പെട്ടിമുടി ദുരന്തത്തിന്റെ ഓർമയുമായി കുവി എന്ന നായ; നജസ്സ് ടീസർ
Monday, April 21, 2025 4:32 PM IST
Canine Star കുവി എന്ന നായ കേന്ദ്ര കഥാപാത്രമായി വരുന്ന നജസ്സ് എന്ന ചിത്രത്തിന്റെ ടീസർ റിലീസായി. പെട്ടിമുടി ദുരന്തത്തിന്റെ കണ്ണീരോർമകൾക്ക് ഒപ്പമാണ് കുവി മലയാളികളുടെ മനസിലേക്ക് കടന്നുവരുന്നത്. തന്റെ കളിക്കൂട്ടുകാരിയുടെ മൃതദേഹം കണ്ടെടുക്കാൻ ദുരിത ഭൂമിയിൽ പോലീസിന് വഴിയൊരുക്കി വാർത്തകളിൽ നിറഞ്ഞ കുവി നജസ്സ് എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്.
ശ്രീജിത്ത് പൊയിൽക്കാവ് രചനയും സംവിധാനവും നിർവഹിച്ച നജസ്സ് എന്ന ചിത്രത്തിൽ പെട്ടിമുടി ദുരന്തത്തിൽ ശ്രദ്ധേയയായ കുവി എന്ന പെൺ നായ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
കൈലാഷ്, കുഞ്ഞിക്കണ്ണൻ ചെറുവത്തൂർ, സജിത മഠത്തിൽ, ടിറ്റോ വിൽസൺ, അമ്പിളി ഔസേപ്പ്, കേസിയ തുടങ്ങിയവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ മനോജ് ഗോവിന്ദൻ നിർമിക്കുന്ന ഈ ചിത്രത്തിൽ നീലാംബരി പ്രൊഡക്ഷൻസിന്റെ സാരഥികളായ മുരളി നീലാംബരി, പ്രകാശ് സി. നായർ എന്നിവർ സഹനിർമാതാക്കളാണ്.
ഛായാഗ്രഹണം- വിപിൻ ചന്ദ്രൻ, എഡിറ്റർ-രതിൻ രാധാകൃഷ്ണൻ, കലാസംവിധാനം-വിനീഷ് കണ്ണൻ, വസ്ത്രാലങ്കാരം- അരവിന്ദൻ. നിരവധി ദേശീയ അന്തർ ദേശീയ അംഗീകാരങ്ങൾ നേടിയ നജസ്സിന് കേരള സംസ്ഥാന ഫിലിം ക്രിട്ടിക്സിന്റെ ഏറ്റവും നല്ല ദേശിയോദ്ഗ്രഥന ചിത്രത്തിനുള്ള അവാർഡും കരസ്ഥമാക്കി. മേയ് ഒന്നിന് വള്ളുവനാടൻ സിനിമാ കമ്പനി " നജസ്സ് " പ്രദർശനത്തിനെത്തിക്കുന്നു.പി ആർ ഒ-എ.എസ്. ദിനേശ്.