വിന് സിയോട് മാപ്പ് ചോദിച്ച് ഷൈന്‍; പരാതി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം
Tuesday, April 22, 2025 2:50 PM IST
സൂത്രവാക്യം സിനിമയുടെ ചിത്രീകരണത്തിനിടെ ഷൈന്‍ ടോം ചാക്കോ ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറി എന്ന വിന് സി. അലോഷ്യസിന്റെ പരാതി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം ശക്തമാക്കി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍.
ഇന്റേണല്‍ കമ്മിറ്റി യോഗത്തില്‍ ഷൈന്‍ വിന് സിയോട് ക്ഷമാപണം നടത്തിയതായാണ് ലഭ്യമാകുന്ന വിവരം. ഭാവിയില്‍ മോശം പെരുമാറ്റം ഉണ്ടാകില്ലെന്ന് ഷൈന്‍ ഉറപ്പ് നല്കി. ബോധപൂര്‍വം തെറ്റ് ചെയ്തിട്ടില്ലെന്നും പെരുമാറ്റത്തില്‍ ശ്രദ്ധിക്കാമെന്നും ഷൈന്‍ ഇന്റേണല്‍ കമ്മിറ്റി അംഗങ്ങളെ അറിയിച്ചു.
ഇന്റേണല്‍ കമ്മിറ്റി എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്ന് വിന് സിയും യോഗത്തില്‍ നിലപാടെടുത്തു. തന്റെ പരാതി ചോര്‍ന്നതിലുള്ള അതൃപ്തിയും വിന് സി യോഗത്തില്‍ അറിയിക്കുകയുണ്ടായി.
പോലീസില്‍ പരാതി നല്കാന് തയാറല്ലെന്ന നിലപാട് ഇന്റേണല്‍ കമ്മിറ്റി യോഗത്തിലും വിന് സി ആവര്‍ത്തിച്ചു. ഷൈന്‍ ടോം ചാക്കോയ്ക്ക് താക്കീത് നല്കി പ്രശ്നങ്ങള്‍ അവസാനിപ്പിക്കാനാണ് ആലോചന. ഷൈന്‍ ടോം ചാക്കോയ്ക്കെതിരേ തിടുക്കത്തില്‍ നടപടി വേണ്ടെന്ന നിലപാടിലാണ് താര സംഘടനയും. താര സംഘടനയും ഫിലിം ചേമ്പറും ഇന്റേണല്‍ കമ്മിറ്റി യോഗത്തിന്റെ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ്. റിപ്പോര്‍ട്ട് ഇന്ന് തന്നെ ലഭിച്ചേക്കും.
ഇന്റേണല്‍ കമ്മിറ്റി യോഗം നടന്ന വേദിയെ ചൊല്ലി വിവാദം
സൂത്രവാക്യം സിനിമയുടെ ഇന്റേണല്‍ കമ്മിറ്റി യോഗത്തിന്റെ വേദിയെ ചൊല്ലി വിവാദം. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ഓഫീസിലാണ് ഇന്റേണല്‍ കമ്മിറ്റിയുടെ യോഗം നടന്നത്.
നിര്‍മാതാക്കളുടെ സംഘടനയുടെ ഓഫീസില്‍ യോഗം നടത്തിയതില്‍ ഫിലിം ചേംബറില്‍ അഭിപ്രായ വ്യത്യാസമുണ്ട്. സിനിമ സംഘടനയുടെ ഓഫീസില്‍ ഇന്റേണല്‍ കമ്മിറ്റി യോഗം ചേര്‍ന്നത് ചട്ട വിരുദ്ധമാണെന്ന് ഫിലിം ചേംബറിന്റെ മോണിറ്ററിംഗ് കമ്മിറ്റിയിലും അഭിപ്രായമുയര്‍ന്നു.
സിനിമ സംഘടനയുടെ ഓഫീസുകളില്‍ യോഗം ചേരാന്‍ പാടില്ലെന്ന് ഫിലിം ചേംബര്‍ മോണിറ്ററിംഗ് കമ്മിറ്റി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഇത് കണക്കിലെടുക്കാതെ സൂത്രവാക്യം സിനിമയുടെ ഇന്റേണല്‍ കമ്മിറ്റി യോഗം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ഓഫീസിലെ ഹാളില്‍ ചേരുകയായിരുന്നുവെന്നാണ് വിവരം. ഇത്തരമൊരു സുപ്രധാന യോഗം സിനിമ സംഘടനയുടെ ഓഫീസില്‍ ചേര്‍ന്നത് സുതാര്യതയെയും നിക്ഷ്പക്ഷതയെയും ബാധിക്കുമെന്ന വിമര്‍ശനമാണ് ഉയരുന്നത്.
അതേസമയം, അത് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ഓഫീസായി കാണേണ്ടതില്ലെന്നും അവര്‍ വാടകയ്ക്ക് നല്കുന്ന അവരുടെ ഹാളിലാണ് യോഗം ചേര്‍ന്നതെന്നുമാണ് സിനിമ അധികൃതരുടെ വിശദീകരണം.