വിവാദ അഭിമുഖം; ഒടുവില്‍ മലക്കം മറിഞ്ഞ് നടി മാല പാര്‍വതി
Monday, April 21, 2025 11:56 AM IST
അഭിമുഖത്തില്‍ ഉന്നയിച്ച കാര്യങ്ങള്‍ വിവാദമായതോടെ ഒടുവില്‍ മലക്കം മറിഞ്ഞ് നടി മാല പാര്‍വതി. വിവാദ അഭിമുഖത്തില്‍ വിശദീകരണവുമായി അവര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ദുരനുഭവങ്ങള്‍ നേരിട്ടാല്‍ അപ്പോള്‍ തന്നെ പ്രതികരിക്കണമെന്നാണ് താന്‍ ചൂണ്ടികാട്ടിയതെന്നും അതിനുശേഷം വേണം ഇന്റേണേല് കമ്മിറ്റിയെ അടക്കം സമീപിക്കാനെന്നും മാല പാര്‍വതി സ്വകാര്യ ചാനലിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
നടി വിന്‍സി അലോഷ്യസ് നടന് ഷൈന്‍ ടോം ചാക്കോക്കെതിരേ നല്കിയ പരാതിയുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിന് യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു വിവാദ പരാമര്‍ശം.
സിനിമ രംഗത്തെ മോശം അനുഭവങ്ങള്‍ മിടുക്കോടെ മാനേജ് ചെയ്യാന്‍ നടിമാര്‍ക്ക് സ്കില്‍ വേണമെന്നായിരുന്നു മാല പാര്‍വതി അഭിമുഖത്തില്‍ പറഞ്ഞത്. ഇതിലാണ് വിശദീകരണവുമായി നടി ഇപ്പോള്‍ രംഗത്തെത്തിയത്. ദുരനുഭവങ്ങള്‍ നേരിട്ടാല്‍ നടിമാര്‍ ഉടന്‍ പ്രതികരിക്കണം എന്നാണ് ഉദ്ദേശിച്ചത്. സെറ്റില്‍ നേരിട്ട അപമാനം വിന്‍സി മനസില്‍ കൊണ്ട് നടക്കാതെ അപ്പോള്‍ തന്നെ പ്രതികരിക്കണമായിരുന്നു എന്നും മാല പാര്‍വതി പറഞ്ഞു.
പെണ്പിള്ളേര് ഇത്തരം കാര്യങ്ങളില്‍ എന്തിനാണ് പേടിക്കുന്നത്?. താന്‍ ഉദ്ദേശിക്കാത്ത കാര്യങ്ങളാണ് തനിക്കെതിരെ പറയുന്നത്. സ്വപ്നത്തില്‍ പോലും താന്‍ ചിന്തിക്കാത്ത കാര്യങ്ങളാണ് ഇപ്പോള്‍ പറയുന്നത്. പൊതുമധ്യത്തില്‍ താന്‍ അപമാനം നേരിട്ടെന്നാണ് വിന്‍സി പറഞ്ഞത്. അന്ന് ആ സംഭവം നടന്നപ്പോള്‍ തന്നെ പ്രതികരിക്കണമായിരുന്നു. സെറ്റില്‍ ഉണ്ടായിരുന്നവര്‍ ഉറപ്പായും വിന്‍സിയെ പിന്തുണച്ചേനെ എന്നും മാലാ പാര്‍വതി പറഞ്ഞു.
അതേസമയം, സിനിമാ മേഖലയിലെ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് പരാതിപ്പെട്ടവര്ക്കെതിരേ മാലാ പാര്‍വതിയുടെ പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി നിരവധിപ്പേരാണ് രംഗത്തെത്തിയത്. പലരും കളിതമാശ പോലും മനസിലാകാത്തവരാണെന്നും ലൈംഗികാതിക്രമങ്ങള്‍ വലിയ വിഷയമായി മനസില്‍ കൊണ്ടുനടക്കേണ്ടതുണ്ടോയെന്നുമായിരുന്നു മാലാ പാര്‍വതി യുട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ പ്രതികരിച്ചത്. 'ഇതൊക്കെ മാനേജ് ചെയ്യാന്‍ സ്ത്രീകള്‍ പഠിക്കണം.
സിനിമയില്‍ നോക്കിയേ, ഒരു കളിതമാശ പോലും മനസിലാകാത്തവരാണ്. ഇന്നാളാരോ പറയുന്നതുകേട്ടു ബ്ലൗസൊന്ന് ശരിയാക്കണം, ഞാനങ്ങോട്ട് വരട്ടേയെന്ന് ചോദിച്ചപ്പോള്‍ ഭയങ്കര സ്ട്രെസായിപ്പോയി, എല്ലാമങ്ങ് തകര്‍ന്നുപോയി. പോടായെന്ന് പറഞ്ഞാല്‍ പോരെ. പോടായെന്ന് പറഞ്ഞാല്‍ തീരാവുന്ന കാര്യമല്ലേ. അതൊക്കെ മനസില്‍ കൊണ്ടുനടക്കേണ്ട കാര്യമുണ്ടോ? അങ്ങനെയെങ്കില്‍ സ്ത്രീകള്‍ക്ക് ഒരിക്കലും ഈ മേഖലയിലൊന്നും നില്‍ക്കാനേ സാധിക്കില്ല.
സ്ത്രീകള്‍ ജോലി ചെയ്യുമ്പോള്‍ സ്ത്രീകളുടെ പ്രത്യേകതവച്ച് ആള്ക്കാര് വന്നിട്ട്, കൂടെ വരുമോ, കിടക്കുമോ അവിടെ വരുമോ ഇവിടെ വരുമോ എന്നെല്ലാം ചോദിക്കും. ഇത് മാനേജ് ചെയ്യാന്‍ പഠിക്കേണ്ട സ്കില്‍ ആണ്', എന്നായിരുന്നു മാലാ പാര്‍വതിയുടെ പരാമര്‍ശം. ലൈംഗികാതിക്രമങ്ങളോട് വഴക്കല്ലാതെ, കളി തമാശയായി പ്രതികരിക്കാമെന്നും മാലാ പാര്‍വതി പറഞ്ഞു.