ബോക്സ് ഓഫീസിൽ ഈ ഒറ്റയാന്റെ വിളയാട്ടം; രണ്ടാം ദിനം വാരിക്കൂട്ടിയത് 24 കോടി
Monday, April 28, 2025 9:36 AM IST
ബോക്സ് ഓഫീസ് കുലുക്കി മോഹൻലാൽ - തരുൺ മൂർത്തി ചിത്രം തുടരും. ചിത്രം റിലീസ് ചെയ്ത് രണ്ടാം ദിനം വാരിക്കൂട്ടിയത് 24 കോടിയാണ്. ഇതോടെ ചിത്രം ഞായറാഴ്ച വരെ നേടിയ കലക്ഷൻ 40 കോടിയായി.
ബുക്ക്മൈഷോയിലൂടെ മാത്രം നാല് ലക്ഷത്തിനു മുകളിൽ ടിക്കറ്റുകളാണ് റിലീസ് ദിവസം തന്നെ വിറ്റുപോയത്. ഇപ്പോഴും ഇതേ ട്രെൻഡ് തുടരുകയാണ്. ആദ്യദിവസം മികച്ച ഓപ്പണിംഗ് കളക്ഷൻ ലഭിക്കുന്ന ഏഴാമത്തെ മലയാള ചിത്രമായി തുടരും മാറി.
വെള്ളിയാഴ്ച മുതൽ അർധരാത്രി പ്രത്യേക ഷോ പല തിയറ്ററുകളിലും നടന്നു. എമ്പുരാനിൽ സ്റ്റൈലിഷ് മാസ് അവതാരമായ മോഹൻലാലിനെയാണ് ആഘോഷിച്ചതെങ്കിൽ ഈ സിനിമയിൽ വിന്റേജ് മോഹൻലാലിനെ കാണാം.
രണ്ടു മണിക്കൂർ 46 മിനിറ്റാണ് സിനിമയുടെ റൺ ടൈം. മോഹന്‍ലാലിന്റെ കരിയറിലെ 360-ാം ചിത്രമാണിത്. ശോഭനയാണ് ചിത്രത്തിലെ നായിക. 15 വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലും ശോഭനയും ഒരുമിച്ചെത്തുന്നത്. രജപുത്രയുടെ ബാനറിൽ എം. രഞ്ജിത്ത് ആണ് ചിത്രത്തിന്റെ നിർമാണം.
ഞങ്ങളുടെ ലാലേട്ടനെ തിരികെ കിട്ടിയെന്നാണ് ചിത്രം കണ്ടിറങ്ങുന്നവർ പറയുന്നത്. അനായസ മെയ് വഴക്കവും അഭിനയവും മോഹൻലാലിന് മാത്രമേ സാധിക്കൂവെന്നും അവർ പറയുന്നു.
മികച്ച പ്രതികരണത്തെത്തുടർന്ന് സിനിമയുടെ ടിക്കറ്റ് ബുക്കിംഗ് ഉയർന്നിരിക്കുകയാണ്. വരും ദിവസങ്ങളിൽ സിനിമയുടെ കളക്ഷനും കുത്തനെ ഉയരാനാണ് സാധ്യത.