പോസ്റ്റർ പോലും പങ്കുവയ്ക്കുന്നില്ല, നാലുദിവസമായി ഉറങ്ങിയിട്ട്; ഷൈനും വിൻസിക്കുമെതിരെ സൂത്രവാക്യം നിർമാതാവ്
Monday, April 21, 2025 1:42 PM IST
വിവാദങ്ങൾക്കിടെ ഷൈൻ ടോമിനും വിൻസി അലോഷ്യസിനുമെതിരെ സൂത്രവാക്യം സിനിമയുടെ നിർമാതാവ് ശ്രീകാന്ത് കന്ദ്രഗുല. ചിത്രത്തിന്റെ പ്രമോഷന് ഇരുവരും സഹകരിക്കുന്നില്ലെന്നാണ് നിർമാതാവ് പറയുന്നത്.
ഈസ്റ്റർ സ്പെഷലായി റിലീസ് ചെയ്ത സിനിമയുടെ പോസ്റ്റർ രണ്ടു താരങ്ങളും പങ്കുവച്ചിട്ടില്ലെന്നും ഇത് സിനിമയെ പ്രതികൂലമായി ബാധിക്കുന്നുവെന്നും നൂറുപേരിലേയ്ക്ക് പോലും ചിത്രത്തെക്കുറിച്ച് എത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഷൈൻ ടോമുമായുള്ള പ്രശ്നം ‘സൂത്രവാക്യം’ സിനിമയുടെ സെറ്റിലുണ്ടായിരുന്ന കുറച്ച് പേർക്ക് അറിയാമായിരുന്നുവെന്നാണ് വിൻസി തന്നോടു പറഞ്ഞതെന്നും എന്നാല്‍ ആരോടാണ് പറഞ്ഞതെന്ന് പറഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘‘ഈ വിവാദവുമായി ബന്ധപ്പെട്ടുള്ള പ്രസ്മീറ്റിനുശേഷം വിൻസിയുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഷൈനുമായുള്ള പ്രശ്നം സിനിമാ സെറ്റിലെ കുറച്ച് പേർക്ക് അറിയാമായിരുന്നുവെന്ന് വിൻസി എന്നോടു പറഞ്ഞു. ഞാനിപ്പോഴും ആവർത്തിക്കുന്നതെന്തെന്നു വച്ചാൽ ഈ വിഷയത്തിൽ എന്നോട് നേരിട്ടാരും പരാതി പറഞ്ഞിട്ടില്ല. ഐസിസി മീറ്റിംഗിനു ശേഷം നിങ്ങൾക്കിത് വിൻസിയോടും ചോദിക്കാം.
ഈ വിവാദത്തിലൊന്നും ഞാൻ ഉൾപ്പെട്ടിട്ടില്ല. സെറ്റിൽ നടന്ന പ്രശ്നങ്ങളെക്കുറിച്ചും അറിയില്ല. പക്ഷേ എന്റെ സിനിമയെ ഇത് വലിയ രീതിയിൽ ബാധിച്ചു. മലയാളത്തിലെ സിനിമാ മേക്കിങ് ഇഷ്ടപ്പെട്ടതുകൊണ്ട് ഇവിടെ വന്നതാണ്. ഒരുപാട് സിനിമകൾ നിർമിക്കണമെന്ന് ആഗ്രഹിച്ചു.
പക്ഷേ ആദ്യ സിനിമ കൊണ്ട് ഞാൻ നേരിടേണ്ടി വരുന്നത് വലിയ വെല്ലുവിളികളാണ്. എന്തു ചെയ്യണമെന്നറിയില്ല, നന്നായി ഉറങ്ങിയിട്ട് മൂന്ന് നാല് ദിവസമായി. വലിയ മാനസിക സമ്മർദത്തിലാണ് ഇപ്പോഴുള്ളത്.
ഈ പ്രശ്നം സിനിമയ്ക്കു പുറത്തായിരിക്കണമെന്നും ഇതു സിനിമയെ നെഗറ്റിവ് ആയി ബാധിക്കരുതെന്നും ആഗ്രഹമുണ്ടായിരുന്നു. പക്ഷേ സിനിമയെ ഈ വിഷയം കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഈസ്റ്റർ സ്പെഷൽ പോസ്റ്റർ പുറത്തിറക്കിയിരുന്നു. വിൻസിയോ ഷൈൻ ടോമോ അതു പങ്കുവച്ചിട്ടില്ല. അവർ പ്രമോട്ടും ചെയ്യുന്നില്ല. ആ പോസ്റ്റർ നൂറ് പേരിലേക്കുപോലും എത്തിയിട്ടില്ല. പുതിയ പോസ്റ്ററുകളൊന്നും അവർ കൊളാബ് ചെയ്യുന്നില്ല. വേണമെങ്കില്‍ വിൻ സിയുടെയും ഷൈനിന്റെയും വീട്ടിൽപോയി നേരിട്ടു ചെന്ന് കാര്യങ്ങൾ ചർച്ച ചെയ്യാം. സിനിമയ്ക്കു നല്ലതു വരണം.
ഇതുവളരെ നെഗറ്റിവ് ആയാണ് പൊയ്ക്കൊണ്ടിരിക്കുന്നത്. വിതരണക്കാർ ഈ സിനിമ എടുക്കില്ലെന്നും പ്രേക്ഷകർ തിയറ്ററുകളിലേക്ക് വരില്ലെന്നുമൊക്കെ പലരും ഫോൺ വിളിച്ചു പറയുന്നുണ്ട്. ഞാനിപ്പോൾ എന്റെ സിനിമയ്ക്കുവേണ്ടി പോരാടുകയാണ്. പ്രേക്ഷകർ എന്റെ സിനിമ കാണാൻ തിയറ്ററുകളിലേക്ക് വരണമെന്ന് അപേക്ഷിക്കുന്നു. വിതരണക്കാരും തിയറ്റർ ഉടമകളും ചിത്രം തിയറ്ററുകളിലെത്താൻ സഹായിക്കണം.
നിർമാതാക്കളും താരങ്ങളും എന്നെ പിന്തുണയ്ക്കണം. സിനിമയ്ക്കൊപ്പം നിന്ന ഉണ്ണി മുകുന്ദനോടും നന്ദിയുണ്ട്. സൂത്രവാക്യം സിനിമയെ രക്ഷിക്കുക.’’ശ്രീകാന്ത് കന്ദ്രഗുല പറഞ്ഞു.
ആന്ധ്രപ്രദേശില്‍ നിന്നുള്ള നടനും സംവിധായകനും നിര്‍മാതാവുമാണ് ശ്രീകാന്ത്. തെലുങ്കിലെ പ്രമുഖ നിർമാണ കമ്പനികളിൽ ഒന്നായ സിനിമാബണ്ടി പ്രൊഡക്ഷൻസിന്റെ ഉടമയാണ്. യൂജിൻ ജോസ് ചിറമേൽ സംവിധാനം ചെയ്യുന്ന ‘സൂത്രവാക്യം’ ശ്രീകാന്ത് മലയാളത്തിൽ ആദ്യമായി നിർമിക്കുന്ന ചിത്രമാണ്.