരാധകർ ആ പാട്ട് ഇറക്കി വിടാൻ സംവിധായകനോട് പറയുന്നത്.
കറുത്ത മുണ്ടും ബ്രൗൺ ഷർട്ടും ധരിച്ച് സ്റ്റൈലായി നൃത്തം ചെയ്യുന്ന മോഹൻലാലിനെ ദൃശ്യങ്ങളിൽ കാണാം. മോഹൻലാലിനൊപ്പം സംവിധായകൻ തരുൺമൂർത്തിയും ചുവടു വയ്ക്കുന്നുണ്ട്.
‘ഇങ്ങ് ഇറക്കി വിട് സാറെ. കൊലകൊല്ലി ഐറ്റം, ‘സിനിമയുടെ മൂഡിന് ചേരില്ലേൽ വേണ്ട... യുട്യൂബിൽ അങ്ങ് ഇറക്ക് വിട്’ തുടങ്ങി കമന്റുകളാണ് തരുൺ മൂർത്തിയുടെ ഓരോ അപ്ഡേഷന് താഴെയും വരുന്നത്.
ചിത്രത്തിലെ മോഹൻലാലിന്റെ കഥാപാത്രമായ ബെൻസ് ഷൺമുഖം ഒരു മുരുക ഭക്തനാണ്. മുരുകനുമായി ബന്ധപ്പെട്ട ഫാസ്റ്റ് നമ്പർ ഗാനമാണ് ചിത്രത്തിനായി തരുൺ മൂർത്തി ഒരുക്കിയതും. വേൽ മുരുകാ, പഴനിമല മുരുകനെ തുടങ്ങിയ മോഹൻലാലിന്റെ മുൻ സൂപ്പർഹിറ്റ് ഗാനങ്ങളുടെ നൊസ്റ്റാൾജിയ പകരുന്നതാണ് പുതിയ ഗാനമെന്നാണ് സൂചന. ഗാനരംഗത്തിൽ മോഹൻലാലും ശോഭനയും ഒന്നിച്ച് ചുവടു വയ്ക്കുന്നതും ആരാധകർക്ക് ആവേശക്കാഴ്ചയാകും.
ബൃന്ദ മാസ്റ്ററാണ് ഗാനത്തിന്റെ കൊറിയോഗ്രാഫർ. ജേക്സ് ബിജോയ് ആണ് സംഗീതം. എം.ജി ശ്രീകുമാറാണ് ഗാനം ആലപിച്ചിരിക്കുന്നത്.