പരാതി കൊടുത്തതിലെ കാര്യങ്ങൾ ലീക്ക് ആയിട്ടുണ്ട്, സജി നന്ത്യാട്ടിനെ കുറ്റപ്പെടുത്തിയതിൽ വിഷമമുണ്ട്: വിൻസി അലോഷ്യസ്
Monday, April 21, 2025 3:07 PM IST
സിനിമാ സംഘടനകൾക്ക് നൽകിയ പരാതി പിൻവലിക്കില്ലെന്ന് നടി വിൻസി അലോഷ്യസ്. താൻ കൊടുത്ത പരാതിയിലെ വിശദാംശങ്ങൾ ലീക്ക് ആയിട്ടുണ്ടെന്നും മുൻപ് എടുത്ത നിലപാടുകളിൽ മാറ്റമില്ലെന്നും വിൻസി മാധ്യമങ്ങളോടു പറഞ്ഞു.
ചില മാധ്യമങ്ങൾ തെറ്റിദ്ധരിപ്പിച്ചതുകൊണ്ടാണ് ഫിലിം ചേംബറിനെയും സജി നന്ത്യാട്ടിനെയും കുറ്റപ്പെടുത്തിയതെന്നും ചേംബറിനു നൽകിയ പരാതി പിൻവലിക്കില്ലെന്നും വിൻസി വ്യക്തമാക്കി
‘‘ കൂടുതൽ വിവാദങ്ങളെക്കുറിച്ചൊന്നും പറയുന്നില്ല. ഞാൻ കൊടുത്ത പരാതിയുടെ സത്യാവസ്ഥയെക്കുറിച്ച് ചോദിക്കാൻ ഇന്ന് കൂടുന്ന ഐസി മീറ്റിംഗിലേക്ക് എന്നെ വിളിച്ചിട്ടുണ്ട്. അവിടെ ഹാജരായി എനിക്ക് പറയാനുള്ളത് പറയും.
അത് കഴിഞ്ഞ് സിനിമയ്ക്കുള്ളിൽ തന്നെ അവർ നടപടി എടുക്കും. അത്ര മാത്രമേ എനിക്ക് പറയാൻ കഴിയൂ. സിനിമയ്ക്ക് പുറത്തു വച്ച് എന്തെങ്കിലും സംഭവിക്കുമ്പോഴാണ് പോലീസിലേക്ക് ഒക്കെ പരാതി നൽകേണ്ടത്. എനിക്ക് സിനിമയിൽ ആണ് മാറ്റം കൊണ്ടുവരേണ്ടത്. ആ നിലപാടിൽ ഞാൻ ഉറച്ചു നിൽക്കുന്നു.
ഞാൻ ഇപ്പോൾ ഒരു ഉദ്ഘാടന ചടങ്ങിന് എത്തിയതാണ്. പ്രതികരണം അറിയാനായി കാത്തുനിന്ന മാധ്യമങ്ങളോട് നന്ദി. ഞാൻ മുൻപ് പറഞ്ഞ പ്രസ്താവനയും നിലപാടും ഒന്നും മാറ്റിയിട്ടില്ല, അതിൽ തന്നെ ഉറച്ചു നിൽക്കുകയാണ്. ഞാൻ കൊടുത്ത പരാതിയുടെ റിസൾട്ട് എന്താണെന്ന് ഇന്ന് വൈകിട്ടോടെ ചിലപ്പോൾ അറിയാൻ പറ്റുമായിരിക്കും.
അതിനു വേണ്ടി കാത്തിരിക്കാം. നിയമനടപടികളുമായി ഞാൻ മുന്നോട്ട് പോകില്ല എന്ന എന്റെ തീരുമാനത്തിന് മാറ്റമില്ല. ഞാൻ പരാതി കൊടുത്തതിലെ വിശദാംശങ്ങൾ ലീക്ക് ആയിട്ടുണ്ട് എന്നാലും ചേംബറിനും സിനിമാ സംഘടനകൾക്കും കൊടുത്ത പരാതി പിൻവലിക്കില്ല.
മാധ്യമങ്ങളാണ് എന്നോട് ചേംബറിൽ നിന്നാണ് പരാതി ലീക്ക് ആയതെന്ന് പറഞ്ഞത്. അതുകൊണ്ടാണ് ഞാൻ സജി നന്ത്യാട്ടിനെ കുറ്റപ്പെടുത്തി സംസാരിച്ചത്. അതിൽ എനിക്കിപ്പോൾ വിഷമമുണ്ട് . ഞാൻ പരാതി കൊടുക്കുന്നതിനു മുൻപ് തന്നെ ‘അമ്മ’യിൽ പരാതി ലഭിച്ചു എന്ന് ഒരു റിപ്പോർട്ടർ പറഞ്ഞിട്ടുണ്ടായിരുന്നു. ഏതെങ്കിലും സംഘടനകളെ കുറ്റം പറയുന്നതിന് മുൻപ് അതിന്റെ സത്യാവസ്ഥ കൂടി എനിക്ക് അറിയണം.’’ വിൻസി അലോഷ്യസ് പറഞ്ഞു.