‘തുടരും’ സിനിമയുടെ കഥ മോഷ്ടിച്ചതെന്ന് സംവിധായകന് നന്ദകുമാർ
Monday, April 28, 2025 10:13 AM IST
മോഹന്‍ലാല്‍ നായകനായ ‘തുടരും’ സിനിമയുടെ കഥ മോഷ്ടിച്ചതാണെന്ന ആരോപണവുമായി സംവിധായകന് നന്ദകുമാര്‍. ‘രാമന്’ എന്ന തന്റെ കഥയുടെ തനിപ്പകര്‍പ്പാണെന്നും തന്റെ സൃഷ്ടിയെ അനുവാദമില്ലാതെ അന്യായമായി ഉപയോഗിക്കുകയായിരുന്നെന്നും നന്ദകുമാര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
‘തുടരും’ സിനിമയിലെ ജോര്‍ജ് എന്ന കഥാപാത്രം തന്റെ കഥയിലെ ജോണ്‍ എന്ന കഥാപാത്രം തന്നെയാണ്. സിനിമയുടെ സംഭവക്രമം മുതല്‍ ക്ലൈമാക്സ് വരെ തന്റെ കഥയുമായി അത്രമേല്‍ സാമ്യമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
2021ലാണ് താന്‍ ‘രാമന്’ എന്ന തിരക്കഥ തയാറാക്കിയത്. സിനിമ ചെയ്യാനായി രണ്ടു വര്‍ഷം മുമ്പ് നടന് ബാലയെയും ഹരിശ്രീ അശോകനെയും കണ്ടിരുന്നു. ബാലയ്ക്ക് തിരക്കഥയുടെ പകര്‍പ്പും നല്‍കിയിരുന്നു. എന്നാല്‍, ഇത് എവിടെനിന്ന് എങ്ങനെ ചോര്‍ന്നുവെന്നു വ്യക്തമല്ല.
അതുകൊണ്ടുതന്നെ തന്റെ സൃഷ്ടിയെ അന്യായമായി ഉപയോഗിച്ചത് ആരെന്നു കണ്ടെത്താനും തന്റെ കഥയ്ക്കും സൃഷ്ടിക്കും അംഗീകാരം ലഭിക്കാനുമായി സിനിമയ്ക്കെതിരേ നിയമനടപടികളിലേക്ക് കടക്കുകയാണെന്നും നന്ദകുമാര്‍ പറഞ്ഞു.