ഡിയർ ലാലേട്ടാ....മെസി എഴുതി; മോഹൻലാലിനായി ഓട്ടോഗ്രാഫെഴുതി മെസി
Monday, April 21, 2025 9:34 AM IST
മോഹൻലാലിനായി സ്വന്തം കൈപ്പടയിൽ ഓട്ടോഗ്രാഫെഴുതി സൂപ്പർതാരം ലെയണൽ മെസി. മോഹൻലാൽ തന്നെയാണ് ഈ സന്തോഷം ആരാധകരുമായി പങ്കുവച്ചത്.
‘പ്രിയപ്പെട്ട ലാലേട്ടന്’ എന്നെഴുതിയാണ് മെസി ഓട്ടോഗ്രാഫ് ഒപ്പിട്ടത്. മോഹൻലാലിന്റെ ഏറ്റവും പ്രിയപ്പെട്ട ഫുട്ബോളറാണ് അർജന്റീന താരം മെസി. താരത്തിന്റെ സുഹൃത്തുക്കളായ രാജീവ് മാങ്ങോട്ടിലും രാജേഷ് ഫിലിപ്പുമാണ് ഈ നിമിഷം സാധ്യമാകാനായി പ്രയത്നിച്ചത്.
‘‘ജീവിതത്തിലെ ചില നിമിഷങ്ങൾ വാക്കുകൾ കൊണ്ട് പറയാൻ പറ്റാത്തത്ര ആഴമുള്ളതാണ്. അവ എന്നെന്നും നിങ്ങളോടൊപ്പം നിലനിൽക്കും. ഇന്ന്, ആ നിമിഷങ്ങളിൽ ഒന്ന് ഞാൻ അനുഭവിച്ചു. സമ്മാനപ്പൊതി അഴിക്കുമ്പോൾ, എന്റെ ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു ഇതിഹാസം, ലയണൽ മെസി ഒപ്പിട്ട ഒരു ജഴ്സി. അതാ... എന്റെ പേര്, അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയിൽ എഴുതിയിരിക്കുന്നു.
മെസിയെ വളരെക്കാലമായി ആരാധിക്കുന്ന ഒരാൾക്ക്, കളിക്കളത്തിലെ അദ്ദേഹത്തിന്റെ മികവിന് മാത്രമല്ല, എളിമയ്ക്കും സഹാനുഭൂതിക്കും, ഇത് ശരിക്കും സവിശേഷമായിരുന്നു. ഡോ. രാജീവ് മാങ്ങോട്ടിൽ, രാജേഷ് ഫിലിപ്പ് എന്നീ രണ്ട് പ്രിയ സുഹൃത്തുക്കളില്ലാതെ അവിശ്വസനീയ നിമിഷം സാധ്യമാകുമായിരുന്നില്ല. എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി.’’മോഹൻലാലിന്റെ വാക്കുകൾ.
സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവം സിനിമയുടെ സെറ്റിലെത്തിയാണ് ജഴ്സി ഇവർ മോഹൻലാലിനു കൈമാറിയത്.