വിജയ് സേതുപതി ചിത്രം "എയ്സിന്റെ' കേരളവിതരണാവകാശം സ്വന്തമാക്കി എസ്എംകെ റിലീസ്
Monday, April 28, 2025 2:41 PM IST
വിജയ് സേതുപതി നായകനാകുന്ന ഏറ്റവും പുതിയ ചിത്രം എയ്സിന്റെ കേരളാ വിതരണാവകാശം നേടി എസ്എംകെ റിലീസ്. അറുമുഗകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബോൾഡ് കണ്ണൻ എന്ന കഥാപാത്രമയാണ് വിജയ് സേതുപതി എത്തുന്നത്.
വിശ്വരൂപം, ആരംഭം, ഒക്കെ കണ്മണി, മാവീരൻ, ഉത്തമവില്ലൻ, തൂങ്കാവനം, പ്രിൻസ്, സിംഗം 2, വീരം എന്നീ ചിത്രങ്ങൾ കേരളത്തിലെത്തിച്ച എസ്എംകെ റിലീസ് പ്രൊഡക്ഷൻ തന്നെയാണ് വിജയ് സേതുപതി നായകനായ എയ്സ് കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത്.
2025 മെയ് 23നാണ് ചിത്രം ആഗോള തലത്തിൽ തിയേറ്റർ റിലീസായി എത്തുന്നത്. പൂർണമായും മലേഷ്യയിൽ ചിത്രീകരിച്ച എയ്സിൽ വിജയ് സേതുപതി അവതരിപ്പിക്കുന്ന ബോൾഡ് കണ്ണൻ എന്ന കഥാപാത്രത്തിന്റെ ആഴത്തെ കുറിച്ചും സാധ്യതകളെ കുറിച്ചും ആരാധകരിൽ ആവേശം സൃഷ്ടിക്കുന്ന ഒരു ഗ്ലിംമ്പ്സ് വീഡിയോ താരത്തിന്റെ ജന്മദിനത്തിൽ പുറത്ത് വന്നിരുന്നു.
വലിയ ബജറ്റിൽ ഒരുക്കിയ ചിത്രം പൂർണമായും ഒരു മാസ് കൊമേഴ്സ്യൽ എന്റർടൈയ്നർ ആയാണ് എത്തുന്നത്. വിജയ് സേതുപതി ആരാധകരും സിനിമാ പ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന ചിത്രം വലിയ ആക്ഷനും കഥപറച്ചിലുമായി ഒരു ദൃശ്യ വിരുന്നായിരിക്കുമെന്നതിൽ സംശയമില്ല.
വിജയ് സേതുപതിയെ കൂടാതെ രുക്മിണി വസന്ത്, യോഗി ബാബു, ബി.എസ്.അവിനാശ്, ദിവ്യ പിള്ള, ബബ്ലു, രാജ്കുമാര് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
7സിഎസ് എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ അറുമുഗകുമാര്‍ നിര്‍മിച്ച ഈ ചിത്രം വലിയ ബജറ്റിലാണ് ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം: കരണ്‍ ഭഗത് റൗട്, സംഗീതം: ജസ്റ്റിന് പ്രഭാകരന്, എഡിറ്റര്‍: ഫെന്നി ഒലിവര്‍, കലാസംവിധാനം: എ കെ മുത്തു. പിആര്‍ഒ:അരുൺ പൂക്കാടൻ.