ഇങ്ങനെ ഇടയ്ക്കിടെ ചത്താൽ എന്തുചെയ്യുമെന്ന് കൂട്ടുകാർ; വ്യാജവാർത്തയിൽ പ്രതികരിച്ച് ജി. വേണുഗോപാൽ
Monday, April 21, 2025 11:43 AM IST
അർബുദത്തെ തുടർന്ന് താൻ മരണമടഞ്ഞുവെന്ന വ്യാജവാർത്തയിൽ പ്രതികരിച്ച് ഗായകൻ ജി. വേണുഗോപാൽ. പരിഹാസം നിറച്ച കുറിപ്പോടൊയാണ് നടന്റെ മറുപടി. നിര്യാതനായി എന്ന വ്യാജവാർത്തയുടെ സ്ക്രീൻഷോട്ടും ഗായകൻ പങ്കുവച്ചിട്ടുണ്ട്.
ഒരു വർഷത്തിനുള്ളിൽ രണ്ടാം പ്രാവശ്യവും മരണം തേടിയെത്തിയ വ്യക്തിയായി താൻ മാറിയെന്നും ഇനി ഉടനെയൊന്നും മരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും പരിഹാസരൂപേണ കുറിപ്പിൽ പറയുന്നുണ്ട്.
കുറിപ്പിന്റെ പൂർണരൂപം
""അങ്ങനെ ഒരു വർഷത്തിനുള്ളിൽ രണ്ടാം പ്രാവശ്യവും മരണം തേടിയെത്തിയ ഭാഗ്യവാനായിരിക്കുന്നു ഈ ഞാൻ. ഇപ്പോൾ, കാഷ്മീരിലെ സോൻമാർഗ്, ഗുൽമാർഗ്, പെഹൽഗാം എന്നിവിടങ്ങളിൽ ട്രെക്കിംഗും, മഞ്ഞ് മലകയറ്റവും എല്ലാം കഴിഞ്ഞ് ശ്രീനഗറിൽ ഭാര്യയുമൊത്ത് തിരിച്ചെത്തിയപ്പോഴാണ് ഈയൊരു വാർത്ത കേട്ടത്.
എന്റെ മോഡൽ സ്കൂൾ ഗ്രൂപ്പിലെ സുഹൃത്തുക്കൾ 'ഇങ്ങനെ നീ ഇടയ്ക്കിടയ്ക്ക് ചത്താൽ ഞങ്ങളെന്തോന്ന് ചെയ്യുമെടേയ്' എന്ന ശീർഷകത്തോടെ അയച്ച് തന്നതാണിത്.
ഇനി ഞാൻ ഉടനെയൊന്നും മരിക്കാൻ ഉദ്ദേശിക്കുന്നില്ല എന്നൊരു പത്ര സമ്മേളനം നടത്തണോ എന്ന് നിങ്ങൾ ഉപദേശിക്കണേ..''